തിരുവനന്തപുരം: ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ഭീഷണിക്ക് മറുപടി നൽകി ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാൽ പൊയ്ക്കോളാമെന്നും ഇതുവരെ പാകിസ്ഥാനിലേക്ക് പൊയ്ക്കോളാനാണ് പറഞ്ഞിരുന്നതെന്നും ഇപ്പോൾ ചന്ദ്രനിലേക്കായത് നന്നായി എന്നും അടൂർ പരിഹസിച്ചു. താൻ ജയ് ശ്രീറാം വിളിച്ചതി നല്ല പ്രതിഷേധിച്ചതെന്നും ജയ് ശ്രീറാം എന്ന് പറഞ്ഞ് കൊലവിളി നടത്തിയതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും വീടിന് മുൻപിൽ ജയ് ശ്രീറാം വിളിക്കാൻ ബി.ജെ.പി വന്നാൽ അതേറ്റ് വിളിക്കാൻ താനും കൂടുമെന്നും അടൂർ ഗോപാലകൃഷ്ണൻ തിരുവനതപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിക്കയച്ച കത്തിൽ താൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല എന്നും രാജ്യത്ത് നടക്കുന്ന അക്രമസംഭവം ശ്രദ്ധയിൽ പെടുത്തുകയാണ് ചെയ്തതെന്നും അടൂർ ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങൾ സംബന്ധിച്ച് തനിക്ക് ഉത്തരേന്ത്യയിൽ നിന്നും മറ്റും ഒരുപാട് ഭീഷണി കോളുകൾ വരുന്നുണ്ടെന്നും അടൂർ വെളിപ്പെടുത്തിയിരുന്നു. അടൂരിന് പിന്തുണ അറിയിച്ച് സംവിധായകരായ കമലും, ടി.വി ചന്ദ്രനും രംഗത്തുവന്നു.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. ജയ്ശ്രീരാം വിളികൾ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ അടൂരിന് ചന്ദ്രനിൽ പോകാമെന്നും വേണ്ടി വന്നാൽ അടൂരിന്റെ വീടിന് മുന്നിലും ജയ്ശ്രീരാം വിളിക്കുമെന്നും കേന്ദ്രത്തിൽ നിന്നും ഒന്നും കിട്ടാത്തത് കൊണ്ടാണോ വിമർശനമെന്നുമാണ് ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗോപാലകൃഷ്ണൻ ഭീഷണി മുഴക്കിയത്.
'ജയ് ശ്രീരാം വിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാം വിളി എന്നും ഉയരും, എപ്പോഴും ഉയരും, കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.' ബി.ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.
ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകൾ നടത്താനുള്ള പോർവിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, സിനിമാനടി രേവതിയുമുൾപ്പെടെ 49 സിനിമാ പ്രവർത്തകർ കത്തെഴുതിയിരുന്നു. രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി എന്നിവരും കത്തിൽ ഒപ്പുവച്ചിരുന്നു. ഇതാണ് ബി.ജെ.പി നേതാവിനെ ചൊടിപ്പിച്ചത്.