കോഴിക്കോട്: തിരുവനന്തപുരത്തും കോഴിക്കോടും വൻ കള്ളനോട്ട് വേട്ട. രണ്ടിടങ്ങളിൽ നിന്നുമായി 20 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. 2000,500,200 എന്നിവയുടെ കള്ളനോട്ടാണ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുൾ റഷീദുമാണ് അറസ്റ്റിലായത്. ഫറോക്കിലെ റെയ്ഡ് അവസാനിച്ചു. അവിടെ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. കോടമ്പുഴയിൽ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയത് കുന്ദമംഗലത്ത് നടത്തിയ റെയ്ഡിലാണ്.