തിരുവനന്തപുരം : അമ്പൂരിയിൽ സൈനികനുൾപ്പെട്ട സംഘം യുവതിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്. രാഖി കൊലപാതക കേസിൽ മുഖ്യപ്രതിയായ സൈനികനായ അഖിലേഷിനെ തേടി പട്ടാളക്യാമ്പിലേക്ക് പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. മിലിട്ടറി ക്യാമ്പിൽ കസ്റ്റഡിയിലാണ് അഖിലേഷിപ്പോൾ.
പൂവാർ പുത്തൻകട ജോയി സദനത്തിൽ രാജന്റെ (മോഹൻ) മകൾ രാഖിമോളെന്ന രാഖിയും അമ്പൂരി തട്ടാംമുക്കിൽ അഖിലേഷ് നായരും തമ്മിലുള്ള ബന്ധത്തിന് ആറുവർഷത്തെ പഴക്കമുണ്ട്. ഇത് വീട്ടുകാർക്കും നാട്ടുകാരിൽ ചിലർക്കും അറിയാം. ഇവർ തമ്മിലുള്ള പ്രണയം തളിർത്തത് ഒരു മിസ്ഡ് കോളിലൂടെയായിരുന്നു. അഖിലേഷുമായുള്ള രാഖിയുടെ പ്രണയബന്ധത്തിനെ ആദ്യമെല്ലാം എതിർത്തെങ്കിലും പിന്നീട് അവളുടെ ഇഷ്ടത്തിന് കൂട്ടുനിൽക്കുകയായിരുന്നു. മൊബൈലിൽ അഖിലേഷിന്റെ ഫോട്ടോ കാണിച്ചു കൊടുത്തിട്ടുണ്ടെന്ന് രാഖിയുടെ രണ്ടാനമ്മ സിൽവി ഓർമ്മിച്ചു. എന്നാൽ കൂടുതൽ പഠിക്കണമെന്നും, നല്ല ജോലി സമ്പാദിക്കണമെന്നും പറഞ്ഞാണ് വിവാഹം നീട്ടിക്കൊണ്ടുപോകുവാനുള്ള കാരണമായി രാഖി പറഞ്ഞിരുന്നത്. എന്നാൽ ആറുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ രാഖിയെ ഒഴിവാക്കി മറ്റൊരു കുട്ടിയെ വിവാഹം കഴിക്കുവാനുള്ള അഖിലേഷിന്റെ നീക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. ഈ പെൺകുട്ടിയെ സമീപിച്ച് വിവാഹത്തിൽ നിന്നും പിൻമാറണമെന്ന് രാഖി ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇക്കഴിഞ്ഞ ജൂൺ21ന് രാഖിമോളെ ഫോണിൽ വിളിച്ച് താൻ കാറുമായി വരുന്നുണ്ടെന്നും അത്യാവശ്യമായി കാണണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വീട്ടിൽ നിന്നിറങ്ങിയ രാഖിമോളെ വഴിയിൽ നിന്ന് കാറിൽ കയറ്റിയ അഖിലേഷും സഹോദരൻ രാഹുലും ഇവരുടെ സുഹൃത്തായ ആദർശും ചേർന്ന് വെള്ളറടയിലേക്ക് പോയി. സന്ധ്യയ്ക്ക് 7മണിയോടെ നിർമ്മാണം നടന്നുകൊണ്ടിരുന്ന തട്ടാമുക്കിലെ വീടിന് സമീപത്തെ റോഡിൽ കാർ നിർത്തി. കാറിൽ വച്ച് വിവാഹം തെറ്റിക്കാൻ ശ്രമിച്ചതിനെ ചൊല്ലി രാഖിയുമായി വഴക്കുണ്ടാക്കിയ അഖിലേഷ് സഹോദരൻ രാഹുലുമായി ചേർന്ന് രാഖിമോളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് ആദർശ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.രാഖിയുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ കാർ സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ നൽകി റൈസ് ചെയ്തുകൊണ്ടിരുന്നതായും ആദർശ് വെളിപ്പെടുത്തി. കാറിനുള്ളിൽ രാഖിയുടെ മരണം ഉറപ്പാക്കിയശേഷം വണ്ടി നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ കോമ്പൗണ്ടിൽ ഒതുക്കി. പകൽ സമയത്ത് വീടിന്റെ പറമ്പിൽ പുല്ലുചെത്തി വൃത്തിയാക്കുന്നതിനിടെ വെട്ടിയിട്ടിരുന്ന നാലടിയോളം ആഴമുള്ള കുഴിയിൽ മൃതദേഹം നഗ്നമാക്കി കുഴിച്ചുമൂടി. മൃതദേഹം ദുർഗന്ധം വമിക്കാതെ പെട്ടെന്ന് അഴുകിപോകാനായാണ് ഉപ്പ് വിതറിയതെന്ന് ആദർശ് വെളിപ്പെടുത്തിയിട്ടുണ്ട്.
രാഖിയെ കാണാതായിട്ടും ഏറെ നാൾ കഴിഞ്ഞാണ് യുവതിയുടെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതാണ് കേസന്വേഷണം ഇത്രയും നീളുവാൻ കാരണമായത്. പൂവാർ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ രാഖിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ വെള്ളറടയിൽ അഖിലേഷിന്റെ വീടിന് സമീപമാണ് കാണിച്ചത്. തുടർന്ന് രാഖിയുടെ കാമുകനായിരുന്ന അക്കുവെന്ന അഖിലേഷിനെപ്പറ്റി വീട്ടുകാരിൽ നിന്ന് വിവരം ലഭിച്ച പൊലീസ് ഇയാളുടെ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചു. സംഭവ ദിവസം രാഖിയെ അഖിലേഷ് വിളിച്ചതായും ആദർശുമായി സംഭവ ദിവസവും ശേഷവും തുടർച്ചയായി വിളിച്ചിരിക്കുന്നതായും കണ്ടെത്തി. തുടർന്നാണ് ആദർശിനെ കസ്റ്റഡിയിലെടുത്തത്.ആദർശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഖിലേഷിന്റെ വീടിന്റെ പരിസരത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് അഖിലേഷ് ജോലി നോക്കുന്ന മിലിട്ടറി ക്യാമ്പിലെ കമാൻഡറുമായി ബന്ധപ്പെട്ടു. മിലിട്ടറി ക്യാമ്പിൽ കസ്റ്റഡിയിലായ അഖിലേഷിനെ നാട്ടിലെത്തിക്കാൻ പൊലീസ് ഇന്ന് അവിടേക്ക് തിരിക്കും. രാഖിയുടെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി മനസിലാക്കി നാട്ടിൽ നിന്ന് മുങ്ങിയ അഖിലേഷിന്റെ സഹോദരൻ രാഹുലിനുവേണ്ടിയും തെരച്ചിൽ ശക്തമാക്കി. കൊലപാതകത്തിനുപയോഗിച്ച കാറും കണ്ടെത്തേണ്ടതുണ്ട്.