തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വച്ച് നടന്ന യൂത്ത് കോൺഗ്രസ് സമരത്തിനിടെ തിരുവനന്തപുരം പ്രസ് ക്ലബ്ബിനടുത്തായി ക്യാന്റീൻ നടത്തുന്ന ദിലീപിന് നഷ്ടമുണ്ടായത് വലിയ വാർത്തയായിരുന്നു. സമരത്തിനിടെ ദിലീപിന്റെ ക്യാന്റീനിലെ പലഹാരങ്ങളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അകത്താക്കിയത്. കഴിച്ച ഭക്ഷണത്തിനു പൈസ ചോദിച്ച ദിലീപിനോട് അത് 'അണ്ണൻ തരും' എന്നാണ് ഇവർ പറഞ്ഞിരുന്നത്. എന്നാൽ അങ്ങിനെ ഒരാളെയും കണ്ടില്ലെന്നും ദിലീപ് കൗമുദി ടിവിയോട് പറഞ്ഞിരുന്നു.
വാർത്ത കൗമുദി പുറത്തുവിട്ടപ്പോൾ ട്രോളൻമാരും ഇത് ഏറ്റെടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ എസ്.എഫ്.ഐ ഇടപെട്ടു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അകത്താക്കിയതിന്റെ കടം എസ്.എഫ്.ഐ പ്രവർത്തകരും സി.പി.എമ്മും വീട്ടിയിരിക്കുകയാണ്. എസ്.എഫ്.ഐ ഇന്ന് നടത്തിയ മഹാപ്രതിരോധത്തിൽ പങ്കെടുക്കാനെത്തിയ പൂർവ വിദ്യാർത്ഥികളാണ് നിമിഷ നേരം കൊണ്ട് ശേഖരിച്ച തുക നൽകി യൂത്ത് കോൺഗ്രസുകാർ കഴിച്ചു തീർത്തതിന്റെ കടം വീട്ടിയത്.
നഗരസഭാ കൗൺസിലർ ഐ.പി ബിനുവിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികൾ ശേഖരിച്ച തുകയാണ് ദിലീപിന്റെ കടയിലെത്തി ഇവർ കൈമാറിയത്. എസ്.എഫ്.ഐയുടെ മധുരപ്രതികാരം യൂത്ത് കോൺഗ്രസിനേറ്റ ഒാർക്കാപ്പുറത്തെ അടിയാണ്.