ന്യൂഡൽഹി: മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കി. 303നെതിരെ 82 വോട്ടുകൾക്കാണ് ബില്ല് പാസായത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബില്ല്.
ബില്ല് പാസാക്കുന്നതിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. മുത്തലാഖ് ബിൽ ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞത്. ബില്ലിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുനൈറ്റഡ് എം.പിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
മുസ്ലീം സമുദായത്തിൽ ഭാര്യയുമായി വിവാഹമോചനം നേടാൻ ഭർത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാൽ മതിയെന്ന ചട്ടത്തിനെതിരാണ് ബില്ല്. ഇത്തരത്തിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭർത്താക്കൻമാർക്ക് ജയിൽ ശിക്ഷ നൽകാനുള്ള ചട്ടങ്ങൾ ബില്ലിലുണ്ട്.ബില്ലിനെതിരെ ഇന്ന് മുഴുവൻ സഭയിൽ വലിയ പ്രതിപക്ഷ ബഹളം നടന്നിരുന്നു. ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡടക്കം ചർച്ചയിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയത് എൻ.ഡി.എയ്ക്ക് ക്ഷീണമായി. സമുദായത്തിന്റെ വിശ്വാസമില്ലാതെ ഇത്തരത്തിലൊരു നിയമം പാസാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ജെഡിയുവിന്റെ ഇറങ്ങിപ്പോക്ക്.