ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിനെ വീഴ്ത്താൻ ഓപ്പറേഷൻ താമരയുമായി ബി.ജെ.പി ഭീഷണിമുഴക്കുമ്പോേൾ മറുതന്ത്രവുമായി കോൺഗ്രസ് രംഗത്ത്. ബി.ജെ.പിയുടെ നാല് എം.എൽ.എമാർ ഭരണപക്ഷത്തെത്തുമെന്ന് സ്വതന്ത്രനും കമൽനാഥ് മന്ത്രിസഭയിൽ ഖനി വകുപ്പ് മന്ത്രിയുമായ പ്രദീപ് ജയ്സ്വാൾ വെളിപ്പെടുത്തി. കമൽനാഥിന്റെ നീക്കങ്ങൾക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണയുമുണ്ട്. അതേസമയം ചാരപ്പണിക്കില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു.
ഇന്നലെ നിയമസഭയിൽ ക്രിമിനൽ ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പിലാണ് ബി.ജെ.പി അംഗങ്ങളായ നാരായൺ ത്രിപാഠിയും ശരദ് കൗളും കോൺഗ്രസിനെ പിന്തുണച്ചത്. തങ്ങളുടെ നടപടിയെ ഘർവാപസിയെന്നാണ് എം.എൽ.എമാർ വിശേഷിപ്പിച്ചത്. മുൻപ് കോൺഗ്സിലാണിയരുന്ന ഇവർ പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു, ഇവരെ പിന്നീട് കോൺഗ്രസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്.
230 അംഗ നിയമസഭയിൽ 109 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 114 അംഗങ്ങളുള്ള കോൺഗ്രസ് 4 സ്വതന്ത്രരുടെയും രണ്ട് ബി.എസ്.പി അംഗങ്ങളുടെയും ഒരു സമാജ്‍വാദി പാര്‍ട്ടി അംഗത്തിന്റെയും പിന്തുണയോടെയാണ് ഭരിക്കുന്നത്.