ഇരവികുളം ദേശീയോദ്യാനം
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ഇരവികുളം. വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയാണിത് നിലവിൽവന്നത്. 1978 ൽ രൂപീകൃതമായ ഇരവികുളം ദേശീയോദ്യാനമാണ് കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം.
വരയാട്, സിംഹവാലൻകുരങ്ങ്, മാനുകൾ, കാട്ടുപോത്തുകൾ തുടങ്ങി പല ജീവികളും ഇവിടെയുണ്ട്. പുൽമേട്, ചോലവനം, കുറ്റിച്ചെടി എന്നിങ്ങനെ വ്യത്യസ്തമായ സസ്യജാലങ്ങളാണ് ഇവിടെയുള്ളത്.
ആനമുടി
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ്. 2698 മീറ്റർ ഉയരമുള്ള ആനമുടി മൂന്നാർ പഞ്ചായത്തിലാണിത് സ്ഥിതിചെയ്യുന്നത്.ആനമല നിരകൾ, ഏലമലനിരകൾ, പളനിമലനിരകൾ എന്നിവ ചേരുന്ന ഭാഗമാണ് ആനമുടി. നീലക്കുറിഞ്ഞി ഇവിടത്തെ പ്രത്യേകതയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ട ഇടംകൂടിയാണ് ആനമുടി.
ആനമുടിചോല
ദേവികുളം താലൂക്കിൽ മറയൻ വില്ലേജിൽ സ്ഥിതിചെയ്യുന്നു. മന്നവൻചോല, ഇടിവരചോല, പുല്ലരടിചോല എന്നിവ ചേർന്നതാണ് ആനമുടി ചോല.
മതികെട്ടാൻ ചോല
ഉടുമ്പൻചോല താലൂക്കിൽ പുപ്പാറ വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ചോല പുൽമേട് എന്ന ആവാസ വ്യവസ്ഥയാണ് ഇവിടത്തെ പ്രത്യേകത.
സെെലന്റ് വാലി
പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന സൈലന്റ് വാലി കന്യാവനമാണ്. നീലഗിരി ബയോ റിസർവിന്റെ ഭാഗമായ സൈലന്റ് വാലി പുരാണങ്ങളിൽ സൈരന്ധ്രിവനം എന്നാണറിയപ്പെട്ടിരുന്നത്. പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശങ്ങളാണ് സൈലന്റ് വാലി കാടുകൾ.
ചീവിടുകൾ സൃഷ്ടിക്കുന്ന ശബ്ദമയാനമായ അന്തരീക്ഷം ഇവിടെ ഇല്ലത്തതിനാൽ നിശബ്ദ താഴ്വര എന്നർത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് നൽകിയത് ബ്രീട്ടീഷുകാരാണ്.
സിംഹവാലൻകാരങ്ങ്, കരിങ്കുരങ്ങ്, കരടി, മ്ളാവ്, മലമുഴക്കി വേഴാമ്പൽ, പുള്ളിമാൻ എന്നിങ്ങനെ പലതരം ജീവികളും ഇവിടെയുണ്ട്.
1984 ൽ ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ഇന്ദിരാഗാന്ധിയാണ്. 1985 ൽ ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത് രാജീവ് ഗാന്ധിയാണ്. മണ്ണാർക്കാട് താലൂക്കിലാണ് സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത്.
സിംഹവാലൻ കുരങ്ങ്
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന, വംശനാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്ന മൃഗമാണ് സിംഹവാലൻ കുരങ്ങ്. വെള്ളനിറമുള്ള സടയാണ് ഇതിന്റെ പ്രത്യേകത.
ഇതിന്റെ വാലിന്റെ അറ്റം സിംഹത്തിന്റെ വാലുപോലെ ആയതു കൊണ്ടാണ് ഇതിനെ സിംഹവാലൻ കുരങ്ങ് എന്ന് വിളിക്കുന്നത്.
മഴക്കാടുകളിൽ താമസിക്കുന്ന ഇവർ മനുഷ്യനുമായുള്ള ചങ്ങാത്തം ഇഷ്ടപ്പെടുന്നില്ല. മക്കാക്കു സൈലൻസ് (macacu silenus) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം.
പെരിയാർ
കടുവ സംരക്ഷണ പ്രദേശം കൂടിയാണ് പെരിയാർ ദേശീയോദ്യാനം. 1899 ൽ പെരിയാർ തടാക തീരത്തെ വനപ്രദേശങ്ങൾ ഉൾപ്പെടുത്തി പെരിയർ ലേക് റിസർച്ച് രൂപീകരിച്ചു. ശ്രീചിത്തിര തിരുനാളിന്റെ പ്രത്യേക താത്പര്യപ്രകാരം 1934 ൽ നെല്ലിക്കാംപെടി എന്ന പേരിൽ വന്യജീവിസങ്കേതം തുടങ്ങി. ഇത് 1978 ലാണ് കടുവാ സംരക്ഷണ പ്രദേശമായത്.
പലതരം ചെറു സസ്തിനികൾ, വരയാട്, കാട്ടുപോത്ത് എന്നിവയൊക്കെ ഇവിടെ കാണപ്പെടുന്നു. മലമ്പണ്ടാരങ്ങൾ, ഉരളികൾ, മലയരന്മാർ മുതലായ ആദിവാസികൾ പെരിയാർ ദേശീയോദ്യാനത്തിന് സമീപത്തായി വസിക്കുന്നു.
പാമ്പാടുംചോല
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം. മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു.
കേരളത്തിലെ ചുരങ്ങൾ
1. ആര്യങ്കാവ് ചുരം
കൊല്ലം ജില്ലയെ തമിഴ്നാട്ടിലെ തിരുനെൽവേലിയുമായി ബന്ധിപ്പിക്കുന്ന ചുരം, കൊല്ലം- തിരുമംഗലം ദേശീയപാത, കൊല്ലം -ചെങ്കോട്ട റെയിൽ പാത എന്നിവ ഇതുവഴി കടന്നുപോകുന്നു. ആര്യങ്കാവ് ചുരം വഴി വീശുന്ന ചൂടുകാറ്റാണ് പുനലൂരിനെ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂടുള്ള പ്രദേശമാക്കി മാറ്റുന്നത്. റെയിൽവേയുടെ ഭാഗമായി നിർമ്മിച്ച അരക്കിലോമീറ്ററിലധികം വരുന്ന തുരങ്കം ഇൗ ചുരത്തിന്റെ പ്രത്യേകതയാണ്.
2. പാലക്കാട് ചുരം
പാലക്കാട് ജില്ലയെ തമിഴ്നാട്ടിലെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നു. പശ്ചിമഘട്ടത്തിലെ ഏറ്റവും നീളംകൂടിയ ചുരമാണ് 4 കി.മീ നീളമുള്ള പാലക്കാട് ചുരം. മറ്റു ചുരങ്ങളിൽ നിന്നും വ്യത്യസ്തമായി സമതല പ്രദേശമാണ് പാലക്കാട് ചുരം. പാലക്കാട് ചുരത്തിന്റെ വടക്ക് ഭാഗത്ത് വാളയാർ മലകളും തെക്ക് ഭാഗത്ത് നെല്ലിയാമ്പതി മലകളുമാണ്. പ്രാചീന കാലം മുതൽ തന്നെ പലവിധ ജനതകളും ഇതിലൂടെ കേരളത്തിലേക്ക് കടന്നുവന്നു. കേരളത്തിനെയും തമിഴ്നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാത കടന്നുപോകുന്നത് ഇൗ ചുരത്തിലൂടെയാണ്.
3. താമരശേരി ചുരം
കോഴിക്കോടിനെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം. വയനാട് ചുരം എന്നും ഇതറിയപ്പെടുന്നു. വയനാടിനെയും മൈസൂറിനെയും തമ്മിലും ബന്ധിപ്പിക്കുന്ന ഇതിൽ 9 ഹെയർപിൻ വളവുകളുണ്ട്. 9-ാമത്തെ ഹെയർപിൻ വളവിൽ നിന്നുനോക്കിയാൽ കോഴിക്കോടിന്റെ അതിമനോഹരമായ ആകാശദൃശ്യം കാണാം. ബ്രിട്ടീഷുകാരാണ് താമരശേരി ചുരം നിർമ്മിച്ചത്. കരിന്തണ്ടൻ എന്ന ആദിവാസിയാണ് പാത കണ്ടുപിടിക്കാൻ ബ്രിട്ടീഷുകാരെ സഹായിച്ചത്.
എന്നാൽ പാത കണ്ടുപിടിച്ചതിനുശേഷം കരിന്തണ്ടനെ ബ്രിട്ടീഷുകാർ കൊന്നു എന്നു പറയപ്പെടുന്നു.കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലമരത്തിൽ ബന്ധിപ്പിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു.
മറ്റ് ചുരങ്ങൾ
പേരമ്പാടി -കണ്ണൂർ -കുടക്
പേരിയ -മാനന്തവാടി -മൈസൂർ
ബോഡിനായ്ക്കന്നൂർ -ഇടുക്കി -മധുര
നാടുകാണി -മലപ്പുറം -മൈസൂർ
കരിന്തണ്ടൻ
പണിയർ എന്ന ആദിവാസി സമുദായത്തിലെ യുവാവ്. 1756 മുതൽ 1799 വരെ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. വയനാടൻ കാടുകളും ഭൂപ്രകൃതിയും നന്നായറിയാവുന്ന കരിന്തണ്ടൻ ബ്രിട്ടീഷ് എൻജിനിയർമാരെ റോഡ് നിർമ്മിക്കുന്നതിന് സഹായിച്ചു എന്നാണ് പറയപ്പെടുന്നത്.
ചങ്ങലമരം
വയനാട്ടിലെ ലക്കിടിയിലാണ് ചങ്ങലമരം. ചങ്ങലകൊണ്ട് ചുറ്റപ്പെട്ട നിലയിലാണ് ഇൗ മരം. ബ്രിട്ടീഷ് എൻജിനിയർക്ക് വഴികാട്ടിയായ കരിന്തണ്ടൻ എന്ന ആദിവാസിയുവാവിനെ കൊന്നു. ഗതികിട്ടാതെ അലഞ്ഞ കരിന്തണ്ടന്റെ ആത്മാവ് ഇതുവഴി പോകുന്നവരെ ശല്യപ്പെടുത്താൻ തുടങ്ങി. അതിനാൽ ആ ആത്മാവിനെ ചങ്ങലകൊണ്ട് ഇൗ മരത്തിൽ ബന്ധിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. താമരശേരി ചുരം വഴി കടന്ന് പോകുന്ന ചിലർ സുരക്ഷിത യാത്രയ്ക്കായി ചങ്ങലമരം സന്ദർശിക്കാറുണ്ട്.
പക്ഷി സങ്കേതങ്ങൾ
1. തട്ടേക്കാട്
ഡോ. സലീം അലി പക്ഷിസങ്കേതം എന്നും അറിയപ്പെടുന്ന ഇത് എറണാകുളം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. 1983 ൽ സ്ഥാപിതമായ തട്ടേക്കാട് പക്ഷി സങ്കേതം ഡോ. സലീം അലിയുടെ ശുപാർശ പ്രകാരമാണ് സ്ഥാപിതമായത്. പലതരത്തിലുള്ള പക്ഷികളെ നമുക്കിവിടെ കാണാൻ കഴിയും. ഉഷ്ണമേഖലാവനപ്രദേശമാണ് തട്ടേക്കാട്. ഭൂതത്താൻകെട്ട് അണക്കെട്ട് ഇൗ പ്രദേശത്താണ്. തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ പെരിയാർ നദിയൊഴുകുന്നു. വെള്ളിമൂങ്ങ, തീക്കാക്ക, തവളവായൻകിളി എന്നിവയെ ഇവിടെ കാണാം. കൂടാതെ മറ്റു പല മൃഗങ്ങളുമുണ്ട്.
2. മംഗളവനം
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന മംഗളവനം കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്നു. സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണിത്. ഇവിടം കണ്ടൽവനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള കേരളത്തിലെ ഏക പക്ഷിസങ്കേതവും മംഗൾ വനമാണ്.
ചിലന്തികൾ, വവ്വാലുകൾ എന്നിവയും ഇവിടെ കാണാം.
3. കടലുണ്ടി പക്ഷിസങ്കേതം
കടലുണ്ടിയിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം. കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന രംഗത്ത് ചെറിയ തുരുത്തുകളായി സ്ഥിതി ചെയ്യുന്നതാണ് കടലുണ്ടി പക്ഷി സങ്കേതം. ദേശാടനപക്ഷികളുടെ സങ്കേതമാണ് കടലുണ്ടി പക്ഷി സങ്കേതം. കൂടാതെ തദ്ദേശയിനം പക്ഷികളെയും ഇവിടെ കാണാം. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്നത് കടലുണ്ടി പക്ഷിസങ്കേതമാണ്.
4.കുമരകം പക്ഷിസങ്കേതം
വേമ്പനാട് കായലിന്റെ തീരത്തായതിനാൽ വേമ്പനാട് പക്ഷിസങ്കേതം എന്നും അറിയപ്പെടുന്നു. കോട്ടയത്തെ കുമരകത്താണിത് സ്ഥിതിചെയ്യുന്നത്. ആൽഫ്രഡ് ജോർജ് ബേക്കർ സ്ഥാപിച്ച പക്ഷിസങ്കേതമായതിനാൽ ആദ്യകാലത്ത് ഇത് ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്നു.
5.ചൂലനൂർ
കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രമാണിത്. പാലക്കാട്, തൃശൂർ ജില്ലകളിലായി പരന്നുകിടക്കുന്ന പക്ഷിസങ്കേതമാണിത്. നിബിഡവനങ്ങളുള്ള ഇവിടെ മയിലുകൾ ധാരാളമായി കാണപ്പെടുന്നു. പ്രശസ്ത പക്ഷി നിരീക്ഷകനായ കെ.കെ. നീലകണ്ഠന്റെ ഒാർമ്മയ്ക്കായി സമർപ്പിച്ചിരിക്കുന്ന പക്ഷി സങ്കേതമാണിത്.
6. അരിപ്പ പക്ഷിസങ്കേതം
തിരുവനന്തപുരം ചെങ്കോട്ട റൂട്ടിൽ അരിപ്പ എന്ന വനപ്രദേശത്തുള്ള പക്ഷി സങ്കേതം. ഉപ്പൻകുയിൽ , കാട്ടുതത്ത, കാട്ടുമൂങ്ങ, വേലിതത്ത എന്നിങ്ങനെയുള്ള പക്ഷികൾക്ക് പുറമേ വൈവിധ്യമാർന്ന ജീവജാലങ്ങളെയും ഇവിടെ കാണം.