tiger

ലക്‌നൗ: അഞ്ച് വയസുള്ള കടുവയെ ഗ്രാമീണർ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ പിലിബിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിൽ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിൽ 31 പേർക്കെതിരെയും കണ്ടാലറിയാവുന്ന 12 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗ്രാമവാസിയെ അക്രമിച്ചതിനാലാണ് കടുവയെ നാട്ടുകാർ തല്ലിക്കൊന്നതെന്നാണ് സൂചന.

'കടുവയ്ക്ക് അഞ്ച് വയസ് പ്രായമുണ്ട്. ഗ്രാമവാസികൾ ദേവൂരിയ എന്ന സ്ഥലത്ത് വച്ചാണ് അതിനെ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കടുവയുടെ ജഡം ലഭിച്ചത്'-പിലിബിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിലെ ഫീൽഡ് ഡയറക്ടർ രാജാ മോഹൻ പറഞ്ഞു.

നാട്ടുകാരുടെ ആക്രമണത്തിൽ കടുവയുടെ കാലുകൾക്കും വാരിയെല്ലുകൾക്കും ശ്വാസകോശത്തിനുമൊക്കെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശരീരം മുഴുവൻ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിക്കീറിയ നിലയിലായിരുന്നു. പരിക്കേറ്റ കടുവ കാട്ടിലേക്ക് കടന്നിരുന്നു. ഇതിനെ കണ്ടെത്തി വൈദ്യപരിശോധന നൽകാൻ വനം വകുപ്പ് അധികൃതർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. തുടർന്ന് പിറ്റേദിവസം മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജഡം സംസ്‌കരിച്ചു.