ഫോൺ നൽകുന്ന സൗകര്യവും, അതിലെ സ്പെസിഫിക്കേഷനും കൃത്യമായി നോക്കി തന്നെയാണ് എല്ലാവരും സ്മാർട്ട്ഫോണുകൾ വാങ്ങിക്കാറുള്ളത്. എന്നാൽ പലപ്പോഴും ശ്രദ്ധ കിട്ടാതെ പോകുന്ന ഒരു കാര്യമുണ്ട്. കൈയിലുള്ള ഫോൺ പുറപ്പെടുവിക്കുന്ന റേഡിയേഷൻ. ഇന്ത്യയിൽ ലഭ്യമാകുന്ന പല സ്മാർട്ട്ഫോണുകളും ഇത്തരത്തിലുള്ള റേഡിയേഷൻ പുറപ്പെടുവിക്കുന്നുണ്ട്. ഫോണിന്റെ എസ്.എ.ആർ വാല്യൂ(സ്പെസിഫിക് അബ്സോർബ്ഷൻ റേറ്റ്) അനുസരിച്ചാണ് ഇതിലെ റേഡിയേഷന്റെ തോത് അറിയാൻ കഴിയുക. മനുഷ്യ ശരീരം വലിച്ചെടുക്കുന്ന റേഡിയേഷൻ കിരണങ്ങളുടെ കണക്കാണ് എസ്.എ.ആർ വാല്യൂ. ഇന്ത്യയിലും അമേരിക്കയിലും ഇതിന്റെ അനുവദനീയമായ തോത് 1.60 വാട്ട്/കിലോഗ്രാം ആണ്. ഈ കണക്ക് പല ഫോണിലും പല തരത്തിലാണ്.
സാധാരണ ഫോണുകളിൽ മാത്രമല്ല, വില കൂട്ടിയ പ്രീമിയം ഫോണുകളിലും ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷന്റെ തോത് വളരെ കൂടുതലാണ് എന്ന വിവരം ഞെട്ടിക്കുന്നതാണ്. ഷവോമിയുടെ 'മി എ വൺ' ആണ് ഏറ്റവും കൂടുതൽ റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഫോൺ. 1.75 വാട്ട്/കിലോഗ്രാം ആണ് ഈ ഫോൺ പുറപ്പെടുവിക്കുന്ന റേഡിയേഷന്റെ തോത്. അതായത് അനുവദനീയമായ അളവിലും മുകളിൽ. മി എ വണ്ണിന്റെ തൊട്ട് പിറകിൽ നിൽക്കുന്നത് വൺ പ്ലസിന്റെ '5 ടി'യാണ്. 1.58 വാട്ട്/കിലോഗ്രാം ആണ് ഈ ഫോൺ പുറപ്പെടുവിക്കുന്ന റേഡിയേഷന്റെ കണക്ക്. ഷവോമി മി മാക്സ് 3യിലും ഇതിന്റെ അളവ് വളരെ കൂടുതലാണ്. 1.55 വാട്ട്/കിലോഗ്രാം.
ഷവോമിയുടെ ഫോണുകളിൽ ഇക്കാര്യത്തിൽ അൽപ്പമെങ്കിലും ഭേദം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോണുകളിലൊന്നായ റെഡ്മി നോട്ട് 5 പ്രോയാണ്. 1.18 ആണ് ആണ് ഇതിലെ എസ്.എ.ആർ വാല്യൂവിന്റെ നില. വില കൂടിയ ഫോണുകൾ കൈയിൽ ഉള്ളവർക്കും ആശ്വസിക്കാൻ വകയില്ല. ആപ്പിൾ, എച്ച്.ടി.സി എന്നീ കമ്പനികളുടെ ഏതാനും ഫോണുകളിലും റേഡിയേഷൻ കൂടുതൽ തന്നെയാണ്. എന്നാൽ സാംസങ്ങിന്റെ ഫോണുകളിൽ റേഡിയേഷൻ താരതമ്യേന കുറവാണ്. സ്മാർട്ട്ഫോണുകൾ കൈയിൽ വയ്ക്കുന്നവർക്ക് മാത്രമാണ് ഈ പ്രശ്‌നം എന്ന് കരുതരുത്. നോക്കിയ ഉൾപ്പെടെയുള്ള കമ്പനികളുടെ ബേസിക് ഫോണുകളിൽ സ്മാർട്ട്ഫോണുകളെക്കാൾ റേഡിയേഷൻ കൂടുതലാണ്. ഒരിക്കലും ഫോൺ പുറപ്പെടുവിക്കുന്ന റേഡിയേഷനെ അങ്ങനെ തള്ളിക്കളയരുത്. ഉറക്കമില്ലായ്മ, തലവേദന, എല്ലുകളുടെ ബലക്ഷയം, വന്ധ്യത എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ തുടങ്ങി തലച്ചോറിലെ ക്യാൻസർ വരെ ഫോണിൽ നിന്നുമുള്ള റേഡിയേഷൻ മൂലം ഉണ്ടാകാം.