akhil-

തിരുവനന്തപുരം: അമ്പൂരിയിൽ കാമുകന്റെ വീടിന് സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പൂവാർ പുത്തൻകട സ്വദേശി രാഖിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് മുഖ്യപ്രതി അഖിലേഷ്. ലഡാക്കിലെ സൈനികതാവളത്തിലാണ് താൻ ഇപ്പോഴുള്ളതെന്നും അവധിയെടുത്ത് നാട്ടിലെത്തി പൊലീസിനെ വിവരങ്ങൾ ധരിപ്പിക്കുമെന്നും ഇയാൾ പ്രമുഖ ചാനലിനോട് പറഞ്ഞു. കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നുവെന്നും കാറിൽ കയറ്റി ധനുവച്ചപുരത്ത് ഇറക്കിയതായും അഖിലേഷ് പറയുന്നു. പ്രണയബന്ധം അവസാനിപ്പിക്കാൻ രാഖിയോട് ആവശ്യപ്പെട്ടെങ്കിലും രാഖി വഴങ്ങിയില്ലെന്നും ഇയാൾ പറഞ്ഞതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.


രാഖിലെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. പീഡനത്തിനിരയായോ എന്നറിയാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും.

യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയില്‍ കിട്ടാല്‍ പൊലീസ് സൈന്യത്തെ സമീപിച്ചിരുന്നു. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലേഷിന്റ നിർമ്മാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ വൈകിട്ട് കണ്ടെത്തിയത്. കാറിൽ വച്ച് വിവാഹം തെറ്റിക്കാൻ ശ്രമിച്ചതിനെ ചൊല്ലി രാഖിയുമായി വഴക്കുണ്ടാക്കിയ അഖിലേഷ് സഹോദരൻ രാഹുലുമായി ചേർന്ന് രാഖിമോളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് ആദർശ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

രാഖിയുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ കാർ സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ നൽകി റൈസ് ചെയ്തുകൊണ്ടിരുന്നതായും ആദർശ് വെളിപ്പെടുത്തി. കാറിനുള്ളിൽ രാഖിയുടെ മരണം ഉറപ്പാക്കിയശേഷം വണ്ടി നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ കോമ്പൗണ്ടിൽ ഒതുക്കി. പകൽ സമയത്ത് വീടിന്റെ പറമ്പിൽ പുല്ലുചെത്തി വൃത്തിയാക്കുന്നതിനിടെ വെട്ടിയിട്ടിരുന്ന നാലടിയോളം ആഴമുള്ള കുഴിയിൽ മൃതദേഹം നഗ്നമാക്കി കുഴിച്ചുമൂടി. മൃതദേഹം ദുർഗന്ധം വമിക്കാതെ പെട്ടെന്ന് അഴുകിപോകാനായാണ് ഉപ്പ് വിതറിയതെന്ന് ആദർശ് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവ ദിവസം രാഖിയെ അഖിലേഷ് വിളിച്ചതായും ആദർശുമായി സംഭവ ദിവസവും ശേഷവും തുടർച്ചയായി വിളിച്ചിരിക്കുന്നതായും കണ്ടെത്തി. തുടർന്നാണ് ആദർശിനെ കസ്റ്റഡിയിലെടുത്തത്.

ആദർശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഖിലേഷിന്റെ വീടിന്റെ പരിസരത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് അഖിലേഷ് ജോലി നോക്കുന്ന മിലിട്ടറി ക്യാമ്പിലെ കമാൻഡറുമായി ബന്ധപ്പെട്ടു. മിലിട്ടറി ക്യാമ്പിൽ കസ്റ്റഡിയിലായ അഖിലേഷിനെ നാട്ടിലെത്തിക്കാൻ പൊലീസ് ഇന്ന് അവിടേക്ക് തിരിക്കും. രാഖിയുടെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി മനസിലാക്കി നാട്ടിൽ നിന്ന് മുങ്ങിയ അഖിലേഷിന്റെ സഹോദരൻ രാഹുലിനുവേണ്ടിയും തെരച്ചിൽ ശക്തമാക്കി.