തിരുപ്പതി: തെന്നിന്ത്യൻ മുൻ നായിക പ്രിയാരാമൻ ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം തിരുപ്പതി ദർശനത്തിനെത്തിയ പ്രിയാരാമൻ ബി.ജെ.പി നേതാവിനെ കണ്ടതോടെയാണ് പാർട്ടിയിൽ ചേരുന്നുവെന്ന വാർത്ത പുറത്തുവന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ് പ്രിയ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി വി. സത്യമൂർത്തിയെ നേരിൽ കണ്ട് പാർട്ടിയിൽ ചേരാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു.
ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും ഉടൻ തന്നെ പ്രധാനമന്ത്രിയെ കണ്ട് ഔദ്യോഗികമായി പാർട്ടി അംഗത്വം നേടുമെന്നും പ്രിയ പറയുന്നു. സ്ഥാനമാനങ്ങൾ മോഹിച്ചല്ല ബി.ജെ.പിയിലെത്തിയതെന്നും താരം കൂട്ടിച്ചേർത്തു. ചെന്നൈയിൽ താമസിക്കുന്നതിനാൽ പ്രവർത്തനമേഖല തമിഴ്‌നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബി.ജെ.പി നേതൃത്വമാണെന്നും പ്രിയാരാമൻ പ്രതികരിച്ചു. വിവാഹത്തത്തോടെ അഭിനയരംഗത്തു നിന്ന് ഇടവേളയെടുത്തിരുന്ന താരം മിനി സ്ക്രീൻ പരമ്പരകളിലൂടെ തിരിച്ചുവരവിന്റെ പാതയിലാണ്.
തമിഴ്നടൻ രഞ്ജിത്തുമായുള്ള വിവാഹ ബന്ധം 2014 ൽ പ്രിയാരാമൻ വേർപെടുത്തിയിരുന്നു. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ നേതാവും പിന്നീട് പി.എം.കെ വൈസ് പ്രസിഡന്റുമായിരുന്ന രഞ്ജിത്തിനോടൊപ്പം ഇടക്കാലത്ത് പൊതുപ്രവർത്തനങ്ങളിലും പ്രിയാരാമൻ ഇടപെട്ടിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.എം.കെ വിട്ട രഞ്ജിത്ത് ടി.ടി.വി ദിനകരന്റെ പാർട്ടിയായ എ.എം.എം.കെയിൽ ചേർന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രഞ്ജിത്ത് പാർട്ടി വിട്ടത്.