ജോലിയുടെ ഭാഗമായി പലർക്കും പലതരം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വരും. രക്തം കണ്ടാൽ തല കറങ്ങുന്ന ഡോക്ടർമാർ കുറച്ച് നാൾ കഴിയുമ്പോൾ പേടിയിൽ നിന്നും പുറത്ത് വരും, പ്രാണഭയമുള്ള പട്ടാളക്കാർ അതിനെ അതിജീവിച്ച് യുദ്ധക്കളത്തിലിറങ്ങും. അങ്ങനെയുള്ള ഒരു കഥയാണ് അമേരിക്കയിലെ ടെക്സസിലെ മിഷേൽ ലോൺസിന് പറയാനുള്ളത്. ടെക്സസിലെ ഡിപ്പാർട്ടമെന്റ് ഒഫ് ക്രിമിനൽ ജസ്റ്റിസിന്റെ വക്താവും മാദ്ധ്യമപ്രവർത്തകയുമായാണ് മിഷേൽ ജോലി ചെയ്യുന്നത്. തന്റെ ജോലിയുടെ ഭാഗമായി 18 വർഷത്തിനിടയ്ക്ക് 300ൽ കൂടുതൽ വധശിക്ഷകൾക്കാണ് മിഷേൽ ലോൺസ് സാക്ഷ്യം വഹിച്ചത്.
തന്റെ 22മത്തെ വയസിലാണ് ആദ്യമായി ഒരു വധശിക്ഷ മിഷേൽ നേരിട്ട് കാണുന്നത്. എന്നാൽ ആ കാഴ്ച മിഷേലിൽ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. രണ്ട് വൃദ്ധരെ തലയ്ക്കടിച്ച് കൊന്ന ഒരു കുറ്റവാളിയുടെ മരണമായിരുന്നു മിഷേൽ ആദ്യമായി കണ്ടത്. അതുകൊണ്ടുതന്നെ തനിക്ക് ഇക്കാര്യത്തിൽ കുറ്റബോധം തോന്നിയിട്ടില്ലെന്നും ന്യായത്തിന്റെ ഭാഗം മാത്രമാണ് താൻ ആ സമയത്ത് ചിന്തിച്ചതെന്നുമാണ് മിഷേൽ പറയുന്നത്. താൻ അന്ന് ചെറുപ്പമായിരുന്നുവെന്നും കറുപ്പിനെയും വെളുപ്പിനേയും കൃത്യമായി വേർതിരിച്ച് കാണാൻ മാത്രമേ തനിക്ക് ആ സമയത്ത് അറിയാമായിരുന്നുള്ളൂ എന്നും മിഷേൽ വ്യക്തമാക്കുന്നു.
'അതിൽ എനിക്ക് വിഷമം തോന്നിയിരുന്നെങ്കിൽ, ആ സമയത്ത് ഞാൻ കടന്നു പോയ വികാരങ്ങളെ കുറിച്ച് ചിന്തിക്കാൻ ഞാൻ എന്നെ അനുവദിച്ചിരുന്നെങ്കിൽ, എങ്ങനെയാണ് വീണ്ടും എനിക്ക് വർഷാവർഷം, മാസാമാസം ആ സ്ഥലത്തേക്ക് കടന്നു ചെല്ലാൻ സാധിക്കുക? അതെന്റെ ജോലി മാത്രമായിരുന്നു.' മിഷേൽ പറയുന്നു. വധശിക്ഷ നടത്തണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും, ചില കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ തന്നെയാണ് അനുയോജ്യമായ ശിക്ഷയെന്നും മിഷേൽ ലോൺസ് വിശ്വസിക്കുന്നു.തനിക്ക് മുൻപിൽ വച്ച് മരിച്ചവരുടെ പേരും മിഷേലിന്റെ മനസിലില്ല. എന്നാൽ ഒരു കുറ്റവാളിയെ മിഷേൽ പ്രത്യേകം ഓർമിക്കുന്നുണ്ട്. അയാൾ മരിക്കണമെന്ന് തന്നെയാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും മിഷേൽ വെളിപ്പെടുത്തുന്നു. വളർത്തുമകളെ കൊലപ്പെടുത്തിയ ഒരു മയക്കുമരുന്ന് കടത്തുകാരനെയാണ് മിഷേൽ ഈവിധം വെറുക്കുന്നത്.
17 വയസ് മാത്രമുള്ള ക്രിസ്റ്റീനെ അവളുടെ വളർത്തച്ഛൻ കാമറൂൺ ഫ്രേസിയർ കാറിന്റെ പിൻസീറ്റിൽ വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. ക്രിസ്റ്റീന്റെ സഹോദരിയുടെ കാമുകനാണ് കാർ ഓടിച്ചിരുന്നത്. മയക്കുമരുന്ന് വാങ്ങാനെത്തിയതായിരുന്നു ഇവർ. കാമറൂൺ മരിച്ചപ്പോൾ ആദ്യം ഞാൻ അത് വിശ്വസിച്ചില്ലെന്നും, വധശിക്ഷ കാണാനെത്തിയ ക്രിസ്റ്റീന്റെ സഹോദരി ഇക്കാര്യം ഫോണിലൂടെ വിളിച്ച് പറഞ്ഞപ്പോഴാണ് തനിക്ക് അയാൾ മരിച്ചുവെന്ന് ഉറപ്പായതെന്നും മിഷേൽ ഓർമിക്കുന്നു. മിഷേലിന്റെ 'ഡെത്ത് റോ: ദ ഫൈനൽ മിനിറ്റ്സ്' എന്ന ഓർമപുസ്തകത്തിൽ ഇക്കാര്യം വിവരിക്കുന്നുണ്ട്. അമേരിക്കയിൽ ടെക്സസിലാണ് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടക്കുന്നത്.