കേരളത്തിലേക്ക് വൻതോതിൽ കള്ളക്കടത്ത് സ്വർണം ഒഴുകുന്നു
കേന്ദ്രം ബഡ്‌ജറ്റിൽ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് വൻ തിരിച്ചടി
കൊച്ചി: സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കേന്ദ്ര ബഡ്‌ജറ്റിൽ പത്തു ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി വർദ്ധിപ്പിച്ചതോടെ, സ്വർണക്കള്ളക്കടത്തുകാരുടെ വിഹാരകേന്ദ്രമായി കേരളം മാറുന്നു. ഇതുവഴി, സർക്കാരിന് നഷ്‌ടമാകുന്നതാകട്ടെ കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനം. നിയമാനുസൃതവും സന്ധ്യസന്ധമായും സ്വർണവ്യാപാരം നടത്തുന്നവർ കനത്ത വില്‌പന നഷ്‌ടവും നേരിടുന്നു. കള്ളക്കടത്തുകാർ നിലവാരമില്ലാത്ത, മാറ്റ് കുറഞ്ഞ സ്വർണം നൽകി ഉപഭോക്താക്കളെ വഞ്ചിക്കുകയുമാണ്.
ഇന്ത്യയിൽ പ്രതിവർഷം 800-850 ടൺ സ്വർണം വിറ്റഴിയുന്നുണ്ട്. ഇതിന്റെ നാലിരട്ടിയോളം സ്വർണമാണ് കള്ളക്കടത്തായി എത്തുന്നത്. ഔദ്യോഗികമായി രാജ്യത്ത് വിറ്റഴിയുന്ന സ്വർണത്തിന്റെ 60 ശതമാനവും ദക്ഷിണേന്ത്യയിലാണ്. അതിന്റെ 30 ശതമാനം കേരളത്തിലും. ഇതാണ്, സ്വർണക്കള്ളക്കടത്തിന്റെ ഹബ്ബായി കേരളം മാറാൻ കാരണം. കേന്ദ്രം ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചതോടെ കടൽ, കര, വിമാന മാർഗങ്ങളിൽ കേരളത്തിലേക്ക് കള്ളക്കടത്ത് സ്വർണം വൻതോതിൽ ഒഴുകുകയാണ്.
അമേരിക്ക, ആഫ്രിക്ക, ഗൾഫ് നാടുകൾ, സിംഗപ്പൂർ, മലേഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ സ്വർണത്തിന് നാമമാത്ര നികുതിയാണുള്ളത്. ഇവിടങ്ങളിൽ നിന്നാണ് പ്രധാനമായും കള്ളക്കടത്ത് സ്വർണം കേരളത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും എത്തുന്നത്.
10%
സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം പത്തു ശതമാനമായിരുന്നു. കള്ളക്കടത്ത് തടയാനും വ്യാപാരമേഖലയ്ക്ക് ഉണർവേകാനും ഇത് കുറയ്‌ക്കുകയോ ഒഴിവാക്കുകയോ വേണമെന്ന് വ്യാപാരികൾ കേന്ദ്രസർക്കാരിനോട് നിരന്തരം അഭ്യർത്ഥിച്ചിരുന്നു.
12.5%
എന്നാൽ,
കേന്ദ്രസർക്കാർ ബഡ്‌ജറ്റിൽ ഇത് 12.5 ശതമാനമായി കൂട്ടുകയാണ് ചെയ്‌തത്. ഫലത്തിൽ, കള്ളക്കടത്ത് സ്വർണം രാജ്യത്തേക്ക് കൂടുതലായി ഒഴുകാൻ തുടങ്ങി. നിയമാനുസൃതം വ്യാപാരം ചെയ്യുന്നവർക്ക് കച്ചവടം കുറഞ്ഞു. സർക്കാരിന് നികുതിയിനത്തിൽ വൻ വരുമാന നഷ്‌ടവും ഉണ്ടാകുന്നു.
വഞ്ചിതരായി
ഉപഭോക്താക്കൾ
ബാങ്ക് റേറ്റാണ് രാജ്യത്ത് സ്വർണത്തിന്റെ അടിസ്ഥാനവില. ബാങ്ക് റേറ്രിനേക്കാളും ഗ്രാമിന് 100 മുതൽ 150 രൂപവരെ കുറച്ച്, ഉപഭോക്താക്കൾക്ക് സ്വർണം വില്‌ക്കുകയാണ് കള്ളക്കടത്ത് ലോബി. മാറ്ര് കുറഞ്ഞ സ്വർണമാണ് ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വില്‌ക്കുന്നത്.
15.5%
ഇറക്കുമതി ചുങ്കമായ 12.5 ശതമാനത്തിന് പുറമേ മൂന്നു ശതമാനം ജി.എസ്.ടിയും കൂടിയാകുമ്പോൾ നികുതി 15.5 ശതമാനമാണ്. ഇതു വെട്ടിച്ചാണ് കള്ളക്കടത്ത് സ്വർണം വലിയതോതിൽ ഒഴുകുന്നത്.
ബില്ലില്ല,
നികുതിയില്ല
യാതൊരു ബില്ലും നൽകാതെ ഉപഭോക്താക്കൾക്ക് 'കള്ള സ്വർണം" നൽകി വഞ്ചിക്കുന്ന ഒട്ടേറെ അനധികൃത സ്വർണ വില്‌പന ശാലകൾ കേരളത്തിലുണ്ടെന്നാണ് വിവരം. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് ലോബി തന്നെ പ്രവർത്തിക്കുന്നു. നികുതിയിൽ വൻ തുക കൊഴിഞ്ഞിട്ടും ഇവർക്കെതിരെ ചെറുവിരൽ അനക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല.