കഥ ഇതുവരെ ...
വടക്കേ കോവിലകത്തെ പാഞ്ചാലി എന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ രണ്ടാനമ്മ ചന്ദ്രകലയും സംഘവും ചേർന്ന് പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്നു. അവളുടെ കാമുകൻ വിനോദിനെയും പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തി. എല്ലാത്തിന്റെയും ബുദ്ധികേന്ദ്രമായ എം.എൽ.എ ശ്രീനിവാസ കിടാവ് പഞ്ചാലിയുടെ ചെറിയച്ഛന്മാരെ സ്‌ത്രീപീഡനത്തിൽ കുടുക്കി. അവർ പോലീസിന്റെ 'ഉരുട്ടൽ" കൊണ്ട് അത്യാസന്ന നിലയിൽ ആശുപത്രിയിൽ.. പാഞ്ചാലിയുടെ കൊലപാതകത്തിന് കൂട്ടുനിന്ന സൂസൻ എന്ന സീരിയൽ നടി കോവിലകത്തു വച്ച് കൊല്ലപ്പെട്ടു. അവിടെ പല അനിഷ്ട സംഭവങ്ങളും ഉണ്ടായി. പാഞ്ചാലിയുടെ ചെറിയച്ഛന്മാരെ മർദ്ദിച്ച സി.ഐ ഋഷികേശിന്റെ രണ്ടുവയസുള്ള കുട്ടിയെ ആരോ കൊലപ്പെടുത്തി. കോവിലകത്ത് പാഞ്ചാലിയുടെ പ്രേതമുണ്ടെന്നു വിശ്വസിച്ച ചന്ദ്രകലയും കാമുകൻ പ്രജീഷും എല്ലാം വിറ്റിട്ട് നാടു വിടാൻ തീരുമാനിക്കുന്നു.
തുടർന്ന് വായിക്കുക...
കറണ്ടുപോയത് ചന്ദ്രകലയ്ക്ക് ഒരു ആശ്വാസമായിരുന്നു. സൂസന്റെ മുഖം കാണണ്ടല്ലോ... കണ്ടുകഴിഞ്ഞാൽ ഭയപ്പെടുത്തുന്ന ഓർമ്മകൾ പാമ്പിനെപ്പോലെ തല പൊക്കും.
സൂസന്റെ തുറിച്ച കണ്ണുകൾ..
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പോലെ..
വാസ്തവത്തിൽ ആരാണ് അവളെ കൊന്നത്?
പ്രജീഷാണെന്നു താൻ വിശ്വസിക്കില്ല. കാരണം അവൻ പുറത്തു നിന്നടച്ച വാതിലിന് ഉള്ളിൽ ആയിരുന്നല്ലോ...
കറണ്ട് ഉടൻ വരില്ലെന്നു തോന്നിയ ചന്ദ്രകല എഴുന്നേറ്റ് എമർജൻസി ലാംപ് തെളിക്കാൻ ഭാവിച്ചു.
അടുത്ത നിമിഷം...
ഒരു ലാംപ് അത്യുഗ്ര ശബ്ദത്തോടെ തറയിൽ വീണു ചിതറി.
''അയ്യോ... " ഭയന്ന് അലറിപ്പോയി ചന്ദ്രകല.
നിലവിളി നിലച്ചപ്പോൾ കോവിലകത്ത് ഭയാനകമായ ഒരു നിശ്ശബ്ദത.
എങ്ങനെയാണ് എമർജൻസി ലാംപ് തറയിൽ വീണുടഞ്ഞത്?
ഉത്തരം കിട്ടിയില്ല ചന്ദ്രകലയ്ക്ക്.
തന്റെ കൈ തട്ടി വീണതല്ല എന്നുറപ്പ്. ഇനി ഇരുട്ടിൽ തപ്പിത്തടഞ്ഞപ്പോൾ തന്റെ ശരീരം മേശയിൽ കൊണ്ടതാണോ?
അതിലും ഉറപ്പില്ല.
പെട്ടെന്ന്...
ഒരു ബോഡി സ്‌പ്രേയുടെ ഗന്ധം!
കിടുങ്ങിപ്പോയി ചന്ദ്രകല.
''ആരാ?"
അവളുടെ വറ്റിവരണ്ട തൊണ്ടയിൽ നിന്ന് ഒരു ചിലമ്പിച്ച ശബ്ദമുയർന്നു.
ആ ബോഡി സ്‌പ്രേ പാഞ്ചാലി ഉപയോഗിക്കുന്നതാണെന്ന് അവൾക്കു തോന്നി.
''ആ....രാ?"
ഒരിക്കൽകൂടി ചന്ദ്രകല വിക്കി.
''മമ്മിക്ക് എന്നെ മനസ്സിലായില്ലേ?"
ഇരുളിൽ ഒരു ചോദ്യം.
പാഞ്ചാലിയുടെ ശബ്ദം!
ചന്ദ്രകല മേശയുടെ വിളുമ്പിൽ അള്ളിപ്പിടിച്ചു.
താൻ ഇപ്പം താഴെ വീഴുമെന്ന് അവൾക്കു തോന്നി.
'പാ... ഞ്ചാ....ലി...."
ചന്ദ്രകലയുടെ നാവനങ്ങി.
''അതെ മമ്മീ.. പക്ഷേ മമ്മിക്ക് എന്നെ കാണാൻ കഴിയില്ലല്ലോ..."
ശബ്ദത്തിൽ സങ്കടം. ''എന്നെ നിങ്ങൾ ചുട്ടുകരിച്ചില്ലേ? എനിക്കിപ്പം ശരീരമില്ലല്ലോ..."
''മോളേ..."
പാഞ്ചാലി കരഞ്ഞു:
''എന്നോടു പൊറുക്കണം. അന്നേരത്തെ അവിവേകം കൊണ്ട് സംഭവിച്ചു പോയതാ... പണത്തോടുള്ള ആർത്തികൊണ്ട്."
''എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എനിക്കുള്ളതെല്ലാം ഞാൻ മമ്മിക്ക് തന്നേനെയല്ലോ.... അതിന് എന്നെ കൊല്ലണമായിരുന്നോ? എന്റെ വിനോദിനെ കൊല്ലണമായിരുന്നോ.. എന്റെ ചെറിയച്ഛന്മാരെ തല്ലി ചതയ്ക്കണമായിരുന്നോ?"
ഒന്നിനുമില്ല ചന്ദ്രകലയ്ക്ക് ഉത്തരം.
പാഞ്ചാലിയുടെ ശബ്ദം തുടർന്നു:
''ഒരാൾക്ക് എത്ര പണം കിട്ടിയാലാ മമ്മീ ആർത്തി തീരുന്നത്? ഈ ലോകത്തുള്ള പണം മുഴുവൻ മുന്നിൽ കിട്ടിയാലും നിങ്ങൾ പെട്ടെന്നൊരു അറ്റാക്കു വന്നു മരിച്ചാൽ ആ പണം കൊണ്ട് എന്തു പ്രയോജനം?"
ആ ശബ്ദം വരുന്നത് എവിടെ നിന്നാണെന്ന് അറിയില്ലെങ്കിലും കൈകൂപ്പിപ്പോയി ചന്ദ്രകല.
''മോളേ.. മമ്മിക്ക് പേടിയാ... മമ്മിയെ ഇങ്ങനെ ഭയപ്പെടുത്താതെ പോ..... മമ്മിയോടങ്ങ് ക്ഷമിക്ക്."
പാഞ്ചാലിയുടെ ശബ്ദത്തിന്റെ ഭാവം പെട്ടെന്നു മാറി.
''ക്ഷമിക്കണോ ഞാൻ? എന്റെ പപ്പയെ ചതിച്ചുകൊന്നത് ക്ഷമിക്കണോ? എന്റെ മമ്മിയെ കൊന്നത് ക്ഷമിക്കണോ? എന്നെയും എന്റെ പപ്പയെയും മമ്മിയെയും ചതിച്ച ഒരാളോടു പോലും ഞാൻ ക്ഷമിക്കില്ല..."
ഇരുട്ടിൽ ശക്തമായ കിതപ്പു കേട്ടു.
''തുടങ്ങിക്കഴിഞ്ഞു ഞാൻ. അതിന്റെ ഉദ്ഘാടനമാണ് സൂസനിലൂടെ കണ്ടത്... അതിൽ നിന്ന് നിങ്ങളും നിങ്ങളുടെ കാമുകനും രക്ഷപ്പെട്ടു. സമർത്ഥമായിട്ട്...
ഇപ്പോൾ എന്റെ പപ്പ വിയർപ്പൊഴുക്കി ഉണ്ടാക്കിയതെല്ലാം വിറ്റുപെറുക്കി നാടുവിടാൻ തീരുമാനിച്ചിരിക്കുകയല്ലേ നിങ്ങളും കാമുകനും?
ഇല്ല. എവിടെപ്പോയാലും ഞാൻ പിന്നിലുണ്ട്. പ്രതികാരം ചെയ്യാൻ... ഞങ്ങളെ ദ്രോഹിച്ച സകലരെയും തീർക്കാതെ ഞാൻ അടങ്ങില്ല...
മറ്റുള്ളവരുടെ വിറങ്ങലിച്ച ശവശരീരങ്ങൾ കണ്ട് നിങ്ങൾ ഓരോ നിമിഷവും ഇഞ്ചിഞ്ചായി നീറണം. അത് കണ്ടെങ്കിലേ എനിക്ക് സമാധാനമാകൂ. അതും കഴിഞ്ഞേ നിങ്ങളെ ഞാൻ കൊല്ലൂ..."
കാറ്റിലിളകുന്ന മരം കണക്കെ നിന്നു വിറയ്ക്കുകയാണ് ചന്ദ്രകല...
ഇപ്പോൾ നാവുപോലും മരവിച്ചുപോയിരിക്കുന്നു...
അടുത്ത നിമിഷം ഒരു ചാക്കുകെട്ടുപോലെ ചന്ദ്രകല കുഴഞ്ഞുവീണു....
അല്പം കഴിഞ്ഞപ്പോൾ കറണ്ട് വന്നു.
സമയം 8 മണി.
പ്രജീഷിന്റെ കാർ കോവിലകത്തിന്റെ മുറ്റത്തെത്തി.
കാറിൽ നിന്നിറങ്ങുമ്പോൾ ചെടികൾക്കു പിന്നിലേക്ക് ഒരു നിഴൽ നീങ്ങിയതുപോലെ അയാൾക്കു തോന്നി.
''ആരാടാ അത്?"
പ്രജീഷ് വേഗം അവിടേക്കു ചെന്നു.
ആരുമില്ല!
''ഛേ..."
സ്വയം പഴിച്ചുകൊണ്ട് അയാൾ ചന്ദ്രകലയുടെ മുറിയിലെത്തി.
അവിടെ ബോധശൂന്യയായ അവളെ കണ്ട് അമ്പരന്നു.
അടുത്ത നിമിഷം ആ മുറിയുടെ വാതിൽ ആരോ വലിച്ചടച്ചു.
പ്രജീഷ് ഞെട്ടിത്തിരിഞ്ഞു.
വാതിലിന്റെ പുറത്തുനിന്ന് കൊളുത്തിടുന്ന ശബ്ദം..
സൂസന്റെ മുറിയിൽ വച്ചു സംഭവിച്ചത് പ്രജീഷ് പെട്ടെന്ന് ഓർത്തു.
(തുടരും)