reon-pocket

വീട്ടിലെ എ.സി പോകുന്ന എല്ലായിടത്തും കൊണ്ടുപോകാൻ സാധിച്ചിരുന്നുവെങ്കിൽ എന്ത് രസമായിരുന്നേനെ അല്ലേ? ഒരിക്കലും ചൂട് സഹിച്ച് ഇരിക്കേണ്ടി വരില്ല. മാത്രമല്ല, വിയർക്കാതെ, വസ്ത്രം കേടാകാതെ സമാധാനത്തോടെ ഇരിക്കുകയും ചെയ്യാം. ഇത് നടക്കാത്ത കാര്യമൊന്നുമല്ല. ഇത്തരത്തിൽ ഒരു എ.സിയുമായി ഉപഭോക്താക്കളെ കൈയിലെടുക്കാൻ രംഗത്തിറങ്ങുകയാണ് സോണി. റിയോൺ പോക്കറ്റ് എന്നാണു ഈ കുഞ്ഞൻ എയർ കണ്ടീഷണറിന് സോണി പേര് നൽകിയിരിക്കുന്നത്.

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള സോണിയുടെ പുതിയ പദ്ധതിയുടെ ചുവട് പിടിച്ചാണ് റിയോൺ പോക്കറ്റ് വിപണിയിലിറങ്ങിയത്. സോണിയുടെ സ്‍മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് ഈ എ.സിയിയെ ഇഷ്ടാനുസരണം ശരീരത്തെ തണുപ്പിക്കാനോ ചൂട് വർദ്ധിപ്പിക്കാനോ ഉപയോഗിക്കാം. ഈ എ.സി ഉപയോഗിക്കാൻ പ്രത്യേകമായി തയാറാക്കപ്പെട്ട ഒരു ടീ ഷർട്ടും സോണി നൽകുന്നുണ്ട്.

ടീ ഷർട്ടിന്റെ പിൻകഴുത്തിന്റെ ഭാഗത്തുള്ള ഒരു കീശയിൽ എ.സി നിക്ഷേപിച്ച ശേഷമാണ് ഇത് പ്രവർത്തിപ്പിക്കുക. താപനില ആപ്പ് ഉപയോഗിച്ച് നിയന്ത്രിക്കുകയും ചെയ്യാം. രണ്ട് മണിക്കൂർ ചാർജ് ചെയ്‌താൽ ഒന്നര മണിക്കൂർ വരെ റിയോൺ പോക്കറ്റ് പ്രവർത്തിപ്പിക്കാം. 130 ഡോളറാണ് ടീ ഷർട്ടും, കുഞ്ഞൻ എ.സിയും അടങ്ങിയിട്ടുള്ള ഈ 'കൂളിംഗ്' പാക്കേജിന്റെ വില. അതായത് ഏകദേശം 8,972 രൂപ. നിലവിൽ ജപ്പാനിൽ മാത്രമാണ് ഈ എ.സി പുറത്തിറക്കുന്നത്. ഈ പ്രോജക്റ്റ് വിജയമായാൽ മറ്റു രാജ്യങ്ങളിലേക്കും റിയോൺ പോക്കറ്റ് എത്തിക്കുമെന്ന് സോണി അറിയിച്ചിട്ടുണ്ട്.