rti
RTI

ന്യൂഡൽഹി : ബില്ല് വലിച്ചുകീറിയും മുദ്രാവാക്യം മുഴക്കിയും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള കയ്യാങ്കളിക്കിടയിൽ വിവരാവകാശ നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ച് വാക്ക്ഔട്ട് നടത്തിയതിന് പിന്നാലെയാണ് വിവരാവകാശ ഭേദഗതി ബിൽ പാസായത്.

വിവരാവകാശ നിയമഭേദഗതി സെലക്ട് കമ്മിറ്റിക്ക് വിടണോ വേണ്ടയോ എന്ന വിഷയത്തിൽ വോട്ടെടുപ്പിനിടെ രാജ്യസഭയിൽ കൈയാങ്കളി നടന്നിരുന്നു.. വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ബി.ജെ.പി എം.പി സി.എം. രമേശും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ കൈയാങ്കളിയുണ്ടായത്, രമേശിനെ പല അംഗങ്ങളും പിടിച്ച് തള്ളുന്നതും തിരിച്ച് തള്ളുന്നതും കാണാമായിരുന്നു. രമേശ് തന്റെ ഇരിപ്പിടത്തിൽ നിന്ന് മാറി, വോട്ട് രേഖപ്പെടുത്തുന്ന ടി.ഡി.പി അംഗങ്ങളുടെ സ്ലിപ്പ് വാങ്ങിയതാണ് ബഹളത്തിനിടയാക്കിയത്. രമേശ് കള്ളവോട്ട് ചെയ്തെന്ന് സി.പി.എം എം.പി കെ.കെ. രാഗേഷ് ആരോപിച്ചു.

ടിഡിപി അംഗമായിരുന്ന സി എം രമേശ് അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമില്ലെന്നും പറഞ്ഞാണ് പ്രതിപക്ഷ നേതാക്കൾ വാക്കൗട്ട് ചെയ്തത്.

നാടകീയ രംഗങ്ങൾക്കാണ് രാജ്യസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. ബില്ല് വലിച്ചുകീറി എറിഞ്ഞും കൈകൊട്ടി മുദ്രാവാക്യം മുഴക്കിയും ആർ.ടി.ഐ നിയമഭേദഗതി ബിൽ തടയാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ 13 പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചു. ചർച്ച തുടരാൻ തീരുമാനിച്ചതോടെ ബഹളം നിയന്ത്രണാതീതമായി. മൂന്നു തവണ നിറുത്തി വച്ച ശേഷം സെലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യത്തിൽ ചർച്ചയാകാമെന്ന സർക്കാരിന്റെ ഉറപ്പിന് പ്രതിപക്ഷം വഴങ്ങുകയായിരുന്നു. ഒടുവിൽ സെലക്ട് കമ്മിറ്റിക്ക് വിടണോ വേണ്ടയോ എന്ന വോട്ടെടുപ്പിനിടെയാണ് കയ്യാങ്കളിയുണ്ടായതും പ്രതിപക്ഷം ഇറങ്ങിപ്പോയതും.

വിവരാവകാശ കമ്മീഷനോട് സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് ആരോപിച്ച കോൺഗ്രസ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ ഉള്ള വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അടക്കമുള്ള കാര്യങ്ങളാണ് ഈ ബില്ലിലേക്ക് നയിച്ചതതെന്ന് ആരോപിക്കുന്നു. ബിൽ ലോകസഭയിൽ നേരത്തെ പാസായിരുന്നു.

ഭേദഗതി പ്രകാരം മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധിയും ശമ്പളവും കേന്ദ്ര സർക്കാരിന് നിശ്ചയിക്കാം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കൊപ്പമുള്ള തുല്യ പദവിയും എടുത്തുകളയും. ശമ്പളവും സർക്കാരിന് തീരുമാനിക്കാം.

വിവരാവകാശ കമ്മീഷണർമാരുടെ കാലാവധിയും ശമ്പളവും കേന്ദ്ര സർക്കാരിന് തീരുമാനിക്കാൻ അധികാരം നൽകുന്നതോടെ കമ്മീഷന്‍ സർക്കാർ സ്വാധീനത്തിന് വഴങ്ങേണ്ടി വരുമെന്നാണ് പ്രധാന വിമർശനം. കമ്മീഷണറുടെ കാലാവധി നീട്ടാനും വെട്ടിച്ചുരുക്കാനും സർക്കാരിന് അധികാരമുണ്ടാകും. കമ്മീഷണറെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും സാധിക്കുമെന്നും പ്രതിപക്ഷം പറയുന്നു. നേരത്തെ അഞ്ച് വർഷത്തേക്ക് നിയമനം നടത്തിയാൽ പിന്നീട് സർക്കാരിന് ഇടപെടാനുള്ള അധികാരമില്ലായിരുന്നു.