പലഹാരങ്ങളുടെ ചേരുവ എന്നതിനപ്പുറം പലതരം ആരോഗ്യഗുണങ്ങളുണ്ട് ഉഴുന്നിന്. കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീൻ, ഇരുമ്പ്, നാരുകൾ, ഫോളിക് ആസിഡ് എന്നിവ ഉഴുന്നിലുണ്ട്. ഗർഭിണികൾക്ക് മികച്ച ഭക്ഷണം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ചീത്ത കൊളസ്ട്രോൾ താഴ്ത്തി നല്ല കൊളസ്ട്രോളിന്റെ നില ഉയർത്താൻ സഹായിക്കുന്നു.
ഉഴുന്നിലുള്ള ഷോർട്ട് ചെയിൻ ഫാറ്റി ആസിഡും എസൻഷ്യൽ ഫാറ്റി ആസിഡും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും മറവിരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ശരീരത്തിന് ഊർജം പ്രദാനം ചെയ്യാൻ സഹായിക്കുന്നു ഉഴുന്ന്. മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർ ഉഴുന്ന് വേവിച്ച് നെയ്യ് ചേർത്ത് കഴിക്കുന്നത് മികച്ച ഫലം നൽകും. കുട്ടികൾക്ക് ഉഴുന്ന് അടങ്ങിയ പലഹാരങ്ങൾ നൽകുന്നതിലൂടെ ശാരീരിക വളർച്ചയും ബുദ്ധിശക്തിയും ഉറപ്പാക്കാം. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം ഉറപ്പാക്കാനും മികച്ചതാണ്. ഉഴുന്നിൽ ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ കിഡ്നി സ്റ്റോൺ, റുമാറ്റിക് ഡിസീസ് എന്നിവയുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.