ന്യൂഡൽഹി: എണ്ണക്കടത്ത് ആരോപിച്ച് ഇറാൻ പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന ഒമ്പത് ഇന്ത്യക്കാരെ വിട്ടയച്ചു. 12 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്,മൂന്ന് പേരെ വിട്ടയച്ചിട്ടില്ല. ഈ മാസം 14നാണ് യു.എ.ഇ കമ്പനിക്കായി സർവീസ് നടത്തുന്ന എംടി റിയ എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്നാണ് സൂചന.
യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന കെആർബി പെട്രോകെമിക്കൽസ് കമ്പനി വാടകയ്‌ക്കെടുത്തതാണ് ഈ കപ്പൽ .കഴിഞ്ഞ ആഴ്ച ഇറാൻ പിടിച്ചെടത്ത സ്റ്റെന ഇംപേരോ എന്ന ബ്രിട്ടീഷ് കപ്പലിലെ 18 ഇന്ത്യക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. അതേസമയം ഇവർക്ക് ഇന്ത്യൻ കോൺസുലുമായി ബന്ധപ്പെടാനുള്ള അവസരം ലഭിച്ചിരുന്നു. ജീവനക്കാരിൽ മൂന്ന് പേർ മലയാളികളാണ്.
ഇരു കപ്പലുകളിലുമായി 21 ഇന്ത്യക്കാർ ഇപ്പോൾ ഇറാനിലുണ്ട്. ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ എണ്ണ ടാങ്കറായ ഗ്രേസ്-1 ൽ 24 ഇന്ത്യക്കാരുണ്ട്. ജീവനക്കാരെ കഴിഞ്ഞ ദിവസം ഇന്ത്യൻ ഹൈക്കമ്മിഷനിലെ കോൺസൽ അനിൽ നൗട്യാൽ സന്ദർശിച്ചിരുന്നു.