mg-hector

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കണക്‌ടിവിറ്റിയുള്ള കാറെന്ന വിശേഷണത്തോടെ രാജ്യത്തിറങ്ങുന്ന മോറിസ് ഗെറാഷസ് അഥവാ എം.ജി മോട്ടോഴ്‌സിന്റെ എം.ജി.ഹെക്‌ടർ വിപണിയിൽ വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. ബുക്കിംഗ് ആരംഭിച്ച് 22 ദിവസത്തിനകം 21,000 കാറുകളുടെ ബുക്കിംഗാണ് കമ്പനിക്ക് ലഭിച്ചത്. നിലവിൽ ഒരുമാസം 1000 കാറുകൾ മാത്രം പുറത്തിറക്കാനുള്ള ശേഷിയേ എം.ജിയുടെ ഇന്ത്യയിലെ ഫാക്‌ടറിക്കുള്ളൂ. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ബുക്കിംഗ് കൊടുത്തുതീർക്കാൻ തന്നെ മാസങ്ങൾ പിടിക്കുമെന്ന അവസ്ഥയെത്തി. ഇതോടെ വാഹനത്തിന്റെ ബുക്കിംഗ് താത്കാലികമായി നിറുത്തിയതായി കമ്പനിയിൽ നിന്നും അറിയിപ്പ് വന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ തന്നെ സ്വന്തമാക്കിയ വാഹനം നൂറ് കിലോമീറ്ററിൽ താഴെ മാത്രം ഓടിച്ച ശേഷം ഓൺലൈൻ വിൽപ്പന സൈറ്റായ ഒ.എൽ.എക്‌സിൽ വിൽപ്പനയ്‌ക്ക് വച്ചിരിക്കുകയാണ് ഒരു മലയാളി. അതും വാഹനത്തിന്റെ ഓൺറോഡ് വിലയേക്കാൾ മൂന്ന് ലക്ഷം രൂപ അധികം.

കൊച്ചി ഇടപ്പള്ളി സ്വദേശിയുടെ ഒ.എൽ.എക്സ് അക്കൗണ്ടിലാണ് ടെംപററി രജിസ്‌ട്രേഷൻ മാത്രം നടത്തിയ വണ്ടി വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്നത്. വാഹനത്തിന്റെ അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തേക്കാൾ മൂന്ന് ലക്ഷം രൂപ അധികം വേണമെന്നാണ് ആവശ്യം. വാഹനം ആരെങ്കിലും വാങ്ങിയോ എന്ന് വ്യക്തമല്ല. നിരവധിയാളുകൾ വാഹനം വാങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് വിളിക്കുന്നുണ്ടെന്ന് വാഹനത്തിന്റെ ഉടമ വ്യക്തമാക്കി.

മനോഹരവും വ്യത്യസ്‌തവുമാണ് ഹെക്‌ടറിന്റെ രൂപകല്‌പന. ഹെഡ്‌ലാമ്പിന്റെ സ്ഥാനത്ത്, തീരെക്കുഞ്ഞൻ എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ കാണാം. അവയ്ക്ക് നടുവിലായി, എം.ജി ലോഗോയോട് കൂടിയ, ക്രോം അതിരുകളുള്ള വലിയ ഗ്രിൽ. ഗ്രില്ലിന് ഇരുവശത്തുമായി താഴെയാണ് എൽ.ഇ.ഡി ഹെഡ്‌ലാമ്പിന്റെ സ്ഥാനം. അതിനും താഴെ ഫോഗ്‌ലാമ്പുകളും ഇടംപിടിച്ചിരിക്കുന്നു. ചുവപ്പ് പൂശിയ എൽ.ഇ.ഡി ടെയ്ൽലാമ്പുകളാണ് പിൻഭാഗത്തെ ആകർഷണം. പിന്നിൽ, ബമ്പറിന് കീഴെ സിൽവർ സ്കിഡ് പ്ളേറ്റ് കാണാം. അതും വീലും വീൽആർച്ചും തമ്മിലെ വലിയ ഗ്യാപ്പും പക്ഷേ, വാഹനത്തിന്റെ ഭംഗിയുമായി പൊരുത്തപ്പെടുന്നില്ല. 17-ഇഞ്ച് അലോയ് വീലുകളാണുള്ളത്. അകത്തളത്തിൽ, ആദ്യം നമ്മുടെ ശ്രദ്ധ പതിയുക 10.4 ഇഞ്ച് ടച്ച് സ്‌ക്രീനിലായിരിക്കും. സ്‌റ്റിയറിംഗ് വീലിലെ കൺട്രോൾ ബട്ടണുകൾ ഒഴിച്ചാൽ, ഹെ‌ക്‌ടർ പൂർണമായും ബട്ടൺ-ഫ്രീയാണ്.

ലെതർ സീറ്റുകൾ, നിലവാരമേറിയ മെറ്റീരിയലുകൾ, മികവുറ്റ എ.സി സംവിധാനം എന്നിവയാൽ പ്രീമിയം ഫീൽ സമ്മാനിക്കുന്നമുണ്ട് അകത്തളം. 4.6 മീറ്റർ നീളവും 2.7 മീറ്റർ വീൽബെയ്‌സുമായി ശ്രേണിയിലെ വലിയ വാഹനം തന്നെയാണ് ഹെക്‌ടർ. മികച്ച വീൽബെയ്‌സുള്ളതിനാൽ അകത്തളം വിശാലവുമാണ്. എമർജൻസി കോളിംഗ്, ഡ്രൈവർ അനലിറ്റിക്‌സ്, 5ജി റെഡി കണക്ഷൻ, വോയിസ് കമാൻഡ് എന്നീ സവിശേഷതകൾ നിറയുന്നതാണ് ഇൻഫോടെയ്‌ൻമെന്റ് സംവിധാനം. വശങ്ങളിലെ ചില്ലുകളോ സൺറൂഫോ തുറക്കാനും അടയ്‌ക്കാനും റേഡിയോ നിയന്ത്രിക്കാനുമെല്ലാം വോയിസ് കമാൻഡ് പ്രയോജനപ്പെടുത്താം.

1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എൻജിനുകളാണ് ഹെക്‌ടറിനുള്ളത്. ഇരു എൻജിനും 6-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷൻ നൽകിയിരിക്കുന്നു. പെട്രോൾ വേരിയന്റിന് ഓപ്‌ഷണലായി 7-സ്‌പീഡ് ഡ്യുവൽ ക്ളച്ച് ഗിയർ ബോക്‌സുമുണ്ട്. പെട്രോൾ മോഡൽ ലിറ്രറിന് 14.16 കിലോമീറ്ററും ഡ്യുവൽ ക്ളച്ച് വേരിയന്റ് 13.96 കിലോമീറ്ററും മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. 48 വോൾട്ട് ബാറ്ററിയോട് കൂടിയ ഹൈബ്രിഡ് പെട്രോൾ മോഡലും ഹെക്‌ടറിനുണ്ട്; 15.8 കിലോമീറ്റർ മൈലേജ് ഇത് അവകാശപ്പെടുന്നു. 17.41 കിലോമീറ്ററാണ് ഡീസൽ വേരിയന്റിന്റെ വാഗ്‌ദാനം.