ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കാൻ ഇതാണ് സമയമെന്ന് പാകിസ്ഥാനോട് ഇന്ത്യ. പാകിസ്ഥാനിൽ 30000 മുതൽ 40000 വരെ ഭീകരർ പരിശീലനം നേടുന്നുണ്ടെന്നും, അവർ അഫ്ഗാനിസ്ഥാനിലും കാശ്മീരിലും പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ മറുപടിയുമായി എത്തിയത്. പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ യാദവിന് നയതന്ത്ര സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും രവീഷ് കുമാർ പറഞ്ഞു.
കാശ്മീർ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രി പാർലമെന്റിന്റെ ഇരുസഭകളിലും വ്യക്തമാക്കിയിട്ടുള്ളതാണെന്നും രവീഷ് കുമാർ വ്യക്തമാക്കി. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.