ബംഗളുരു: കർണാടകയിൽ പുതിയ സർക്കാരുണ്ടാക്കുന്നതിൽ ബി.ജെ.പിയിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ വിമത കോൺഗ്രസ് എം. എൽ.എമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമന്തല്ലി, സ്വതന്ത്രൻ ആർ.ശങ്കർ എന്നിവർക്ക് സ്‌പീക്കർ അയോഗ്യത കൽപ്പിച്ചു. നിലവിലുള്ള നിയമസഭയുടെ കാലാവധി തീരുന്നതു വരെയാണ് അയോഗ്യതയെന്ന് സ്പീക്കർ രമേശ്കുമാർ മാദ്ധ്യമങ്ങളെ അറിയിച്ചു.
വിമതരെ അയോഗ്യരാക്കാൻ കോൺഗ്രസും ജെ.ഡി.എസും സ്പീക്കർക്കു ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്ന് ആർ.ശങ്കർ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. കോൺഗ്രസിൽ ലയിക്കാമെന്നു കത്തു നൽകിയ ശേഷം ബി.ജെ.പി പക്ഷത്തേക്കു പോയ കെ.പി.ജെ.പി എം.എൽ.എ ആർ.ശങ്കറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസും ജെ.ഡി.എസും സ്പീക്കർക്കു കത്തു നൽകിയത്. വിശ്വാസ വോട്ടിൽ പങ്കെടുക്കാതെ മുംബയ് ആശുപത്രിയിൽ കഴിയുന്ന പാർട്ടി എം.എൽ.എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് കത്തു നൽകിയിട്ടുണ്ട്. നാല് പേർക്കെതിരെ നടപടിയെടുത്താൽ ബാക്കിയുള്ളവർ തിരിച്ചുവന്നേക്കുമെന്നാണ് കോൺഗ്രസും ദളും കരുതുന്നത്.
അതേസമയം, കർണാടകയിൽ പുതിയ സർക്കാരുണ്ടാക്കുന്ന കാര്യത്തിൽ ബി.ജെ.പിയിൽ ആശയക്കുഴപ്പമെന്നാണ് റിപ്പോർട്ട്. 15 വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കാത്തതിനാലാണ് സർക്കാരുണ്ടാക്കാൻ ബി. ജെ. പി അവകാശവാദം ഉന്നയിക്കാത്തത്. വിമതരെ അയോഗ്യരാക്കുന്ന നടപടികളിൽ തീർപ്പാകുന്നത് വരെ നിയമസഭ സസ്പെൻഡ് ചെയ്‌തു നിർത്തി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും, കൂടുതൽ അംഗബലം നേടിയശേഷം സർക്കാർ രൂപീകരിക്കാനുമാണ് ബി.ജെ.പിയുടെ നീക്കങ്ങളെന്നാണ് സൂചന. വിമതരുടെ രാജി സ്വീകരിക്കാനായാലും തള്ളാനായാലും സ്‌പീക്കർ കൂടുതൽ സമയം എടുക്കുകയാണെങ്കിൽ തങ്ങൾ സർക്കാരുണ്ടാക്കാൻ ശ്രമിക്കില്ലെന്നും ഗവർണർ വാജുഭായ് വാല രാഷ്ട്രപതിഭരണത്തിന് ശുപാർശ ചെയ്തേക്കാമെന്നുമാണ് പാർട്ടിവക്താവ് ജി. മധുസൂദനനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
കോൺഗ്രസ് - ജെ.ഡി.എസ് സർക്കാർ വീണാലുടൻ പുതിയ സർക്കാർ രൂപീകരിക്കുമെന്ന് നേരത്തേ ബി.ജെ.പി നേതാവ് യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു. എന്നാൽ, തിടുക്കത്തിൽ തീരുമാനമെടുക്കാതെ ഡൽഹിയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി സംസ്ഥാന നേതൃത്വം കാത്തിരിക്കുകയാണ്. അതേസമയം, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ കേന്ദ്ര നേതൃത്വവുമായി ഡൽഹിയിൽ ചർച്ച നടത്തിവരികയാണ്. വിമത എം.എൽ.എമാരുടെ കാര്യത്തിൽ സ്പീക്കർ എന്തു തീരുമാനം എടുക്കുമെന്ന് വ്യക്തതയില്ലാത്തതും വിമതരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും മറുപക്ഷത്ത് തുടരുന്നതിനാലും കൂടുതൽ സുരക്ഷിതമായ അംഗബലം ഉറപ്പാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് സൂചന.
ബി.ജെ.പിക്ക് പേടിയോ?
13 കോൺഗ്രസ് എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരും രാജിവച്ചതിനെത്തുടർന്നാണ് കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാരിൽ വിള്ളലുകൾ വീണതും മുഖ്യമന്ത്രി കുമാരസ്വാമി രാജിവച്ചതും. വിമതരുടെ രാജി സ്പീക്കർ സ്വീകരിക്കാത്തതിനാൽ നിയമസഭയിലെ ആകെ അംഗബലം ഒരു നോമിനേറ്റഡ് അംഗം ഉൾപ്പെടെ ഇപ്പോഴും 225ഉം, കേവലഭൂരിപക്ഷം 113ഉം ആണ്. ബി.ജെ.പിയുടെ അംഗസംഖ്യ 105 ആണ്. വിമതരുടെ രാജി സ്പീക്കർ സ്വീകരിച്ചാൽ കേവലഭൂരിപക്ഷം 105 ആയി കുറയും. വിമതർ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ സർക്കാർ അപകടത്തിലാവും. ഇതാണ് സർക്കാരുണ്ടാക്കുന്നതിൽ നിന്ന് ബി.ജെ.പിയെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.