തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ പീഡന ആരോപണം ഉയർത്തിയ യുവതി പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു. മകനോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് പരാതിക്കാരിയായ യുവതി തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന്റെ നിമിഷങ്ങൾ എന്ന തലക്കെട്ടോടെയാണ് യുവതി ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അതേസമയം കേസ് റദ്ദ് ചെയ്യണമെന്ന ബിനോയിയുടെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെവെയാണ് ഫോട്ടോ പുറത്തു വന്നത്.
യുവതി നൽകിയ ലൈംഗിക ചൂഷണക്കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നായിരുന്നു ബിനോയിയുടെ ഹർജി. ബിനോയിയുടെ അഭിഭാഷകൻ ഉന്നയിച്ച പ്രകാരം ഹർജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. യുവതി പങ്കുവച്ച ചിത്രത്തിനോടൊപ്പം 2013 ലെ പിറന്നാളാഘോഷത്തിന്റെേതാണെന്നും ചേർത്തിട്ടുണ്ട്. ബിനോയിക്കൊപ്പം യുവതി മുംബയ് അന്തേരി വെസ്റ്റിൽ താമസിച്ചിരുന്നപ്പോഴുള്ള ചിത്രമാണത്. ഈ ചിത്രം കോടതിയിലും സമർപ്പിച്ചിട്ടുണ്ട്.
തന്നെ ബ്ലാക്മെയിൽ ചെയ്യുകയാണ് യുവതി എന്നാണ് ബിനോയ് നേരത്തെ പറഞ്ഞിരുന്നത്. ഈ വാദം ഉന്നയിച്ചാണ് ബോംബെ ഹെെക്കോടതിയെ ബിനോയ് സമീപിച്ചതും. എന്നാൽ ഇപ്പോൾ ബിനോയിക്കെതിരെ യുവതി ശബ്ദരേഖയും പുറത്തുവിട്ടു. അതിൽ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാമെന്നും തന്റെ പേര് പറയരുതെന്നും ബിനോയ് ആവശ്യപ്പെടുന്നു. എന്നാൽ, അത്രയും പറ്റില്ലെങ്കിൽ കഴിയുന്നത് നൽകാനാണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. പുതിയ ചിത്രവും ബിനോയ് കോടിയേരിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.