karnataka

ബെംഗളുരു: കർണാടകയിൽ മൂന്നു വിമത എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കി. കോൺഗ്രസിന്റെയും ,​ കെ.പി.ജെ.പിയുടെയും വിമത എം.എൽ.എമാരെയാണ് അയോഗ്യരാക്കിയത്. കോൺഗ്രസ് വിമത എം.എൽ.എമാരായ രമേശ് ജർക്കിഹോള്ളി,​ മഹേഷ് കൂമത്തൊല്ലി,​ കെ.പി.ജെ.പിയുടെ ആർ. ശങ്കർ എന്നിവരെയാണ് സ്പീക്കർ കെ.ആർ.രമേശ് കുമാർ അയോഗ്യരാക്കിയത്. ആർ. ശങ്കർ ഗവർണറെക്കണ്ട് ബി.ജെ.പിക്ക് പിന്തുണ അറിയിച്ചിരുന്നു.

അതേസമയം വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്ന നടപടികൾ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ബി.ജെ.പിക്ക് കൂടുതൽ അംഗബലം നേടിയതിന് ശേഷം സർക്കാർ രൂപീകരിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. കേന്ദ്ര നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് ഇങ്ങനെയൊരു നീക്കത്തിന് ബി.ജെ.പി മുതിരുന്നതെന്നാണ് സൂചന.

കർണാടകയിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര തീരുമാനമെന്നാണ് റിപ്പോർട്ട്. കർണാടകയിൽ അങ്ങനെയൊരു വിജയം നേടുകയാണെങ്കിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

കർണാടകയിലെ നിലവിലെ സ്ഥിതി അത്ര സുരക്ഷിതമല്ല. വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്ന കാര്യത്തിൽ സ്പീക്കർ എന്തു നടപടിയെടുക്കും എന്നതിൽ വ്യക്തതയില്ല. മാത്രമല്ല, ബി.ജെ.പിയുടെ ചില എം.എൽ.എമാരെ സ്വാധീനിക്കുന്നതിനുള്ള നീക്കങ്ങൾ മറുപക്ഷം നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമായ അംഗബലം ഉറപ്പിച്ച ശേഷം സർക്കാർ രൂപീകരിക്കുന്നതാകും നല്ലതെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.