ന്യൂഡൽഹി : ഇക്കഴിഞ്ഞ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാതിരുന്ന ഇന്ത്യൻ ഫുട്ബാൾ ടീം ഫിഫ റാങ്കിംഗിൽ രണ്ട് പടവ് ഇറങ്ങി 103-ാം സ്ഥാനത്തായി. താജികിസ്ഥാൻ (4-2), കൊറിയ (5-2), എന്നിവർ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. സിറിയയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. ഇതോടെ ഇന്ത്യയ്ക്ക് അഞ്ച് റാങ്കിംഗ് പോയിന്റുകൾ നഷ്ടമായി. ഏപ്രിലിൽ ഇന്ത്യ 101-ാം റാങ്കിലായിരുന്നു.
ബ്രസീൽ രണ്ടാം റാങ്കിൽ
കോപ്പ അമേരിക്ക ചാമ്പ്യൻമാരായ ബ്രസീൽ ഫിഫ റാങ്കിംഗിൽ രണ്ടാംസ്ഥാനത്തേക്ക് ഉയർന്നു. ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ മറികടന്നാണ് ബ്രസീൽ രണ്ടാമതെത്തിയത്. ബെൽജിയമാണ് ഒന്നാം റാങ്കിൽ. ഇംഗ്ളണ്ട്, ഉറുഗ്വേ, പോർച്ചുഗൽ, ക്രൊയേഷ്യ, കൊളംബിയ, സ്പെയ്ൻ, അർജന്റീന എന്നിവരാണ് യഥാക്രമം നാലുമുതൽ 10 വരെ സ്ഥാനങ്ങളിൽ. ജർമ്മനി 15-ാം റാങ്കിലും ഇറ്റലിയും ഹോളണ്ടും 16-ാം റാങ്കിലുമാണ്. 29 വർഷത്തിനുശേഷം ആഫ്രിക്കൻ ചാമ്പ്യന്മാരായ അൾജീരിയ 28 പടവ് ഉയർന്ന് 40-ാം റാങ്കിലെത്തി.