ലോസ് ആഞ്ചലസ്: മകളുടെ പ്രേതബാധ ഒഴിപ്പിക്കാനായി പൊരിവെയിലത്ത് കാറിൽ അവളെ ഒറ്റക്കാക്കിയ അമ്മയ്ക്ക് 24 വർഷം തടവുശിക്ഷ. ചൂട് താങ്ങാനാവാതെ കുഞ്ഞ് വെന്തു മരിക്കുകയായിരുന്നു. കാലിഫോർണിയക്കാരിയായ എയ്ഞ്ചല ഫാക്കിനാണ് സ്വന്തം കുഞ്ഞായ മൂന്ന് വയസുകാരി മൈയയെ കാറിലാക്കി പൂട്ടിയത്. ഏയ്ഞ്ചലയുടെ കാമുകനും പ്രതിശുതവരനുമായ ഉത്വാൻ സ്മിത്തും കേസിലെ പ്രതിയാണ്. ഒമ്പത് മണിക്കൂർ നേരമാണ് എയ്ഞ്ചല മൈയയെ ലോസ് ആഞ്ചലസിലെ കൊടും ചൂടിൽ ഒറ്റയ്ക്കാക്കിയത്.
കുഞ്ഞിനെ പിടികൂടിയിരുന്ന പ്രേതങ്ങളെ അകറ്റാനാണ് തങ്ങൾ അവളെ കാറിൽ അടച്ചിട്ടതെന്നാണ് സ്മിത്തും എയ്ഞ്ചലയും പറയുന്നത്. കാറിന്റെ പിൻസീറ്റിലായി പുതപ്പുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. ചൂട് താങ്ങാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്ന് മൈയയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാർ പറയുന്നു. മിയയെ തണുപ്പുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന് പലരും ഇവരെ ഉപദേശിച്ചിരുന്നുവെങ്കിലും ഇവർ അത് ചെയ്യാൻ തയാറായിരുന്നില്ല.
സ്മിത്തും എയ്ഞ്ചലയും ഏതാണ്ട് എല്ലാ സമയവും കാറിൽ തന്നെയാണ് കഴിച്ചു കൂട്ടിയിരുന്നത്. ചൂടുള്ള കാലാവസ്ഥയിൽ ഇവരോടൊപ്പം മൈയയും ഉണ്ടായിരുന്നു. അർക്കൻസാസിൽ താമസിക്കുകയായിരുന്ന ഇവർ അടുത്തിടെയാണ് കാലിഫോർണിയയിലേക്ക് മാറിയത്. കഴിഞ്ഞ ജൂണിലാണ് എയ്ഞ്ചല കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ശിക്ഷാവിധി സാക്രമെന്റോയിലെ ജില്ലാ അറ്റോർണി ഇന്നലെ പ്രസ്താവിച്ചു.