kargil-war

ന്യൂഡൽഹി: കാർഗിൽ വിജയത്തിന്റെ ഇരുപതാം വർഷികം ആഘോഷിക്കുന്ന സാഹചര്യത്തിൽ മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ്‌യുടെ നിർണായക തീരുമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മുൻ വ്യോമസേന മേധാവി അനിൽ യശ്വന്ത് ടിപ്നിസ്. സെെന്യത്തിന്റെ വിജയത്തിനോടൊപ്പം അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ഇന്ത്യയുടെ കൂടെ നിൽക്കാനുള്ള കാരണം വാജ്പേയ്‌യുടെ വാശിയാണെന്നും അനിൽ യശ്വന്ത് ടിപ്നിസ് പറഞ്ഞു.

പാകിസ്ഥാൻ പിടിച്ചെടുത്ത സ്ഥലങ്ങൾ കരസേന ഒറ്റയ്ക്ക് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിൽ വ്യോമസേനയും മുന്നിട്ടിറങ്ങുകയായിരുന്നു. കാർഗിലിലെ ചെങ്കുത്തായ യുദ്ധഭൂമിയിൽ വ്യോസേന പ്രതിരോധം അത്യാവശ്യമായിരുന്നു. പോർവിമാനങ്ങൾ കുതിക്കും മുമ്പ് പ്രധാനമന്ത്രി എ.ബി വാജ്പേയി ഒരൊറ്റ നിർദേശമേ മുന്നോട്ടുവെച്ചുള്ളൂവെന്നും,​അത് ഒരിക്കലും നിയന്ത്രണരേഖ മറികടക്കരുത് എന്നായിരുന്നുവെന്നും ടിപ്നിസ് പറയുന്നു. അന്ന് മൂന്ന് സേനമേധാവികളും നിർബന്ധിച്ചിരുന്നെങ്കിൽ വാജ്പേയി നിർദേശം പിൻവലിച്ചേനേയെന്ന് ടിപ്നിസ് കൂട്ടിച്ചേർത്തു.

എന്നാൽ വാജ്പേയുടെ ആ വാശി കൊണ്ടാണ് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റു രാജ്യങ്ങൾ രംഗത്തെത്തിയത്. വാജ്പേയുടെ തീരുമാനം ഇന്ത്യയുടെ യശസുയർത്താൻ കാരണമായെന്നും ടിപ്നിസ് പറയുന്നു. എന്നാൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ പല തന്ത്രങ്ങളും പയറ്റി. ശ്രീനഗറുമായുള്ള ബന്ധം വിച്ഛേദിച്ച് ലേ മേഖലയെ ഒറ്റപ്പെടുത്തുകയെന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. എന്നാൽ അതേ തന്ത്രം തിരിച്ച് പയറ്റി പാക് സൈന്യത്തിന്റെ രണ്ട് പ്രധാന സപ്ലൈ പോയിന്റുകൾ തകർത്തുവെന്നും മുൻ വ്യോമസേന മേധാവി ഒാർത്തെടുത്തു.