നരഭോജികളായ കടുവകളെയും പുലികളെയും വേട്ടയാടുന്ന നായാട്ടുകാരനിൽ നിന്ന് വന്യജീവി സംരക്ഷകനായി മാറിയ ജിം കോർബറ്റിന്റെ ജന്മദിനമാണ് ഇന്ന്. 1875 ജൂലായ് 25 ന് നൈനിറ്റാളിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിലാണ് ജിം കോർബറ്റ് ജനിച്ചത്. കുട്ടിക്കാലത്തിലെ തന്നെ കാട് കോർബറ്റിനെ ആകർഷിച്ചിരുന്നു. കാടിനെക്കുറിച്ചും പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേട്ട് അവയെ തിരിച്ചറിയുന്നതിനും കോർബറ്റിനു പ്രത്യേക കഴിവുണ്ടായിരുന്നു. കൂടാതെ ഉന്നം തെറ്റാതെ വെടി വയ്ക്കാനും. പ്രതിഫലത്തിനു വേണ്ടിയായിരുന്നില്ല കോർബറ്റ് മൃഗങ്ങളെ കൊന്നിരുന്നത്. പിന്നിട് കോർബറ്റ് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ കേണലായി.
അന്നൊക്കെ, ജനങ്ങളെ കൊന്നുതിന്നുന്ന നരഭോജികളായ നരികളെ വെടിവെച്ചിടാൻ ഉത്തരേന്ത്യയിൽ എങ്ങും നിയോഗിക്കപ്പെട്ടിരുന്നത് കോർബറ്റായിരുന്നു. കാടുകേറിയിറങ്ങിയുള്ള ഈ നായാട്ടുകൾക്കിടെ കാടിനോടും വന്യജീവികളോടെയും താൻപോലും അറിയാതെ സ്ഥാപിക്കപ്പെട്ട ഒരു അടുപ്പം ജിമ്മിനെ ഒരു വന്യജീവി സംരക്ഷകനും, എഴുത്തുകാരനും ഒക്കെയാക്കി മാറ്റി.
ഇതിനൊക്കെപ്പുറമെ, മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടി ആയിരുന്നു. എഡ്വേർഡ് ജെയിംസ് കോർബറ്റ് എന്ന ജിം കോർബറ്റ്. നായാട്ടിലുള്ള തന്റെ അസാമാന്യ പാടവവും, വന്യമൃഗങ്ങൾ പിന്നിൽ ഉപേക്ഷിച്ചുപോകുന്ന പഗ് മാർക്കുകളും മറ്റും നിരീക്ഷിച്ച് അവയെപ്പറ്റി വളരെ ആഴത്തിലുള്ള പല നിരീക്ഷണങ്ങളും നടത്താനുള്ള സവിശേഷമായ കഴിവും എല്ലാം അദ്ദേഹം മനുഷ്യരുടെയും വന്യജീവികളുടെയും നന്മയ്ക്കായി ഉപയോഗപ്പെടുത്തി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഇന്ത്യയിൽ നരഭോജികളായ നിരവധി കടുവകളും പുലികളും ഒക്കെ മേഞ്ഞു നടന്നിരുന്നു. അവയിൽ പലതിന്റെയും അന്തകനാകാൻ അതാത് പ്രദേശങ്ങളിലെ അധികാരികൾ ജിം കോർബറ്റിനെ വിളിച്ചു വരുത്തുമായിരുന്നു. കോർബറ്റ് വെടിവെച്ചു കൊന്ന കടുവകളിൽ ഒന്നായിരുന്നു കുപ്രസിദ്ധ നരഭോജിയായ 'ചമ്പാവത്തിലെ കടുവ'. 1907 -ൽ കോർബറ്റിന്റെ തോക്കിനിരയാവുന്നത് വരെയുള്ള തന്റെ ജീവിതകാലഘട്ടത്തിൽ അത് കവർന്നത് 436 മനുഷ്യ ജീവനുകളാണ് എന്ന് പറയുമ്പോഴാണ് ആ പദത്തിന്റെ അർത്ഥവ്യാപ്തി പിടികിട്ടുക. കോർബറ്റ് ആ പെൺകടുവയെ വെടിവെച്ചിടുന്നത് അത് തന്റെ 436 -ാമത്തെ ഇരയായ പതിനാറുകാരി പെൺകുട്ടിയെ തിന്നുകൊണ്ടിരിക്കുമ്പോഴാണ്. അൽമോറയിൽ പ ആൺപുലി കൊന്നുതിന്നത് ആകെ 400 പേരെയാണ്. അതിനെയും കൊല്ലാൻ ഒടുവിൽ കോർബറ്റിനെ വിളിച്ചുവരുത്തി നാട്ടുകാർ. അങ്ങനെ, 31 വർഷത്തെ തന്റെ നായാട്ടുജീവിതത്തിനിടയിൽ ജിം കോർബറ്റ് കൊന്നിട്ടുള്ളത് ഇത്തരത്തിലുള്ള 33 നരഭോജികളെയാണ്. അതിൽ 19 കടുവകളും 14 പുലികളും ഉണ്ടായിരുന്നു.
നരഭോജികളായ കടുവകളുമായി ഏറ്റുമുട്ടിയതിന്റെ ആവേശജനകമായ അനുഭവക്കുറിപ്പുകളാണ് ജിംകോർബറ്റിന്റെ പുസ്തകങ്ങൾ. കോർബറ്റ് എഴുതിയ 'മാൻ ഈറ്റേഴ്സ് ഓഫ് കുമയൂൺ ' എന്ന പുസ്തകം ഇന്നും ബെസ്റ്റ് സെല്ലറാണ്. കൂമയൂൺ കടുവകളുമായുള്ള ഏറ്റുമുട്ടലുകളുടെ 13 കഥകളാണ് പുസ്തകത്തിലുള്ളത്. 436 ആളുകളെ കൊന്ന ചമ്പവതിലെ കടുവയെ കൊന്നതുൾപ്പടെയുള്ള അവിസ്മരണീയമായ അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്.
ആദ്യ പുസ്തകത്തിന്റെ വിജയമാണ് ' ദി ടെംബിൾ ടൈഗർ', ' ദി മാൻ ഈറ്റിംഗ് ലെപ്പേഡ് ഓഫ് രുദ്രപ്രയാഗ് ' എന്നീ പുസ്തകങ്ങൾക്ക് പ്രചോദനമായത്. കടുവ, പുള്ളിപ്പുലി, കരടി എന്നിവയെ വേട്ടയാടിയതിന്റെ അനുഭവങ്ങൾക്കൊപ്പം അദ്ദേഹം കടന്നുപോയ ഭൂവിഭാഗങ്ങളിലെ സസ്യജാലങ്ങളെയും ഭൂപ്രകൃതിയെയും വീരപുരുഷന്മാരെയും കുറിച്ചുള്ള കുറിപ്പുകളും ശ്രദ്ധേയമാണ്.
രുദ്രപ്രയാഗിലെ പുള്ളിപ്പുലിയെ വേട്ടയാടിയതിന്റെ അനുഭവങ്ങളാണ് മൂന്നാമത്തെ പുസ്തകം ' ദി മാൻ ഈറ്റിങ് ലെപ്പേഡ് ഓഫ് രുദ്രപ്രയാഗ് '. 'ജംഗിൾ സ്റ്റോറീസ്', 'മൈ ഇന്ത്യ', 'ജംഗിൾ ലോർ', 'ദി ടെംമ്പിൾ ടൈഗർ ആൻഡ് മോർ മാൻ ഈറ്റേഴ്സ് ഓഫ് കുമയൂണ്‍', 'ട്രീ ടോപ്‌സ്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങൾ.
1920 -ലാണ് കോർബറ്റ് തന്റെ സുഹൃത്തിനാൽ പ്രചോദിതമായി ഒരു കാമറ വാങ്ങുന്നത്. അന്നുമുതൽ അദ്ദേഹം കടുവകളെ ഫിലിമിലാക്കിക്കൊണ്ടിരിക്കുന്നു. കുമായോൺ കുന്നുകൾ കേന്ദ്രീകരിച്ച് ഹെയ്ലി പാർക്ക് എന്ന പേരിൽ ഒരു നാഷണൽ പാർക്ക് തുടങ്ങി വന്യജീവികളെ സംരക്ഷിക്കുന്നതിനെപ്പറ്റി ആദ്യമായി പദ്ധതിയിട്ടത് ജിം കോർബറ്റ് ആണ്. അതാണ് അമ്പതുകളിൽ ജിം കോർബറ്റ് നാഷണൽ പാർക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.
മനുഷ്യരുടെ ജീവന് ഭീഷണിയായിരുന്ന കടുവകളെ വെടിവെച്ചുകൊന്നിരുന്നു എങ്കിലും കടുവകളെ കോർബറ്റിനു വളരെ ബഹുമാനമായിരുന്നു. തന്റെ പുസ്തകത്തിൽ അദ്ദേഹം കടുവകളെ വിശേഷിപ്പിച്ചത്, 'അസാമാന്യ ധൈര്യമുള്ള, വിശാലഹൃദയരായ മാന്യർ' എന്നാണ്.