അടൂർഗോപാലകൃഷ്ണനെപ്പോലെ ലോകം ആദരിക്കുന്ന മഹാനായ ഒരു കലാകാരനോട് അന്യഗ്രഹത്തിലേക്ക് പോകാൻ ഒരു ആർ.എസ്.എസ് നേതാവിന് ആവശ്യപ്പെടാനാവുന്നവിധം ആണ് ഇന്നത്തെ ഇന്ത്യയിലെ അരക്ഷിതാവസ്ഥ.നിങ്ങൾ ആരായാലും ആർ.എസ്.എസുകാർക്ക് നിങ്ങളോട് എന്തും ചെയ്യാം.
ഇന്ത്യയിലാകെ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ സർക്കാർ ഇടപെടണം എന്ന മിതമായ ഒരു ആവശ്യം ഉന്നയിക്കുകയാണ് അടൂർ അടക്കമുള്ള എഴുത്തുകാരും കലാകാരൻമാരും ചെയ്തത്. അതിനോട് വലിയ അസഹിഷ്ണുതയോടെയാണ് ആർ.എസ്.എസുകാർ പ്രതികരിച്ചിരിക്കുന്നത്.നിരവധി കലാകാരൻമാർക്ക് നേരെ അവർ ഭീഷണി ഉയർത്തിയിരിക്കുന്നു.ശ്യാം ബെനഗൽ ,രാമചന്ദ്ര ഗുഹ,അപർണസെൻ,ശുഭ മുദ്ഗൽ,അഷീഷ് നന്ദി,മണിരത്നം,രേവതി തുടങ്ങി 49 പേർ ചേർന്നാണ് പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിൽ ഒരു തുറന്ന കത്തെഴുതിയത്.
എന്തെങ്കിലും കിട്ടാൻ വേണ്ടിയോ അല്ലെങ്കിൽ എന്തോ കിട്ടാഞ്ഞിട്ടോ ആണ് അടൂർ ഈ പ്രസ്താവനയിൽ ഒപ്പുവച്ചതെന്ന് പറയുന്ന ആർ.എസ്.എസ് നേതാവ് കലയേയും കലാകാരന്മാരെയും സ്വന്തം നിലവാരത്തിൽ മനസ്സിലാക്കുകയാണ്.രാഷ്ട്രീയ നിലപാടുകളെടുക്കുന്ന എഴുത്തുകാരെയും കലാകാരന്മാരെയും അധിക്ഷേപിക്കാൻ വലതുപക്ഷക്കാർ പലപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്.പുരസ്്കാരങ്ങൾക്കും സ്ഥാനമാനങ്ങൾക്കുമപ്പുറമാണ് കലയും സാഹിത്യവും എന്നു മനസ്സിലാകാത്തവരാണിവർ. ദേശീയ അന്തർദ്ദേശിയ അംഗീകാരങ്ങൾ കരസ്ഥമാക്കി സിനിമയിലൂടെ രാജ്യത്തിന് അഭിമാനം പകർന്ന കലാകാരനാണ് അടൂർ.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ കേരളത്തിലെ വക്താവിന്റെ ഈ അഭിപ്രായം പാർട്ടിയുടെ തന്നെ അഭിപ്രായമായിട്ടേ കാണാൻ കഴിയുകയുള്ളു. പാർട്ടി നേതൃത്വം ഈ വിഷയത്തിൽ പ്രതികരിക്കാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. കുറെക്കാലം മുമ്പ് എം.ടി.വാസുദേവൻനായർക്കു നേരെയും അധിഷേപത്തിന് തുനിഞ്ഞവരാണിവർ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ സമൂഹത്തിന്റെ ശക്തമായ പ്രതികരണം ഈ വിഷയത്തിൽ ഉയർന്നുവരണം. അടൂർ ഗോപാലകൃഷ്ണനും മറ്റു കലാകാരന്മാർക്കും എതിരെ ഉയരുന്ന അസഹിഷ്ണുതയോട് ശക്തമായി പ്രതിഷേധിക്കുന്നു.
(സി.പി.എം പി.ബി അംഗമാണ് ലേഖകൻ)