kamal

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണനെതിരെയുള്ള ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്റെ പരാമർശങ്ങൾക്കെതിരെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ രംഗത്ത്. ഒരു മലയാളി ഇത് പറയുമ്പോൾ ലജ്ജ തോന്നുന്നുവെന്നും അടൂരിനെ ചീത്തവിളിച്ചാൽ പബ്ലിസിറ്റി കിട്ടുമെന്ന് അയാൾ കരുതിയായിരിക്കാമെന്നും കമൽ പ്രതികരിച്ചു.

പത്മഭൂഷണും ഫാൽക്കേയുമൊക്ക ലഭിച്ച, ചലച്ചിത്ര ആസ്വാദകരെല്ലാം സ്‌നേഹിക്കുന്ന മനുഷ്യനെപ്പറ്റിയാണ് ഇത്തരമൊരു പരാമർശം നടത്തുന്നതെന്ന സാമാന്യ ബോധമെങ്കിലും ഇത് പറഞ്ഞ ബി.ജെ.പി നേതാവിന് ഉണ്ടാകണമായിരുന്നെന്ന് അദ്ദേഹം വിമർശിച്ചു.

എന്ത് കിട്ടാൻ ആഗ്രഹിച്ചിട്ടാണ് അടൂർ ഗോപാലകൃഷ്ണൻ ഇത് പറയുന്നതെന്ന് ചോദിച്ച മനുഷ്യനെയൊക്കെ എങ്ങനെയാണ് രാഷ്ട്രീയക്കാരനെന്ന് വിളിക്കുകയെന്ന് കമൽ ചോദിച്ചു. അതോടൊപ്പം ഇവരൊക്കെ ക്രിമിനലും രാജ്യദ്രോഹികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജയ് ശ്രീറാം എന്ന് വിളിക്കാൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് പറയുമ്പോൾ അവരുടെ അജണ്ട വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകരെല്ലാം വ്യക്തമായ കാഴ്ചപാടും നിലപാടും ഉള്ളവരാണെന്നും അവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും കമൽ പറഞ്ഞു. ഒരു ചലച്ചിത്ര പ്രവർത്തകനെന്ന നിലയിൽ തനിക്ക് ഇക്കാര്യത്തിൽ ശക്തമായ അമർഷമുണ്ടെന്നും കലാകാരന്മാർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങളെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതിൽ ആശങ്ക രേഖപ്പെടുത്തി അടൂർ ഗോപാലകൃഷ്ണനുൾപ്പെടെ 49 സിനിമ പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെതിരെയാണ് ബി.ജെ.പി വക്താവായ ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്. ജയ്ശ്രീറാം വിളികൾ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ അടൂരിന് ചന്ദ്രനിൽ പോകാമെന്നും, വേണ്ടി വന്നാൽ അടൂരിന്റെ വീടിന് മുന്നിലും ജയ്ശ്രീറാം വിളിക്കുമെന്നും കേന്ദ്രത്തിൽ നിന്നും ഒന്നും കിട്ടാത്തത് കൊണ്ടാണോ വിമർശനമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗോപാലകൃഷ്ണൻ ഭീഷണി മുഴക്കിയിരുന്നു.