ന്യൂഡൽഹി: കേന്ദ്രസർക്കാരിലെ ഏറ്റവും ഉന്നതമായ ധനമന്ത്രാലയത്തിൽ നിന്ന് പ്രാധാന്യം കുറഞ്ഞ ഊർജ മന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റിയതിൽ അതൃപ്‌തനായ സുഭാഷ് ചന്ദ്ര ഗാർഗ് 'സ്വയം വിരമിക്കലിന്" (വി.ആർ.എസ്) അപേക്ഷ നൽകി. ധനമന്ത്രാലയത്തിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനും ധനകാര്യ സെക്രട്ടറിയും കേന്ദ്രസർക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പിന്റെ (ഡി.ഇ.എ) മേധാവിയുമായിരുന്നു ഗാർഗ്.
ബുധനാഴ്‌ചയാണ് അപ്രതീക്ഷിതമായി കേന്ദ്രസർക്കാർ ഗാർഗിനെ ഊർജ മന്ത്രാലയ സെക്രട്ടറിയായി നിയമിച്ചത്. ഡി.ഇ.എ തലവൻ എന്ന നിലയിൽ കേന്ദ്രസർക്കാരിന്റെ ധനനയം, റിസർവ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുടെ തലവനുമായിരുന്നു ഗാർഗ്. കേന്ദ്ര ബഡ്‌ജറ്റ് തയ്യാറാക്കുന്നതിന് പിന്നിലെ മുഖ്യകരങ്ങളും അദ്ദേഹത്തിന്റേതായിരുന്നു. രണ്ടാംമോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് പാർലമെന്റ് അംഗീകരിക്കുന്നതിന്റെ നടപടികൾ പൂർത്തിയായതിന്റെ പിറ്റേന്നാണ് അദ്ദേഹത്തിന്റെ സ്ഥലം മാറ്റമെന്നതും ശ്രദ്ധേയമാണ്.
ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്ര് മാനേജ്‌മെന്റിന്റെ (ഡിപം) സെക്രട്ടറി അതനു ചക്രബർത്തി പുതിയ ധനകാര്യ സെക്രട്ടറിയാകും. ഗാർഗ് ഇന്നലെ, പാർലമെന്റിന്റെ നോർത്ത് ബ്ളോക്കിലെ ധനമന്ത്രാലയ ഓഫീസിൽ രാവിലെ എത്തിയെങ്കിലും ഉച്ചയോടി മടങ്ങി. ഗാർഗിന്റെ വി.ആർ.എസ് കേന്ദ്രസർക്കാർ അംഗീകരിച്ചോയെന്ന് വ്യക്തമല്ല. വി.ആർ.എസ് സമർപ്പിച്ചിരുന്നില്ലെങ്കിൽ, അദ്ദേഹത്തിന് 60 വയസ് തികയുന്ന 2020 ഒക്‌ടോബർ വരെ കാലാവധിയുണ്ടായിരുന്നു.
രാജസ്ഥാൻ കേഡറിലെ ഗാർഗ്
1983 ബാച്ച് രാജസ്ഥാൻ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സുഭാഷ് ചന്ദ്ര ഗാർഗ്. വേൾഡ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്ന അദ്ദേഹം, 2017 ജൂണിലാണ് ഡി.ഇ.എ സെക്രട്ടറിയാകുന്നത്. 2018 ഡിസംബറിൽ ധനകാര്യ സെക്രട്ടറിയായി.