ന്യൂഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് നൂറിലേറെ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ള രാജ്യത്തെ എല്ലാ ജില്ലകളിലും അറുപത് ദിവസങ്ങൾക്കുള്ളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി കേന്ദ്രസർക്കാർ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് മുഴുവൻ ചെലവും വഹിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. നാലാഴ്‌ചയ്‌ക്കകം ഇതിന്റെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. സെപ്‌തംബർ 26ന് കോടതി പ്രശ്നം വീണ്ടും പരിഗണിക്കും.
കുട്ടികൾക്കെതിരായ ലൈംഗിക പീഡനം വർദ്ധിക്കുന്നതും ഇത്തരം കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്നതും പരിഗണിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്‌ത പൊതുതാത്പര്യ ഹർജിയിലാണ് സുപ്രധാന ഉത്തരവ്.
പ്രത്യേക കോടതികളിൽ ശിശു സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ജഡ്‌ജിമാരുടെയും ജീവനക്കാരുടെയും ശമ്പളത്തിന്റെയും മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കണം.
ഇരയാകുന്നത് കുട്ടികളാണ്. അവർക്ക് നീതി വൈകുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
പീഡനത്തിൽ തകർന്നു പോകുന്ന കുട്ടികളോട് ദയയും അനുതാപവും കാട്ടണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം പോക്‌സോ കേസ് അന്വേഷണവും വിചാരണയും.
ചില സംസ്ഥാനങ്ങളിലെ പോക്സോ കോടതികളിൽ ഇരയുടെ സ്വകാര്യതയ്‌ക്ക് സംരക്ഷണമില്ല. ഇരയ്‌ക്കും പ്രതിക്കും ഇടയിൽ വലിച്ചിടുന്ന ഒരു കർട്ടന്റെ മറവേ അവിടങ്ങളിൽ ഉള്ളൂ. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത പോക്‌സോ കോടതികളുണ്ട്. മജിസ്‌ട്രേട്ടിന് ഇരിക്കാൻ മുറി ഇല്ല. നാലടി ചതുരത്തിലുള്ള ഒരു മറയിലാണ് മജിസ്‌ട്രേട്ട് ഇരിക്കുന്നത്.
പോക്‌സോ കേസുകളുടെ വിവരങ്ങൾ ശേഖരിക്കാൻ സമയം വേണമെന്ന് ഒരു കോർട്ട് ഓഫീസർ പറഞ്ഞപ്പോൾ ചീഫ് ജസ്റ്റിസ് ചൊടിച്ചു. കൂടുതൽ എന്ത് വിവരമാണ് വേണ്ടത്? രാജ്യത്ത് ജഡ്ജിമാരെക്കാൾ കൂടുതൽ കേസുകൾ ഉണ്ടെന്നതിന്റെ കണക്കാണോ വേണ്ടതെന്ന് ചോദിച്ച അദ്ദേഹം സോളിസിറ്റർ ജനറലിനെ പേരെടുത്ത് വിളിച്ചിട്ട്, പ്രത്യേക പോക്സോ കോടതികൾ സ്ഥാപിക്കാനുള്ള പണം ഉടൻ അനുവദിക്കാൻ നിങ്ങളുടെ സർക്കാരിനോട് പറയാനും ആവശ്യപ്പെട്ടു.
പോക്സോ കോടതികളിലെ കൗൺസലർമാർ മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരും കുട്ടികളുടെ അവകാശങ്ങളോട് പ്രതിബദ്ധതയുള്ളവരും ആയിരിക്കണമെന്നും നിലവിലുള്ള ഫോറൻസിക് ലാബുകൾ പോക്‌സോ കേസുകളിലെ തെളിവുകൾ കാലതാമസം വരുത്താതെ പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
കോടതി നിരത്തിയ കണക്കുകൾ
2016ൽ 36,000 പോക്‌സോ കേസുകൾ
ഇക്കൊല്ലം ജനു. 1 മുതൽ ജൂൺ 30 വരെ 24,212 കേസുകൾ
ഇതിൽ 11,981എണ്ണം പൊലീസ് അന്വേഷിക്കുന്നു
12,231 കേസുകളിൽ കുറ്റപത്രം നൽകി
വിചാരണ തുടങ്ങിയത് വെറും 6,449 കേസുകൾ
വിചാരണക്കോടതി തീർപ്പാക്കിയത് 911 കേസുകൾ മാത്രം (4%)