കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിൽ മത്സരം ഒഴിവാക്കുന്നതിന് കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്നലെ പുലർച്ചെ വരെ തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ഇരു നേതാക്കളുമായി നേരിട്ടും പി.കെ. കുഞ്ഞാലിക്കുട്ടി ഫോണിലും ബന്ധപ്പെട്ടെങ്കിലും മഞ്ഞുരുകൽ ഉണ്ടായിരുന്നില്ല.
അവസാനം ഇരു കേരള കോൺഗ്രസിനും പകരം കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുമെന്ന മുന്നറിയിപ്പ് നൽകേണ്ടി വന്നു. എങ്കിൽ, ഇടതുപക്ഷ പിന്തുണയോടെ തങ്ങൾ മത്സരിക്കുമെന്ന മുന്നറിയിപ്പ് ജോസും നൽകിയത് കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചു. തുടർന്നാണ്, പ്രസിഡന്റ് സ്ഥാനം ഇരു വിഭാഗത്തിനുമായി വീതം വയ്ക്കാമെന്ന നിർദ്ദേശം വന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് വരുന്നതിനാൽ ആദ്യ ടേം വേണമെന്ന കടുത്ത നിലപാട് ജോസ് സ്വീകരിച്ചു. ഇതിനെ അനുകൂലിക്കാതിരുന്ന ജോസഫിന് ഒടുവിൽ സമവായ നിർദ്ദേശം പ്രതിഷേധത്തോടെ അംഗീകരിക്കേണ്ടി വന്നു.
വർക്കിംഗ് ചെയർമാൻ ജോസഫിന് പകരം ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം നൽകിയ വിപ്പ് അനുസരിച്ച് തിരഞ്ഞെടുപ്പ് നടന്നതിനാൽ പാർട്ടി ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട കേസിൽ ജോസിന് ഇത് അനുകൂല ഘടകവുമാകും.
ഭീഷണിക്ക് യു.ഡി.എഫ്
വഴങ്ങി: പി.ജെ. ജോസഫ്
യു.ഡി.എഫ് നേതൃത്വം തെറ്റായ തീരുമാനമാണ് എടുത്തതെന്ന് പി.ജെ. ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് വിട്ടുപോകുമെന്ന് ജോസ് നേതാക്കളെ ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങിയാണ് അവർ അങ്ങനെ തീരുമാനം എടുത്തത്. യു.ഡി.എഫ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ജോസിന്റെ ശക്തി കണ്ടാണ് യു.ഡി.എഫ് നേതൃത്വം തീരുമാനം എടുക്കുന്നതെങ്കിൽ കോട്ടയത്ത് ഞങ്ങളുടെ ശക്തിയെന്തെന്ന് കുറച്ചു ദിവസത്തിനുള്ളിൽ അറിയും. പാലാ ഉപതിരഞ്ഞെടുപ്പിൽ ഒത്തൊരുമയോടെ മത്സരിച്ചില്ലെങ്കിൽ വിജയം ബുദ്ധിമുട്ടാകും. പാലായിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥിയുണ്ടാകുമോ എന്ന ചോദ്യത്തിന്, യു.ഡി.എഫ് നിശ്ചയിക്കുന്ന ആളെ അംഗീകരിക്കുമെന്നായിരുന്നു ജോസഫിന്റെ മറുപടി.
യു.ഡി.എഫ് ഒറ്റക്കെട്ടായെടുത്ത
തീരുമാനം :ജോസ് കെ. മാണി
പ്രസിഡന്റ് സ്ഥാനം ലഭിച്ചത് ജില്ലാ പഞ്ചായത്തിൽ ഞങ്ങളുടെ ശക്തി മനസിലാക്കി യു.ഡി.എഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനം. മറിച്ചുുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതം.