തിരുവനന്തപുരം: വനിതാ മതിലിന് ശേഷം രണ്ട് സ്ത്രീകൾ, പ്രത്യേകിച്ച് വിശ്വാസികളല്ലെന്ന് വിശ്വാസികൾ കരുതുന്ന സ്ത്രീകൾ ശബരിമലയിൽ കയറിയത് സർക്കാരിനും എൽ.ഡി.എഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്ന അഭിപ്രായങ്ങൾ ഗൃഹസന്ദർശനത്തിനിടെ ഉയർന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫിന് വോട്ടുചോർച്ചയുണ്ടായതിൽ ശബരിമല ഒരു ഘടകമാണെന്നും ശബരിമല കാരണമാണ് വോട്ട് മാറി ചെയ്തതെന്ന് ചില വീട്ടമ്മമാർ പറഞ്ഞെന്നും കോടിയേരി പറഞ്ഞു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
ശക്തമായ അതൃപ്തിയുണ്ടെങ്കിലും വോട്ട് എൽ.ഡി.എഫിന് തന്നെ ചെയ്തെന്നും പറഞ്ഞവരുമുണ്ട്. യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധി എൽ.ഡി.എഫ് സർക്കാരിന്റെ സൃഷ്ടിയല്ല. വിധി വന്നപ്പോൾ ബി.ജെ.പിയും കോൺഗ്രസും ഉൾപ്പടെയുള്ളവർ അനുകൂലിച്ചും പിന്നീട് അവർ മാറ്റം വരുത്തിയപ്പോൾ ഒരു രാഷ്ട്രീയ സമരമായി മാറുന്നുവെന്ന് കണക്കിലെടുത്ത് ഇടപെടാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ചിലർ കുറ്റപ്പെടുത്തിയെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിശ്വാസ സ്വാതന്ത്ര്യത്തിനും ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും എൽ.ഡി.എഫ് എതിരാണെന്ന തെറ്റിദ്ധാരണ വോട്ടുചോർത്തിയെന്ന് ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് ബോദ്ധ്യമായെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു. പാർട്ടിയും മുന്നണിയും പരിശോധിക്കേണ്ട ചില വിമർശനങ്ങൾ പരിശോധിക്കുകയും തുർനടപടി സ്വീകരിക്കുകയും ചെയ്യും. ആഗസ്റ്റിൽ ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി. വിവാദമായ പല വിഷയങ്ങളിലും പാർട്ടിയുടെ തിരുത്തലുണ്ടാവുമെന്ന സൂചനയാണ് കോടിയേരിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.