ബംഗളൂരു: എച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് - ജെ.ഡി.എസ് സർക്കാർ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ കർണാടകയിൽ സർക്കാരുണ്ടാക്കാൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ച് ബി.ജെ.പി. വെള്ളിയാഴ്‌ച രാവിലെ പത്തിനാണ് മുതിർന്ന നേതാവ് ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സംഘം ഗവർണർ വാജുഭായ് വാലയെകണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചത്. ഇന്ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം ആറ് മണിക്ക് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ മേയിൽ 48 മണിക്കൂർ മുഖ്യമന്ത്രി കസേരയിൽ ഇരുന്നെങ്കിലും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെ രാജിവയ്‌ക്കേണ്ടി വന്ന യെദ്യൂരപ്പയുടെ മധുരപ്രതികാരം കൂടിയായിരിക്കും ഇത്.
വിമത കോൺഗ്രസ് എം. എൽ.എമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമന്തല്ലി, സ്വതന്ത്രൻ ആർ.ശങ്കർ എന്നിവർക്ക് സ്‌പീക്കർ രമേശ് കുമാർഅയോഗ്യത കൽപ്പിച്ചതിന് പിന്നാലെയാണ് സർക്കാരുണ്ടാക്കാൻ ബി.ജെ.പി തീരുമാനിച്ചത്. 15 വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കാത്തതിനാലാണ് സർക്കാരുണ്ടാക്കാൻ ബി. ജെ. പി അവകാശവാദം ഉന്നയിക്കാത്തതെന്നാണ് ഇന്നലെ വരെ പാർട്ടി വൃത്തങ്ങൾ വിശദീകരിച്ചിരുന്നത്. വിമതരെ അയോഗ്യരാക്കുന്ന നടപടികളിൽ തീർപ്പാകുന്നത് വരെ നിയമസഭ സസ്പെൻഡ് ചെയ്‌തു നിർത്തി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും, കൂടുതൽ അംഗബലം നേടിയശേഷം സർക്കാർ രൂപീകരിക്കാനുമാണ് ബി.ജെ.പിയുടെ നീക്കങ്ങളെന്നായിരുന്നു വിശദീകരണം. വിമതരുടെ രാജി സ്വീകരിക്കാനായാലും തള്ളാനായാലും സ്‌പീക്കർ കൂടുതൽ സമയം എടുക്കുകയാണെങ്കിൽ തങ്ങൾ സർക്കാരുണ്ടാക്കാൻ ശ്രമിക്കില്ലെന്നും ഗവർണർ വാജുഭായ് വാല രാഷ്ട്രപതിഭരണത്തിന് ശുപാർശ ചെയ്തേക്കാമെന്നും ഇന്നലെ വൈകുന്നേരവും ബി.ജെ.പി നേതാക്കൾ സൂചന നൽകിയിരുന്നു. എന്നാൽ ഇന്ന് അപ്രതീക്ഷിതമായി ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയായിരുന്നു.
അതേസമയം, രാജിസമർപ്പിച്ച വിമതരെ തിരിച്ചുകൊണ്ടുവന്ന് കർണാടകയിൽ വീണ്ടും അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കോൺഗ്രസ് അണിയറയിൽ കരുനീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജിസമർപ്പിച്ച മൂന്ന് എം.എൽ.എമാരെ മാത്രം സ്പീക്കർ അയോഗ്യരാക്കിയത്. വിശ്വാസ വോട്ടിൽ പങ്കെടുക്കാതെ മുംബയ് ആശുപത്രിയിൽ കഴിയുന്ന പാർട്ടി എം.എൽ.എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് കത്തു നൽകിയിട്ടുണ്ട്. നാല് പേർക്കെതിരെ നടപടിയെടുത്താൽ ബാക്കിയുള്ളവർ തിരിച്ചുവന്നേക്കുമെന്നാണ് കോൺഗ്രസും ദളും കരുതുന്നത്.