owaisi

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം മറികടന്ന് ഒടുവിൽ ലോക്സഭയിൽ ഇന്ന് എൻ.ഡി.എ സർക്കാർ മുത്തലാഖ് ബിൽ പാസാക്കിയിരുന്നു. മുത്തലാഖ് ബില്ലിനെ കോൺഗ്രസും സി.പി.എമ്മും ജനതാദൾ യുണൈറ്റഡും അടക്കമുള്ളവർ എതിർത്തിരുന്നു. മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ ബി.ജെ.പിക്കെതിരെ എ.ഐ.എം.ഐ.എം എം.പി അസാദുദീൻ ഒവൈസി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് മുത്തലാഖ് ബിൽ കേന്ദ്ര സർക്കാർകൊണ്ടുവരുന്നതെന്ന ബി.ജെ.പി വാദത്തെ ഒവൈസി ചോദ്യം ചെയ്തു.

ആൾക്കൂട്ട ആക്രമണത്തിന് എതിരായ ബിൽ എന്തുകൊണ്ട് ഇതുവരെ സഭയിൽ കൊണ്ടുവന്നില്ല എന്ന് ഒവൈസി ചോദിച്ചു. ജെല്ലിക്കെട്ടിന് നിങ്ങൾ നിയമനിർമ്മാണം നടത്തി. മുസഫർനഗറില്‍ ഒരു മുസ്ലീം യുവതി പീഡിപ്പിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും ഒവൈസി ചോദിച്ചു. ഇതിനിടയിലാണ് ശബരിമലയെക്കുറിച്ചും പരാമർശിച്ചത്. നിങ്ങൾക്ക് സ്ത്രീകളോട് എന്തെങ്കിലും ബഹുമാനമുണ്ടെങ്കിൽ എല്ലാ ബിജെപി വനിതാ എം.പിമാരെയും പ്രത്യേക വിമാനത്തിൽ ശബരിമലയിലേക്ക് എത്തിക്കൂ എന്ന് ഒവൈസി പറഞ്ഞു.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണ് ഈ ബിൽ. മൂന്ന് വർഷം വരെ പുരുഷന്‍ ജയിലിൽകിടക്കേണ്ടി വരും. ഇത് ക്രിമിനൽ ചട്ടങ്ങളുടെ ലംഘനമാണെന്നും ഒവൈസി ചർച്ചക്കിടെ പറഞ്ഞു. മുസ്ലീം ഭര്‍ത്താക്കൻമാരെ മാത്രം ക്രിമിനലുകൾ ആക്കുന്ന തരത്തിൽ നിയമം കൊണ്ടുവരുന്നത് എന്തിനാണെന്ന് പ്രതിപക്ഷത്തുനിന്ന് ശശി തരൂർ എം.പി ചോദിച്ചു. കേരളത്തിൽ നിന്നുള്ള സി.പി.എം എം.പി എ.എം.ആരിഫും ബില്ലിനെ എതിർത്തു.