ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 20 വർഷം മുൻപ് കാർഗിലിൽ വച്ച് നടന്ന യുദ്ധത്തെ 'യുദ്ധം' എന്നല്ല പാകിസ്ഥാൻ സൈന്യത്തിന്റെ ഔദ്യോഗിക രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കാർഗിൽ വാറിനെ സൂചിപ്പിക്കാൻ 'സംഘട്ടനം' എന്ന വാക്കാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ഇതിന് ഒരു കാരണമുണ്ട്. കാർഗിലിൽ തങ്ങൾ നുഴഞ്ഞു കയറിയതിനെ കുറിച്ച് പാകിസ്ഥാൻ പറഞ്ഞുപരതിയ കള്ളങ്ങളാണ് ഇങ്ങനെ യുദ്ധത്തെ അവർ വിശേഷിപ്പിക്കാനുള്ള കാരണം. തങ്ങളുടെ സൈനികർ ഒരിക്കലും നിയന്ത്രണ രേഖ മുറിച്ച് കടന്നിരുന്നില്ലെന്നും തീവ്രവാദികളും കൂലിപ്പട്ടാളക്കാരുമാണ് നിയന്ത്രണരേഖ മുറിച്ചുകടന്ന് കാർഗിൽ കൈവശപ്പെടുത്തിയതെന്നുമായിരുന്നു പാകിസ്ഥാനിൽ നിന്നും ഇന്ത്യയ്ക്ക് ലഭിച്ച ഔദ്യോഗിക വിവരം. ഇതനുസരിച്ച് പ്രവർത്തിച്ച ഇന്ത്യൻ സൈന്യം അധികം സൈനികബലം ഉപയോഗിക്കാതെയായിരുന്നു നുഴഞ്ഞുകയറ്റക്കാരെ നേരിട്ടത്. ഇത്തരത്തിൽ ഇവരെ നേരിട്ട ഇന്ത്യയുടെ നിരവധി ധീര ജവാൻമാരാണ് പാകിസ്ഥാൻ പട്ടാളത്തിന്റെ ക്രൂര പീഡനത്തിലൂടെ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ചത്.
1999ൽ കാർഗിൽ ജില്ലയിലെ ഇന്ത്യൻ അധീനതയിലുള്ള പ്രദേശങ്ങൾ പിടിച്ചടക്കിയ പാകിസ്ഥാൻ 'ഭീകര'രെ കണ്ടെത്താനും അവരെ തുരത്താനുമായി ഓപ്പറേഷൻ വിജയ് എന്ന പേരിൽ എത്തിയ ഇന്ത്യൻ സൈന്യം അമ്പരന്നുപോയി. തങ്ങൾ വിചാരിച്ചത് പോലെയല്ല കാര്യങ്ങൾ എന്ന് മനസിലാക്കാൻ ഇന്ത്യൻ സൈന്യത്തിന് അധിക സമയം വേണ്ടി വന്നില്ല. പത്തോ മുപ്പതോ തീവ്രവാദികളാണ് അതിക്രമിച്ചു കടന്നതെന്ന് കരുതിയ ഇന്ത്യൻ സൈന്യം ഇവിടെ കണ്ടത് പാകിസ്ഥാൻ പട്ടാളത്തിന്റെ നോർത്തേൺ ലൈറ്റ് ഇൻഫന്ററിയെയാണ്. പാകിസ്ഥാനി സൈനിക മേധാവിത്വത്തിന്റെയും ഭരണകൂടത്തിന്റെയും വ്യക്തമായ നിർദ്ദേശം ലഭിച്ചത് അനുസരിച്ചാണ് ഇവർ കാർഗിൽ പിടിച്ചടക്കാനെത്തിയത്.
കാർഗിലിലെ ദ്രസ്, കക്സർ, മുഷ്‌ക്കോ എന്നീ പ്രദേശങ്ങളാണ് പാകിസ്ഥാൻ കൈവശപ്പെടുത്തിയിരുന്നത്. തുടർന്ന് തയാറെടുപ്പുകൾ നടത്താതെ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാനെത്തിയ ഇന്ത്യൻ സൈന്യത്തിലെ ആറ് പേരെ പാകിസ്ഥാൻ പട്ടാളം അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു. സൗരഭ് കാലിയ, അർജുൻറാം ബസ്വാന, മുലാറാം ബിഡിയസാർ, ഭൻവാർ ലാൽ ഭഗാരിയ, ബിക്കാ റാം മുദ്ദ്, നരേഷ് സിംഗ് സിൻസിൻവാർ എന്നിവരായിരുന്നു ആ സൈനികർ. പഴുപ്പിച്ച ലോഹദണ്ഡുകൾ ശരീരത്തിൽ കുത്തിയിറക്കിയും, സ്വകാര്യ അവയവങ്ങൾ വെട്ടിമാറ്റിയും, കണ്ണുകൾ ചൂഴ്ന്നെടുത്തുമാണ് പാകിസ്ഥാൻ ഇവരെ കൊല ചെയ്തത്
തങ്ങളുടെ സൈനികരല്ല കാർഗിലിൽ അതിക്രമിച്ച് കടന്നതെന്ന നുണ വർഷങ്ങളോളമാണ് പാകിസ്ഥാൻ പ്രചരിപ്പിച്ചത്. എന്നാൽ സത്യം വെളിച്ചത്ത് കൊണ്ടുവരുന്ന രേഖകൾ ഇപ്പോൾ പാകിസ്താനിലും ഇന്ത്യയിലും ലഭ്യമാണ്. അപ്പോഴത്തെ സൈനിക മേധാവിയായിരുന്ന, മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി പർവേസ് മുഷറഫിന്റെ താത്പര്യപ്രകാരമാണ് കാർഗിൽ പിടിച്ചടക്കാൻ പാകിസ്ഥാൻ സൈന്യം ഇറങ്ങിത്തിരിച്ചത്. പൂർണമായും മുഷറഫിന്റെ നിയന്ത്രണത്തിലായിരുന്നു പാകിസ്ഥാന്റെ ഓപ്പറേഷൻ. 'കോ പൈമ' എന്നായിരുന്നു ഓപ്പറേഷന്റെ പേര്. അക്ഷരാർത്ഥത്തിൽ 'മല കയറ്റക്കാരൻ'. മുൻപ് പാകിസ്ഥാൻ സൈനിക മേധാവി ജഹാംഗീർ കാർമത്തിന്റെ തീരുമാനപ്രകാരം ഈ ഓപ്പറേഷൻ നടത്താൻ പാകിസ്ഥാൻ പട്ടാളം ആലോചിച്ചിരുന്നുവെങ്കിലും അപായസാധ്യത ഉണ്ടെന്ന് പറഞ്ഞ് ഭരണകൂടം ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നാവാസ് ഷെരീഫിന്റെ അനുമതി ഇല്ലാതെയാണ് കാർഗിൽ അധിനിവേശത്തിനുള്ള പദ്ധതികളുമായി മുഷറഫ് മുന്നോട്ട് നീങ്ങിയത്.
എന്നാൽ ഓപ്പറേഷൻ 'കോ പൈമ' ആരംഭിച്ച ശേഷം നവാസ് ഷെരീഫ് പലതവണ കാർഗിൽ സന്ദർശിച്ചിരുന്നു. അധിനിവേശം നടത്തിയ പക് സൈനികരെ തകർക്കാൻ ഇന്ത്യൻ സൈന്യത്തിനാവില്ല എന്ന ഉത്തമ ബോധ്യത്തോടെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി അവിടെ നിന്നും മടങ്ങിയത്. കാർഗിൽ യുദ്ധം അവസാനിച്ച ശേഷം 'കോ പൈമ' ഓപ്പറേഷനിൽ പ്രധാനമന്ത്രിയുടെ അനുമതി തേടാതിരുന്ന മുഷാറഫിനെ കോർട്ട് മാർഷ്യൽ ചെയ്യണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനെതുടർന്നാണ് തന്നെ തള്ളിപ്പറഞ്ഞ ഭരണകൂടത്തെ അട്ടിമറിയിലൂടെ മറിച്ചിട്ട് മുഷാറഫ് അധികാരം പിടിച്ചടക്കി പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.