kanam

തിരുവനന്തപുരം : എൽദോ എബ്രഹാം എം.എൽ.എയ്ക്ക് പൊലീസിൽ നിന്ന് മർദ്ദനമേറ്റത് അങ്ങോട്ട് കയറി പ്രതിഷേധിച്ചിട്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി എ.കെ.ജി സെന്ററിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം. പൊലീസുകാർ വീടുകയറി എം.എൽ.എയെ ആക്രമിച്ചതല്ല. അനീതിക്കെതിരെ സമരം ചെയ്യുമ്പോൾ ചിലപ്പോൾ പൊലീസിനെതിരെയാകും. പൊലീസിന്റെ തെറ്റുകളെ സ‌ക്കാർ ന്യായീകരിച്ചിട്ടില്ലെന്നും കാനം പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് എ.കെ.ജി. സെന്ററിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ചയിൽ പങ്കെടുത്തതായാണ് സൂചന.

കൊച്ചിയിൽ സി.പി.ഐ. നടത്തിയ മാർച്ചിൽ എൽദോ എബ്രഹാം എം.എൽ.എ. ഉൾപ്പെടെയുള്ളവർക്ക് പൊലീസിന്റെ മർദനമേറ്റിരുന്നു. ഇതിനെതിരെ സി.പി.ഐ നേതാക്കളും എൽദോ എബ്രഹാമും പൊലീസിനെ വിമർശിച്ചിരുന്നു. എന്നാൽ എം.എൽ.എയ്ക്ക് അടക്കം മർദ്ദനമേറ്റിട്ടും കാനം രാജേന്ദ്രൻ മൗനം തുടർന്നത് വീണ്ടും വിവാദമായി. തുടർന്ന് ബുധനാഴ്ച രാവിലെയാണ് കാനം സംഭവത്തിൽ പ്രതികരണം നടത്തിയത്. എൽദോ എബ്രഹാമിനെ മർദ്ദിച്ച സംഭവത്തിൽ ജില്ലാ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ വേറെ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ ഇന്നത്തെ പ്രതികരണം.