ക്ഷേത്രങ്ങൾക്ക് നൂറ്റാണ്ടിന്റെ കഥകളും ഐതിഹ്യങ്ങളും പറയാനുണ്ടാകും. ഏറെ അത്ഭുതങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്നതുമാണ് ചില ക്ഷേത്രങ്ങൾ. ഗോപുരത്തിന് മുകളിൽ പക്ഷികൾ പറക്കാത്ത ഒരു ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനൊരു ക്ഷേത്രമുണ്ട് ഇന്ത്യയിൽത്തന്നെ. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രമാണിത്. ഒരിക്കലും അവസാനിക്കാത്ത അത്ഭുതങ്ങളുടെ ഒരു കൂടാരം തന്നെയാണ് പുരി ജഗനാഥ ക്ഷേത്രം. പ്രകൃതിയുടെ അലിഖിത നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇവിടുത്തേത്.
ആകാശത്തിലൂടെ പറക്കുന്ന പക്ഷികൾക്കു പോലും ക്ഷേത്രത്തെ തൊട്ടുപറക്കില്ല. ക്ഷേത്രത്തിനു മുകളിലൂടെ പറക്കുവാൻ യാതൊരു വിധ തടസങ്ങളും ഇല്ലെങ്കിൽ പോലും അവ അതുവഴി പറക്കാറില്ല. ക്ഷേത്രത്തിന്റെ സമീപമെത്തിയാൽ ഈ പക്ഷികൾ പ്രധാന ഗോപുരത്തിനു മുകളിലൂടെ പറക്കാതെ സമീപത്തുകൂടി താഴ്ന്നു പറക്കും.
മറ്റൊരത്ഭുതമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ കാണുന്ന ക്ഷേത്ര കൊടിമരത്തിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന പതാക. ഈ കൊടി പറക്കുക കാറ്റിന്റെ എതിർദിശയിലാണ്. എത്രവലിയ കാറ്റുണ്ടായാൽ പോലും ഇതിൽ മാറ്റം വരില്ല എന്നതും ശ്രദ്ധേയമാണ്.
മൂന്ന് വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. ജഗന്നാഥൻ അഥവാ കൃഷ്ണൻ, സഹോദരനായ ബലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങളാണിവ. ബലഭദ്രന്റെ വിഗ്രഹം ആറടി ഉയരമുള്ളതും വെളുത്ത ചായം പൂശിയതുമാണ്. സുഭദ്രയുടേത് നാലടി ഉയരവും മഞ്ഞ നിറത്തിലുള്ളതുമാണ്. ജഗന്നാഥന്റെ വിഗ്രഹം അഞ്ചടി ഉയരവും കറുത്ത നിറത്തിലുള്ളതുമാണ്. എല്ലാ വിഗ്രഹങ്ങളും മരത്തിൽ തീർത്തതും നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചവയുമാണ്.
ഐതിഹ്യം
ഇന്ദ്രദ്യുമ്നരാജാവ് വിഷ്ണുവിനെത്തേടി ബ്രാഹ്മണരെ പല ദിക്കുകളിലേക്കയച്ചു. ഒരു ബ്രാഹ്മണനു മുൻപിൽ ജഗന്നാഥൻ അഥവാ വിഷ്ണു ഒരു നീലരത്നത്തിന്റെ രൂപത്തിൽ പ്രത്യക്ഷമായി. സന്തോഷവാനായ ബ്രാഹ്മണൻ ഈ വിവരം രാജാവിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, രാജാവ് ഈ സ്ഥലത്തെത്തിയപ്പോഴേക്കും വിഷ്ണുവിനെ കാണാനുണ്ടായിരുന്നില്ല. ഇതിൽ അസന്തുഷ്ടനായ രാജാവ് പ്രാർത്ഥനാനിരതനാകുകയും തുടർന്ന് അദ്ദേഹത്തിന് അശരീരി കേൾക്കുകയും ചെയ്തു.
വിഷ്ണു അദ്ദേഹത്തിനു മുന്നിൽ നീലക്കല്ലിന്റെ രൂപത്തിലല്ല മറിച്ച് ചില അടയാളങ്ങളുള്ള ഒരു മരത്തടിയുടെ രൂപത്തിലാണ് പ്രത്യക്ഷമാകുക എന്നായിരുന്നു അത്. ഇങ്ങനെ വെള്ളപ്പൊക്കത്തിൽ അദ്ദേഹത്തിന് ഈ വിധമുള്ള ഒരു മരത്തടി ലഭിക്കുകയും, ഇന്ന് ജഗന്നാഥക്ഷേത്രം നിലനിൽക്കുന്നയിടത്ത് ഈ തടി കൊണ്ടു വരുകയും ചെയ്തു.
ഈ തടിയിൽ ജഗന്നാഥന്റെ വിഗ്രഹം തീർക്കുന്നതിനായി ഇന്ദ്രദ്യുമ്നരാജാവ് തച്ചന്മാരെ വിളിച്ചുവരുത്തി. എന്നാൽ ഈ തച്ചന്മാരുടെ ഉളികൾക്ക് മരത്തടിയെ ഭേദിക്കാനായില്ല. തുടർന്ന് വിഷ്ണു തന്നെ ഒരു തച്ചന്റെ വേഷത്തിൽ വന്നു എന്നും ഈ മരത്തടിയുമായി ഒരു മുറിയിൽ കയറുകയും ചെയ്തു. തുടർന്ന് പതിനഞ്ചു ദിവസം കഴിഞ്ഞ് മുറി തുടന്നു നോക്കിയപ്പോൾ തച്ചൻ അപ്രത്യക്ഷനായിരിക്കുന്നു എന്നും മരത്തടിയുടെ സ്ഥാനത്ത് മൂന്നു വിഗ്രഹങ്ങളും (ജഗന്നാഥന്റേയും, ബലഭദ്രന്റേയും സുഭദ്രയുടേയും) കാണപ്പെട്ടു. അങ്ങനെ പുരിയിലെ വിഗ്രഹങ്ങൾ വിഷ്ണു തന്നെ നേരിട്ടു നിർമ്മിച്ചു എന്നു വിശ്വസിക്കുന്നു എന്നുമാണ് ഐതിഹ്യം.
കാവാലായി ഘോരസർപ്പങ്ങൾ
പുരിയിലെ രത്ന ശേഖരം സൂക്ഷിച്ചിരിക്കുന്ന ഒരു പേടകമുണ്ടിവിടെ. പാമ്പുകൾ പേടകത്തിന് ചുറ്റും കാവൽ നിൽക്കുന്നു എന്നാണ് വിശ്വാസം. 1984 ലാണ് ഈ പേടകം അവസാനമായി തുറന്നത്. പുരി ജഗനാഥ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ രഥോത്സവമാണ്. ജൂൺ അല്ലെങ്കിൽ ജൂലായ് മാസത്തിൽ നടക്കുന്ന രഥോത്സത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.