up-police

ലക്‌നൗ: പീഡന പരാതി നൽകാൻ വന്ന പെൺകുട്ടിയോട് മോശമായി പെരുമാറുന്ന ഉത്തർപ്രദേശിലെ പൊലീസുകാരന്റെ വീഡിയോ പങ്കുവച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിക്കാരിയായ പെൺകുട്ടി പൊലീസിനോട് പറയുന്നത്. വിഷയത്തില്‍ ഇടപെട്ടപ്പോൾ സഹോദരനെ ഇവർ ആക്രമിക്കുകയും ചെയ്തു എന്ന് പരാതിക്കാരി പറയുന്നു. എന്നാൽ, പരാതിക്കാരിയെ ശ്രദ്ധിക്കാതെ പൊലീസ് ഉദ്യോഗസ്ഥൻ അലക്ഷ്യമായി ഇരിക്കുകയായിരുന്നു. എന്തിനാണ് ഇത്രയധികം ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നതെന്നും എന്താണ് ഇതിന്റെ ഉപയോഗമെന്നും പൊലീസുകാരൻ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. ഇതെല്ലാം നീ ശരിക്കും എന്താണെന്നാണ് കാണിക്കുന്നതെന്നും പൊലീസുകാരൻ പറയുന്നു.

ഇതിനിടെ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇടപെട്ടെങ്കിലും അവരെയും പൊലീസുകാരൻ കുറ്റപ്പെടുത്തി. പൊലീസുകാരൻ സംസാരിക്കുന്നതിനിടെ പെൺകുട്ടിയുടെ സഹോദരനാണ് ഈ സംഭവങ്ങൾ മൊബൈലിൽ പകർത്തിയത്. ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.

പരാതിക്കാരിക്ക് നീതി കിട്ടണമെങ്കില്‍ ആദ്യം യുവതിയെ കേൾക്കുകയാണ് വേണ്ടിയിരുന്നതെന്ന് പൊലീസിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു. “പരാതി നൽകാൻ എത്തിയ യുവതിയെ പൊലീസ് കേട്ടത് ഇങ്ങനെയാണ്. ഒരു ഭാഗത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉത്തർപ്രദേശിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മറുവശത്ത് നീതി നടപ്പിലാക്കി കൊടുക്കേണ്ടവർ പെരുമാറുന്നത് ഇങ്ങനെയും” പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

छेड़खानी की रिपोर्ट लिखवाने गई लड़की के साथ थाने में इस तरह का व्यवहार हो रहा है।

एक तरफ उत्तर प्रदेश में महिलाओं के खिलाफ अपराध कम नहीं हो रहे, दूसरी तरफ कानून के रखवालों का ये बर्ताव।

महिलाओं को न्याय दिलाने की पहली सीढ़ी है उनकी बात सुनना।

Video credits @benarasiyaa pic.twitter.com/J0FdqBR2Tt

— Priyanka Gandhi Vadra (@priyankagandhi) July 25, 2019