adoor-gopalakrishnan

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണനെതിരെ പ്രകോപനകരമായ പ്രതികരണം നടത്തിയ ബി.ജെ.പി നേതാവിന്റെ വാക്കുകൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡി.വൈ.എഫ്.ഐ. ലോകം ആദരിക്കുന്ന മഹാ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് വർദ്ധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, ജയ്‌ശ്രീറാം വിളിപ്പിച്ചു ആൾക്കൂട്ട വിചാരണ നടത്തുന്ന സാഹചര്യത്തെയും വിമർശിച്ചു പ്രസ്താവനയിറക്കിയതാണ് ബി.ജെ.പി നേതാക്കളെ അസ്വാസ്ഥരാക്കിയിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അടൂരിനും ഏതൊരാൾക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ സ്വാതന്ത്ര്യമുണ്ട്. അത് ഇനിയും ആവർത്തിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാൻ ബി.ജെ.പി ശ്രമിക്കേണ്ട. ആർഎസ്എസിന്റെ ഇത്തരം ഭീഷണികൾ കേരളത്തിൽ വിലപ്പോകില്ല.അടൂർ ഗോപാലകൃഷ്ണന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാവുകളെ നിശബ്ദമാക്കുക എന്നത് ആർ.എസ്.എസിന്റെ എക്കാലത്തെയും പദ്ധതിയാണ്. ഈ ഹീനമായ ശ്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിനുണ്ട്. ആദരണീയനായ അടൂർ ഗോപാലകൃഷ്ണനെതിരെ ഭീഷണി മുഴക്കിയ ബിജെപി യുടെ രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്നും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ പറഞ്ഞു.