വിചിത്രമായ ചില തമാശകൾ വരുംകാലത്തിന് വായിച്ചു ചിരിക്കാൻ മാത്രമായി ചരിത്രം ചിലപ്പോഴെങ്കിലും കരുതിവയ്ക്കും! അങ്ങനെയൊന്നായിരുന്നു അത്. ഹർക്കത്തുൾ മുജാഹിദീൻ ഭീകരർ റാഞ്ചിയെടുത്ത് അമൃത്സറിൽ ഇറക്കിയ വിമാനം അവിടെ തടഞ്ഞുവയ്ക്കാൻ ഇന്ത്യയ്ക്കു കഴിയാതിരുന്നതിനു കാരണം അതിലുണ്ടായിരുന്ന 176 യാത്രക്കാരിലൊരാൾ തന്നെ - ശശിഭൂഷൺ സിംഗ് തോമർ.
കാഠ്മണ്ഡുവിൽ നിന്നു പുറപ്പെടുന്ന ഒരു എയർ ഇന്ത്യ വിമാനം റാഞ്ചാൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചെന്ന് അറിയിച്ച ജൂനിയർ ഓഫീസർ യു.വി. സിംഗിനോട്, ഊഹാപോഹം പ്രചരിപ്പിച്ച് കുഴപ്പത്തിൽ ചാടേണ്ടെന്നു പറഞ്ഞ അതേ തോമർ. ഭീകരർ പദ്ധതിയിട്ട അതേ ദിവസം, അതേ ഫ്ളൈറ്റിൽ തനിക്ക് യാത്ര ചെയ്യേണ്ടിവരുമെന്ന് പാവം തോമർ എങ്ങനെയോർക്കാൻ! വ്യാജ പാസ്പോർട്ടുകളിൽ ആയുധങ്ങളുമായി ഐ.സി 814-ൽ കയറിപ്പറ്റിയ ഭീകരരാകട്ടെ, ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിലൊരാൾ വിമാനത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞുമില്ല! എങ്കിൽ, ആ നിമിഷം അവരുടെ തോക്കിൻമുനയിൽ തോമറുടെ ജീവൻ പിടഞ്ഞേനെ.
അമൃത്സർ എയർപോർട്ടിൽ നിന്ന് ഇന്ധനം നിറയ്ക്കാമെന്ന ഉദ്ദേശ്യവുമായി നാല്പതു മിനിട്ട് കാത്തുകിടന്ന ഐ.സി 814 അപകടം കൂടാതെ എങ്ങനെയെങ്കിലും ഇന്ത്യയ്ക്ക് പുറത്തു കടക്കട്ടെയെന്ന് തീരുമാനിച്ചയാൾ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സെക്രറട്ടറി നിഖിൽ കുമാർ സിംഗ്. പ്രധാനമന്ത്രിയെപ്പോലും അറിയിക്കാതെയുള്ള ആ തീരുമാനത്തിന് ഒരു കാരണമുണ്ടായിരുന്നു. നിഖിൽ കുമാറിന്റെ ഭാര്യയും മുൻ എം.പിയുമായ ശ്യാമ സിൻഹയുടെ അനുജത്തി സോണിയയുടെ ഭർത്താവാണ് തോമർ! ആ 'വലിയ മേൽവിലാസം" ചോദ്യം ചെയ്യാൻ ഇന്റലിജൻസ് മേധാവികൾക്കോ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗിനോ കഴിഞ്ഞില്ല. വിമാന റാഞ്ചികൾക്കെതിരെ ഒരു സൈനിക- നയതന്ത്ര നടപടിയും ആരും മിണ്ടിയില്ല. അങ്ങനെ, ഒരു ഭാര്യാസഹോദരീ ഭർത്താവിന്റെ കുടുംബ ബന്ധത്തിൽ കുരുങ്ങി ഇന്ത്യൻ നയതന്ത്രംം നാണംകെട്ടു.
അമൃത്സർ എയർപോർട്ടിൽ വച്ച് എന്തെങ്കിലും നടപടിയുണ്ടായാൽ ഭീകരർ ചാവേറുകളായി ബോംബ് സ്ഫോടനത്തിൽ വിമാനം തകർക്കുമോ എന്നായിരുന്നു എൻ.കെ. സിംഗിന്റെ പേടി. വിമാനത്തിലെ ബാക്കി 175 യാത്രക്കാരെ ഓർത്തല്ല, ബന്ധുവായ തോമറെ ഓർത്തായിരുന്നു അതെന്നു മാത്രം! ഡൽഹിയിൽ നിന്ന് നിർദ്ദേശമെത്തുന്നതും കാത്ത് പഞ്ചാബ് പൊലീസിന്റെ സായുധ സംഘം എയർപോർട്ടിൽ കാത്തുനിന്നത് വെറുതേ. വിമാനത്തിനടുത്തേക്കു ചെന്ന ഇന്ധന ടാങ്കർ ലോറിക്കു പിന്നിൽ ഇന്ത്യയുടെ ചതിയുണ്ടെന്നു തെറ്റിദ്ധരിച്ച റാഞ്ചികൾ, പൈലറ്റിന്റെ തലയ്ക്കു നേരെ തോക്കു ചൂണ്ടിപ്പിടിച്ചു: ഫ്ളൈ...! എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള അനുമതിയില്ലാതെ, ഇന്ധന ടാങ്കറിനു തൊട്ടു മുന്നിലൂടെ ഐ.സി 814 റൺവേയിലൂടെ കുതിച്ചുയർന്ന് ലാഹോറിലേക്ക് ചിറകുവിരിച്ചു.
വിദേശ യാത്ര കഴിഞ്ഞ് അന്നു രാത്രി ഏഴു മണിക്ക് ഡൽഹിയിൽ മടങ്ങിയെത്തും വരെ പ്രധാനമന്ത്രി എ.ബി. വാജ്പേയി ഇതൊന്നുമറിഞ്ഞതേയില്ല. പാലം എയർപോർട്ടിന്റെ ടെക്നിക്കൽ ഏരിയയിൽ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ കാത്തുനില്പുണ്ടായിരുന്നു. അവർ ശബ്ദംതാഴ്ത്തി പറഞ്ഞ മഹാരഹസ്യം കേട്ട്, സന്ധ്യയുടെ തണുപ്പിലും വിയർപ്പു പടർന്ന നെറ്റിയുമായി ഒരക്ഷരം മിണ്ടാതെ വാജ്പേയി കാറിലേക്ക് തലകുനിച്ചു കയറി. റാഞ്ചികൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ട് അപ്പോൾ ഒരു മണിക്കൂറും നാല്പതു മിനിട്ടും കഴിഞ്ഞിരുന്നു!
ദുബായ് വഴി വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിൽ ലാൻഡ് ചെയ്യുമ്പോൾ യാത്രക്കാരായി 144 പേരേ ശേഷിച്ചിരുന്നുള്ളൂ. 27 പേരെ ഭീകരർ നേരത്തേ ദുബായ് വിമാനത്താവളത്തിൽ മോചിപ്പിച്ചു. പിന്നെ, വിമാനത്തിൽ വച്ച് ഭീകരർ ക്രൂരമായി കുത്തി പരിക്കേല്പിച്ച രൂപൻ കട്യാൽ എന്ന യുവാവിനെയും. പക്ഷേ, അൽ മിൻഹാദ് എയർബേസിൽ നിന്ന് ഫ്ളൈറ്റ് കാണ്ഡഹാറിലേക്കു പുറപ്പെടുന്നതിനു മുമ്പ് കട്യാൽ മരിച്ചു.
വിമാനം കാണ്ഡഹാറിലിറങ്ങുമ്പോൾ ഭീകരരുമായി നടത്തേണ്ട മദ്ധ്യസ്ഥ ചർച്ചകളെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ഇന്ത്യ. ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് (സി.എം.ജി) യോഗം ചേർന്നത് ന്യൂഡൽഹി സഫ്ദർജംഗ് എയർപോർട്ടിലെ രാജീവ്ഗാന്ധി ഭവനിൽ. അന്ന് താലിബാന്റെ അധീനതയിലായിരുന്ന അഫ്ഗാനിസ്ഥാനുമായി ഇന്ത്യയ്ക്ക് നയതന്ത്രബന്ധങ്ങളില്ല. സൗദി അറേബ്യയെ മദ്ധ്യസ്ഥശ്രമങ്ങളിൽ ഉൾപ്പെടുത്താമെന്ന് ആരും പറഞ്ഞില്ല. ഭീകരർ കടുത്ത ഉപാധികൾ വച്ചാൽ രാജ്യതാത്പര്യം മറന്ന് അംഗീകരിക്കരുതെന്ന് യോഗത്തിൽ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി തറപ്പിച്ചു പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്രയുടെ തണുപ്പൻ മട്ടിൽ കുപിതനായി അദ്വാനി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
അദ്വാനി ഭയന്നതുതന്നെ സംഭവിച്ചു. റാഞ്ചികളുമായി കാണ്ഡഹാറിൽ വച്ച് ഒത്തുതീർപ്പു ചർച്ച നടത്തുക. ഉപാധികൾ എത്ര കടുത്തതായാലും അംഗീകരിക്കുകയല്ലാതെ തത്കാലം നിവൃത്തിയില്ല. ബ്രിജേഷ് മിശ്ര പറഞ്ഞതിന് പ്രധാനമന്ത്രി എ.ബി. വാജ്പേയി നിശ്ശബ്ദം തലകുലുക്കി സമ്മതം മൂളി! മദ്ധ്യസ്ഥ ദൗത്യസംഘത്തിന് ഐ.ബി സ്പെഷ്യൽ ഡയറക്ടർ അജിത് ദോവൽ മേധാവിയായി. മൂന്നു പേർ കൂടിയുണ്ടായിരുന്നു സംഘത്തിൽ.വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വിവേക് കട്ജു, റാ ഉദ്യോഗസ്ഥാരായ സി.ഡി സഹായ്, ആനന്ദ് അർണി.
കാണ്ഡഹാർ വിമാനത്താവളത്തിൽ, സായുധരായ താലിബാൻ ഭീകരർ ഐ.സി 814- ന് കവചം തീർത്തു നിന്നു. പാക് ഐ.എസ്.ഐക്കു വേണ്ടി സംസാരിച്ചത് താലിബാൻ ആയിരുന്നു. മദ്ധ്യസ്ഥ സംഘത്തിനു മുന്നിൽ ഇന്ത്യ തീരെ പ്രതീക്ഷിക്കാതിരുന്ന ആ ഉപാധി റാഞ്ചികൾ വെളിപ്പെടുത്തി. ഒരേയൊരു ഉപാധി. യാത്രക്കാരെയും വിമാന ജീവനക്കാരെയും കൊലപ്പെടുത്താതിരിക്കണമെങ്കിൽ ഇന്ത്യൻ തടവറകളിലുള്ള മൂന്ന് ഭീകരരെ കാണ്ഡഹാറിലെത്തിച്ച് കൈമാറുക!
ഒന്ന്: മൗലാനാ മസൂദ് അസർ
രണ്ട്: മൗലാനാ ഒമർ സയ്യിദ് ഷേഖ്
മൂന്ന്: മുഷ്താഖ് അഹമ്മദ് സർഗാർ
(ഇന്ത്യ മോചിപ്പിച്ച കൊടും ഭീകരൻ മസൂദ് അസറിനെ പുറത്തുകടത്താൻ പാകിസ്ഥാനിൽ വർഷങ്ങളായി നടന്ന ആസൂത്രണത്തിന്റെ കഥ നാളെ)