ജമ്മുകാശ്മീരിലെ കാർഗിൽ ജില്ല. ശ്രീനഗറിൽനിന്ന് ഏകദേശം 205 കിലോമീറ്റർ അകലെ, ശൈത്യകാലത്ത് മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശം. കുന്നുകൾ നിറഞ്ഞ, ഗതാഗത സൗകര്യങ്ങൾ പോലും വളരെ പരിമിതമായിരുന്ന ദുർഘടമായ പ്രദേശം. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഏറ്റവും പ്രാധാന്യമുള്ള സൈനികകേന്ദ്രങ്ങളും ഇവിടെത്തന്നെ. കാർഗിൽ ഒരു വിജയഗാഥ മാത്രമല്ല. അനുഭവഗാഥ കൂടിയാണ്. തക്കംപാർത്തിരുന്നവരെ തുരത്തിയോടിച്ചതിന്റെ അനുഭവപാഠഗാഥ. ആയിരത്തൊന്ന് രാവുകൾ കൊണ്ടുപോലും പറഞ്ഞുതീരാത്ത ഇന്ത്യൻ ദൃഢനിശ്ചയത്തിന്റെ ഗാഥ.
പതിയിരുന്നവർ രംഗത്ത്
ശൈത്യകാലത്ത്, ഇരുരാജ്യങ്ങളും കാർഗിലിലെ തങ്ങളുടെ സൈനികകേന്ദ്രങ്ങൾ ഉപേക്ഷിക്കുകയും പിന്നീട് വസന്തകാലത്തോടെ അവയിൽ തിരിച്ചെത്തുകയുമായിരുന്നു പതിവ്. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാവുന്നതും ഭക്ഷണസാധനങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റും മൂലം അതിശൈത്യത്തിൽ അധിവാസം വളരെയധികം ദുഷ്കരമാകുന്നതാണ് ഇതിനു കാരണം. എന്നാൽ തണുപ്പ് കുറയുന്നതോടെ ഇരു രാജ്യങ്ങളുടെയും സൈനികർ തിരികെയെത്തുകയും ചെയ്യും. എന്നാൽ, 1999ലെ മേയ് മാസത്തിൽ പാകിസ്ഥാൻ ആ പതിവ് തെറ്റിച്ചു. നിശ്ചയിച്ചിരുന്ന സമയത്തിനും മുമ്പ് തന്നെ അവർ കാർഗിലിലെ സൈനികകേന്ദ്രങ്ങളിലെത്തി. കാശ്മീരിലെ ഒളിപ്പോരാളികളുടെയും അഫ്ഗാൻ കൂലിപ്പടയാളികളുടെയും പിന്തുണയോടെ പൂർണമായും ശൈത്യത്താൽ ഒഴിവാക്കിയിരുന്ന, ഇന്ത്യൻ പ്രദേശത്തിനു മേൽക്കൈ നൽകിയിരുന്ന പട്ടാളകേന്ദ്രങ്ങൾ രഹസ്യമായി പിടിച്ചെടുക്കുകയും അവർ അവരുടേതായ യുദ്ധസജ്ജീകരണങ്ങൾ ചെയ്ത് താവളമാക്കി മാറ്റുകയും ചെയ്തു. നിയന്ത്രണരേഖയ്ക്ക് ദൂരെനിന്ന് ചെറിയ പീരങ്കികൾ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും വെടിവയ്ക്കുക പതിവാണ്. എന്നാൽ, ഈ സമയത്ത് പാക് നിയന്ത്രണ കാശ്മീരിലെ പട്ടാളക്കാർ പതിവിലുമേറെ വീര്യത്തിൽ പീരങ്കി വെടിയുതിർത്ത് പുകമറ സൃഷ്ടിച്ചു. അയൽരാജ്യത്തേക്കുള്ള സഞ്ചാരപാത ഒളിവിലൂടെ എളുപ്പമാക്കാനുള്ള കുറുക്കു വഴികളായിരുന്നു അത്.
ആട്ടിടയർ പറഞ്ഞു,സൈന്യമിറങ്ങി
1999 മേയ് മൂന്ന്. കാർഗിലിലെ നിയന്ത്രണരേഖയ്ക്കടുത്ത് ആടുമേയ്ക്കാനിറങ്ങിയവർക്ക് അസാധാരണമായതെന്തോ മണത്തു. ദിവസവും അവിടത്തെ കുന്നുകളിലും പുൽമേടുകളിലും കയറിയിറങ്ങുന്നവർ ശത്രുവിന്റെ സാന്നിദ്ധ്യം അതിവേഗം തിരിച്ചറിഞ്ഞു. അവർ അടുത്തുള്ള ഇന്ത്യൻ സൈനിക കേന്ദ്രത്തിൽ വിവരമറിയിച്ചു. മേയ് രണ്ടാമത്തെ ആഴ്ച ക്യാപ്ടൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം സ്ഥലത്തേക്ക് പോയി. പക്ഷേ അവർ പിന്നീട് മടങ്ങി വന്നില്ല. പതിയെയാണ് നൂറുകണക്കിന് പാക് പട്ടാളക്കാർ ഭീകരർക്കൊപ്പം അതിർത്തിയിലെ പലയിടങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ പട്ടാളം മനസിലാക്കിയത്.
ഓപ്പറേഷൻ വിജയ്
രണ്ടുലക്ഷത്തോളം സൈനികരാണ് പിന്നീട് നടന്ന യുദ്ധത്തിന്റെ ഭാഗമായത്. 30,000 പേർ നേരിട്ട് യുദ്ധത്തിൽ പങ്കെടുത്തു. അർദ്ധസൈനിക വിഭാഗങ്ങളും പ്രത്യേക സൈനിക വിഭാഗങ്ങളും വ്യോമസേനയും യുദ്ധത്തിൽ പങ്കാളികളായി. ഇന്ത്യ പ്രതീക്ഷിച്ചതിലും കരുത്തരായിരുന്നു നുഴഞ്ഞുകയറ്റക്കാർ. തന്ത്രപ്രധാനമായ ഉയരമുള്ള മേഖലകളിൽ നിലയുറപ്പിക്കാനായത് അവരുടെ ശക്തി വർദ്ധിപ്പിച്ചു. എന്നാൽ, തുടർച്ചയായ പോരാട്ടങ്ങളിലൂടെ കാർഗിലിലെ ഏറ്റവും ഉയർന്ന പ്രദേശം ഇന്ത്യ കൈയടക്കി. തന്ത്രപ്രധാനമായ തോലോലിംഗ്, ടൈഗർ ഹിൽ തുടങ്ങിയവയൊക്കെ ഇന്ത്യൻ സേന നിയന്ത്രണത്തിലാക്കി. എന്നാൽ, ഈ നീക്കങ്ങളൊന്നും എളുപ്പമായിരുന്നില്ല. മലയാളികളടക്കം നൂറകണക്കിന് പട്ടാളക്കാരുടെ ജീവൻ പലയിടങ്ങളിലായി ചിതറപ്പെട്ടു.
പോരാട്ടത്തിന്റെ അവസാനമണിക്കൂറുകൾ
പോരാട്ടത്തിന്റെ അവസാനഘട്ടം ജൂലായ് മൂന്നിന് വെളുപ്പിന് 5.15 ന് ആരംഭിച്ചു. ഇന്ത്യ ശക്തമായ പീരങ്കി ആക്രമണം നടത്തി. 7.30 ന് പാക് ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായി. ഇന്ത്യ ആക്രമണം തുടർന്നു. ഉച്ചയോടെ ഇന്ത്യൻ സൈനികർ മലമുകളിലെത്താറായപ്പോൾ ഇന്ത്യ ആക്രമണം നിറുത്തിവച്ചു.
ജൂലായ് നാലിന് വെളുപ്പിന് ഇന്ത്യൻ സൈനികർ ടൈഗർഹില്ലിന് മുകളിലെത്തി. രാവിലെ ഏഴുമണിയോടെ സൈനികരുടെ സന്ദേശമെത്തി- ടൈഗർ ഹിൽ പിടിച്ചു. ജൂലായ് 26ന് ഇന്ത്യൻ കരസേന പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാർക്ക് മേൽ സമ്പൂർണ വിജയം പ്രഖ്യാപിച്ചതോടെ യുദ്ധത്തിന് ഔദ്യോഗിക വിരാമമായി.