rakhi-murder

തിരുവനന്തപുരം: അമ്പൂരിയിൽ സൈനികനുൾപ്പെട്ട സംഘം യുവതിയെ കൊലപ്പെടുത്തിയത് തികഞ്ഞ ആസുത്രണത്തോടെയായിരുന്നു. പൂവാർ പുത്തൻകട ജോയി സദനത്തിൽ രാജന്റെ (മോഹൻ) മകൾ രാഖിമോളെ കൊലപ്പെടുത്തി (30) അമ്പൂരി തട്ടാംമുക്കിൽ അഖിലേഷ് നായരുടെ വീടിന്റെ പിന്നിൽ കുഴിച്ചുമൂടിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് ഒരു മാസത്തിന് ശേഷമാണ്. മകളെ കാണാനില്ലെന്ന പരാതി പൊലീസിലെത്തിയത് ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ്. എന്നാൽ പെൺകുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞയുടൻ ശാസ്ത്രീയമായ തെളിവുകൾ പിന്തുടർന്ന് നടത്തിയ പൊലീസ് അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. രാഖിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ വെള്ളറടയിൽ അഖിലേഷിന്റെ വീടിന് സമീപമാണ് കാണിച്ചത്. തുടർന്ന് രാഖിയുടെ കാമുകനായിരുന്ന അക്കുവെന്ന അഖിലേഷിനെപ്പറ്റി വീട്ടുകാരിൽ നിന്ന് വിവരം ലഭിച്ച പൊലീസ് ഇയാളുടെ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചു. സംഭവ ദിവസം രാഖിയെ അഖിലേഷ് വിളിച്ചതായും ആദർശുമായി സംഭവ ദിവസവും ശേഷവും തുടർച്ചയായി വിളിച്ചിരിക്കുന്നതായും കണ്ടെത്തി.


തുടർന്നാണ് കേസിലെ മുഖ്യ പ്രതിയായ അഖിലേഷിന്റെ അയൽവാസിയും സുഹൃത്തുമായ ആദർശിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തതോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകരഹസ്യങ്ങൾ പുറത്തായത്. രാഖിയുടെ ഫോൺ രേഖകളും നിർണായകമായ തെളിവായി പൊലീസിനെ കേസന്വേഷണത്തിൽ അഖിലിലേക്ക് എത്തിച്ചു.

അഖിലേഷിന്റെ വിവാഹം തെറ്റിക്കാൻ രാഖിമോൾ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ഇക്കഴിഞ്ഞ ജൂൺ21ന് രാഖിമോളെ ഫോണിൽ വിളിച്ച് താൻ കാറുമായി വരുന്നുണ്ടെന്നും അത്യാവശ്യമായി കാണണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വീട്ടിൽ നിന്നിറങ്ങിയ രാഖിമോളെ വഴിയിൽ നിന്ന് കാറിൽ കയറ്റിയ അഖിലേഷും സഹോദരൻ രാഹുലും ഇവരുടെ സുഹൃത്തായ ആദർശും ചേർന്ന് വെള്ളറടയിലേക്ക് പോയി. സന്ധ്യയ്ക്ക് 7മണിയോടെ നിർമ്മാണം നടന്നുകൊണ്ടിരുന്ന തട്ടാമുക്കിലെ വീടിന് സമീപത്തെ റോഡിൽ കാർ നിർത്തി. കാറിൽ വച്ച് വിവാഹം തെറ്റിക്കാൻ ശ്രമിച്ചതിനെ ചൊല്ലി രാഖിയുമായി വഴക്കുണ്ടാക്കിയ അഖിലേഷ് സഹോദരൻ രാഹുലുമായി ചേർന്ന് രാഖിമോളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് ആദർശ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.രാഖിയുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ കാർ സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ നൽകി റെയ്സ്സ് ചെയ്തുകൊണ്ടിരുന്നതായും ആദർശ് വെളിപ്പെടുത്തി. കാറിനുള്ളിൽ രാഖിയുടെ മരണം ഉറപ്പാക്കിയശേഷം വണ്ടി നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ കോമ്പൗണ്ടിൽ ഒതുക്കി. പകൽ സമയത്ത് വീടിന്റെ പറമ്പിൽ പുല്ലുചെത്തി വൃത്തിയാക്കുന്നതിനിടെ വെട്ടിയിട്ടിരുന്ന നാലടിയോളം ആഴമുള്ള കുഴിയിൽ മൃതദേഹം നഗ്നമാക്കി കുഴിച്ചുമൂടി.

മൃതദേഹം ദുർഗന്ധം വമിക്കാതെ പെട്ടെന്ന് അഴുകിപോകാനായാണ് ഉപ്പ് വിതറിയതെന്ന് ആദർശ് വെളിപ്പെടുത്തിയിട്ടുണ്ട്. സംശയം തോന്നാതിരിക്കാൻ പറമ്പിൽ കമുകിൻ തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. വീട് നിർമ്മിക്കുന്ന പുരയിടത്തിന്റെ ചരിവുള്ള സ്ഥലത്താണ് മൃതദേഹം കുഴിവെട്ടിമൂടിയത്. പുരയിടത്തിന്റെ ചരിവ് കാരണം വീട്ടിന്റെ കോമ്പൗണ്ടിലെത്തുന്നവർക്ക് താഴ്ചയിലുള്ള കുഴികാണാൻ കഴിയില്ല. ഇടയ്ക്കിടെയുണ്ടായ മഴയിൽ കുഴിവെട്ടിയ ലക്ഷണങ്ങൾ അപ്രത്യക്ഷമായതും അഖിലേഷിന്റെ അച്ഛനും മറ്റും ഇടയ്ക്കിടെ ഇവിടെ കൃഷിപ്പണിയും മറ്റും നടത്താറുള്ളതും അയൽവാസികളിലോ മറ്റാർക്കമോ സംശയത്തിനിടയാക്കിയില്ല.കൊലപാതകത്തിനുശേഷം ഏതാനും ദിവസങ്ങൾക്കകം അഖിലേഷ് ജോലി സ്ഥലത്തേക്ക് മടങ്ങി. പെൺകുട്ടിയുടെ തിരോധാനത്തെ കുറിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പരാതിയോ വാർത്തയോ വരാതിരുന്നതിനാൽ ഒരിക്കലും പൊലീസ് തന്നെ തേടി വരില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് അഖിലേഷ് തിരികെ ഡൽഹിയിലെ പട്ടാളക്യാമ്പിലേക്ക് പോയത്.

ആദർശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഖിലേഷിന്റെ വീടിന്റെ പരിസരത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് അഖിലേഷ് ജോലി നോക്കുന്ന മിലിട്ടറി ക്യാമ്പിലെ കമാൻഡറുമായി ബന്ധപ്പെട്ടു. മിലിട്ടറി ക്യാമ്പിൽ കസ്റ്റഡിയിലായ അഖിലേഷിനെ നാട്ടിലെത്തിക്കാൻ പൊലീസ് ഇന്ന് അവിടേക്ക് തിരിക്കും. രാഖിയുടെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി മനസിലാക്കി നാട്ടിൽ നിന്ന് മുങ്ങിയ അഖിലേഷിന്റെ സഹോദരൻ രാഹുലിനവേണ്ടിയും തെരച്ചിൽ ശക്തമാക്കി. കൊലപാതകത്തിനുപയോഗിച്ച കാറും കണ്ടെത്തേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാഖിമോളുടെ മൃതദേഹം ഇന്ന് പോസ്റ്റമോർട്ടത്തിനുശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.