parliament

ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരെ വരുതിയിൽ നിറുത്തുക എന്ന ലക്ഷ്യത്തോടെ അവരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വിവരാവകാശ നിയമ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി.

ഇന്നലെ രാജ്യസഭയിൽ ഭേദഗതികളെ എതിർത്ത പ്രതിപക്ഷം ബില്ലിന്റെ പകർപ്പ് വലിച്ചു കീറി. പ്രതിഷേധം കൈയാങ്കളിയുടെ വക്കിലെത്തുകയും പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും ചെയ്‌ത പ്രക്ഷുബ്‌ധാന്തരീക്ഷത്തിലാണ് ബിൽ പാസാക്കിയത്. വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന ഭേദഗതികൾ വിശദമായ ചർച്ചയ്‌ക്ക് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യവും സർക്കാർ തള്ളി.

ലോക്‌സഭ കഴിഞ്ഞ ദിവസം ബിൽ പാസാക്കിയിരുന്നു.

എൻ.ഡി.എ ന്യൂനപക്ഷമായ രാജ്യസഭയിൽ ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ് എന്നിവയുടെ പിന്തുണ ഉറപ്പാക്കിയാണ് ബിൽ സർക്കാർ പാസാക്കിയത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി, തൃണമൂൽ, ഡി.എം.കെ, ആംആദ്‌മി അംഗങ്ങൾ വോട്ടെടുപ്പിന് മുൻപ് സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

കമ്മിഷണർമാരുടെ കാലാവധിയും ശമ്പളവും കേന്ദ്രം തീരുമാനിക്കുന്നത് വിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് നേരത്തേ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബിൽ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അവർ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. ചിലർ ബില്ല് കീറി എറിഞ്ഞു. പ്രക്ഷുബ്‌ധമായ സഭ പല തവണ നിറുത്തി. സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിടാമെന്ന ഉപാധിയിൽ ചർച്ച തുടർന്നു. എന്നാൽ പ്രമേയവും ബിൽ പാസാക്കാനുള്ള നടപടിയും ഒന്നിച്ചാണ് പരിഗണിച്ചത്. 117 പേർ പ്രമേയത്തെ എതിർത്തപ്പോൾ 75 പേരാണ് അനുകൂലിച്ചത്. തുടർന്ന് ബില്ലിന്റെ വോട്ടെടുപ്പിന് സ്ലിപ്പ് വിതരണം ചെയ്‌തപ്പോൾ ഒരു ബി.ജെ.പി അംഗത്തിന്റെ ഇടപെടലാണ് കൈയാങ്കളിയുടെ വക്കിൽ എത്തിച്ചത്. അതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും വോട്ടെടുപ്പിന് പ്രസക്തി ഇല്ലാതാവുകയും ചെയ്‌തു.

ഭേദഗതികൾ

കേന്ദ്ര,​ സംസ്ഥാന വിവരാകാശ കമ്മിഷണർമാരുടെ കാലാവധി കേന്ദ്രസർക്കാർ തീരുമാനിക്കും. നിലവിൽ അഞ്ചു വർഷമോ 65 വയസുവരെയോ ആണ് കാലാവധി.

കമ്മിഷണർമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ സേവന വേതന വ്യവസ്ഥയുള്ളത് ഒഴിവാക്കി.

ഇനി ശമ്പളവും അലവൻസുകളും മറ്റ് സേവന വ്യവസ്ഥകളും കേന്ദ്രസർക്കാർ തീരുമാനിക്കും.

കമ്മിഷണർ സർക്കാർ പെൻഷൻ പറ്റുന്നെങ്കിൽ ശമ്പളത്തിൽ നിന്ന് അതു കുറയ്‌ക്കും.

കമ്മിഷണർമാർ ഇനി സർക്കാർ വരുതിയിൽ

വിവരാവകാശ അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാൻ കമ്മിഷണർമാർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മേലുള്ള അധികാരം ഭേദഗതിയിലൂടെ ഇല്ലാതാകും

നിലവിൽ കേന്ദ്ര വിവരാവകാശ കമ്മിഷണർക്ക് ഭരണഘടനാ പദവിയിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് തുല്യമായ സേവന, വേതന വ്യവസ്ഥയുണ്ട്. അവരുടെ അധികാരവും വിപുലമാണ്.

നിലവിൽ അഞ്ചുവർഷം കാലാവധിയുള്ളതിനാൽ വിവാദമായ പരാതികളിൽ തീർപ്പു കൽപ്പിക്കാൻ ആവശ്യമായ സമയം ലഭിക്കുന്നുണ്ട്.

അനഭിമതരായ കമ്മിഷണർമാരെ പെട്ടെന്ന് പുറത്താക്കാൻ ഭേദഗതി സർക്കാരുകൾക്ക് അധികാരം നൽകും.

വിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാകും

സത്യസന്ധരായ ഉദ്യോഗസ്ഥർ പോലും വിവരങ്ങൾ പുറത്തുവിടാൻ മടിക്കും

കാലാവധിയും ശമ്പളവും സർക്കാർ നിശ്ചയിച്ചാൽ, ഭരണകൂടത്തിനെതിരായ ഉത്തരവുകളിൽ കമ്മിഷണർമാർ സ്വാധീനിക്കപ്പെടാം.

പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യത, നോട്ട് നിരോധനത്തിന്റെ കണക്ക്, കള്ളപ്പണത്തിന്റെ കണക്ക് തുടങ്ങിയവ വിവരാവകാശ നിയമം വഴി ചോദിച്ചതാണ് കമ്മിഷണർമാരുടെ പല്ല് കൊഴിക്കുന്ന ഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്.

- ജയറാം രമേശ്

കോൺഗ്രസ് എം. പി

ചരിത്ര നിയമത്തെ ഇല്ലാതാക്കാനാണ് മോദി സർക്കാരിന്റെ ശ്രമം. വിവിധ മേഖലകളിലെ വിശദമായ ചർച്ചയ്‌ക്ക് ശേഷമാണ് യു.പി.എ സർക്കാർ നിയമം കൊണ്ടുവന്നത്. വിവരാവകാശ നിയമം ഭരണം സുതാര്യമാക്കി.

- സോണിയാഗാന്ധി