balaramapuram

ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി ബാലരാമപുരം ജംഗ്ഷനിൽ അണ്ടർ പാസേജ് നിർമ്മിക്കാനുള്ള നടപടികളുമായി നാഷണൽ ഹൈവേ അതോറിട്ടി മുന്നോട്ട്. പ്രാവച്ചമ്പലം - വഴിമുക്ക്, വിഴിഞ്ഞം - കാട്ടാക്കട റോഡുകൾ ചേരുന്ന ഭാഗത്ത് അണ്ടർ പാസേജ് നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ നാഷണൽ ഹൈവേ അതോറിട്ടി കേരള സർക്കാരിന് സമർപ്പിച്ചു. പുതുക്കിയ അലൈൻമെന്റ് പ്ലാനിലാണ് 24 മീറ്റർ വീതിയിൽ കാട്ടാക്കട - വിഴിഞ്ഞം റോഡുകളെ ബന്ധിപ്പിച്ച് ബാലരാമപുരം ജംഗ്ഷനിലൂടെ അണ്ടർ പാസേജ് നിർമ്മിക്കാൻ നിർദ്ദേശമുള്ളത്. അണ്ടർ പാസേജ് നിർമ്മാണത്തിന് മുന്നോടിയായിട്ടുള്ള മണ്ണ് പരിശോധനയ്ക്കുള്ള തുക അടിയന്തരമായി അനുവദിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ഇതോടൊപ്പം ട്രാഫിക് സർവേ നടത്താനും നാഷണൽ ഹൈവേ അതോറിട്ടി തീരുമാനിച്ചിട്ടുണ്ട്.

ബാലരാമപുരം ജംഗ്ഷനിലൂടെ അണ്ടർ പാസേജ് വരുന്നുവെന്ന വിവരം പുറത്ത് വന്നതോടെ കൊടിനട മുതലുള്ള റോഡ് വികസനത്തിനുള്ള തടസങ്ങളും നീങ്ങിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ബാലരാമപുരം ജംഗ്ഷനിലെ വാഹനത്തിരക്ക് ഇപ്പോഴുള്ളതിൽ നിന്നു മൂന്നിരട്ടി വർദ്ധന ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് അണ്ടർ പാസേജ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. കുറച്ചു സ്ഥലം മാത്രം ഏറ്റെടുത്താൽ മതിയാകുമെന്നതിനാൽ അണ്ടർ പാസേജിന് ഗവൺമെന്റ് പച്ചക്കൊടി കാട്ടുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. എന്നാൽ ഗവൺമെന്റിന് നൽകിയ പ്രൊപ്പോസലിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് നാഷണൽ ഹൈവേ അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനിയർ കേരളകൗമുദിയോട് പറഞ്ഞത്. 30.2 മീറ്റർ വീതിയിൽ നാലുവരിയായി നിർമ്മിക്കുന്ന ദേശീയപാതയുടെ അടിയിലൂടെ അണ്ടർ പാസേജ് കടന്നു പോകുന്നതിനാൽ ബാലരാമപുരം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകില്ല. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള കണ്ടെയ്നറുകൾക്കും അനായാസം കടന്നുപോകാൻ സാധിക്കുന്ന വിധത്തിലാകും പുതിയ നിർമ്മാണം നടത്തുന്നത്. കാട്ടാക്കടയ്ക്ക് സമീപം നിർമ്മിക്കുന്ന കണ്ടെയ്നർ ഗോഡൗണിലേക്ക് ബാലരാമപുരം ജംഗ്ഷൻ ചുറ്റാതെ അണ്ടർ പാസേജിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. ഇതിനുള്ള സ്ഥല പരിശോധന നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

അണ്ടർ പാസേജ് യാഥാർത്ഥ്യമായാൽ

 ബാലരാമപുരത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും

വിഴിഞ്ഞത്ത് നിന്നുള്ള കണ്ടെയ്നറുകൾക്ക് ജംഗ്ഷനിലെത്താതെ പോകാം

തുറമുഖം ആരംഭിക്കുമ്പോൾ ജംഗ്ഷനിലെ തിരക്ക് 3 ഇരട്ടി വർദ്ധിക്കാം

അണ്ടർ പാസേജ് നിർമ്മിക്കുന്നത് 24 മീറ്റർ വീതിയിൽ

ദേശീയപാത വികസിപ്പിക്കുന്നത് 30.2 മീറ്റർ വീതിയിൽ

ബാലരാമപുരത്തെ ഗതാഗതക്കുരുക്ക് മാറ്റുന്നതിന് അണ്ടർ പാസേജ് അനിവാര്യമാണ്.പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബാലരാമപുരം ജംഗ്ഷനിൽ അനുഭപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.അണ്ടർ പാസേജിന് വേണ്ടുന്ന നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉടൻ ഉണ്ടാകണ മെന്നാണ് ഗ്രാമപഞ്ചായത്ത് നിവാസികളുടെ ആഗ്രഹം.പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകും.

ആർ.എസ്.വസന്തകുമാരി,

പ്രസിഡന്റ് ബാലരാമപുരം ഗ്രാമപഞ്ചായത്ത്.