കൊച്ചി: പത്രപ്രവർത്തകനും മീഡിയ കൺസൽട്ടന്റുമായിരുന്ന വി. വേണുഗോപാൽ (77) നിര്യാതനായി. പാലക്കാട് ജില്ലയിലെ മേലാർകോട്ട് ബന്ധുവീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. കൊടുങ്ങല്ലൂർ എടവിലങ്ങിലെ വൈലേഴത്ത് വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ കൊട്ടേക്കാട്ട് പരേതരായ പരമേശ്വരമേനോന്റേയും വൈലേഴത്ത് കല്യാണി അമ്മയുടേയും മകനാണ്. യു.എൻ.ഐയിലൂടെയാണ് പത്രപ്രവർത്തനം ആരംഭിച്ചത്. മെട്രോ ബീറ്റ് എന്ന പ്രസിദ്ധീകരണത്തിൽ എഡിറ്റർ ഇൻ ചീഫായും ദി ബോംബെ ട്രിബ്യൂണിലും ഫിനാൻഷ്യൽ ന്യൂസ് വീക്കിലും എഡിറ്ററായും പ്രവർത്തിച്ചു. ബ്ലിറ്റ്‌സ് വാരികയിൽ അന്വേഷണാത്മക റിപ്പോർട്ടുകൾ നൽകിയിരുന്നു.
മുംബയിലെ ഫിനാൻഷ്യൽ ന്യൂസ് വീക്ക് എഡിറ്റർ, ഫ്രീപ്രസ് ബുള്ളറ്റിന്റെ എക്‌സിക്യുട്ടീവ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഓൺലുക്കർ വാരിക, ഭോപ്പാലിലെ നാഷണൽ മെയിൽ, ഹൈദരാബാദിലെ എ.പി. ടൈംസിൽ അസോസിയേറ്റഡ് എഡിറ്റർ, ഡെക്കാൻ ക്രോണിക്കളിൽ ഡെപ്യൂട്ടി എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിനിമാ നിരൂപണവും നടത്തിയിരുന്നു.
1985 ൽ എറണാകുളത്തു നിന്ന് ഇൻക്വസ്റ്റ് എന്ന ഇംഗ്ലീഷ് വാരിക അദ്ദേഹം സ്വന്തമായി ആരംഭിച്ചിരുന്നു. ഭാര്യ: പി. ഭാരതി (സെക്കന്തരാബാദ് സെന്റ് തോമസ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക).