bjp

ഭോപ്പാൽ: കർണാടയ്ക്കു പിന്നാലെ മദ്ധ്യപ്രദേശ് സർക്കാരിനുനേരെയും ഭീഷണിയുമായി രംഗത്തെത്തിയ ബി.ജെ.പിക്ക് തിരിച്ചടി നൽകിയാണ് നിയമസഭയിൽ രണ്ട് ബി.ജെ.പി എം.എൽ.എമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തത് . ക്രിമിനൽ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ് ബി. ജെ.പി എം.എൽ.എമാരായ നാരായൺ ത്രിപാഠി,​ ശരദ് കോൾ എന്നിവർ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്. ഇവർ ഉടൻ തന്നെ കോൺഗ്രസിലേക്ക് ചേർന്നേക്കുമെന്നും സൂചന നൽകിയിരുന്നു. ഇപ്പോഴിതാ ഇവരെ കൂടാതെ ആറ് എം.എൽ.എമാർ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുമെന്ന നേതാക്കൾ വെളിപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത രണ്ട് എം.എൽ.എമാരെ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതികൾ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതിനിടെയാണ് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തി കോൺഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തൽ. ഇനി വരുന്ന ദിവസങ്ങളിൽ മദ്ധ്യപ്രദേശ് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് രാഷട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ആറ് ബി.ജെ.പി എം.എൽ.എമാർ കമൽനാഥ് സർക്കാരുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. രാവിലെ ആർ.എസ്.എസ് ശാഖകകളിൽ പങ്കെടുക്കുന്ന നേതാക്കളാണ് ഇവരിൽ പലരും, കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. ബുധനാഴ്ചത്തെ സഭയിലെ നീക്കം തന്നെ കൂടുതൽ ബി.ജെ.പി നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിന്റെ സൂചനയാണെന്ന് മന്ത്രി പി.സി ശർമ്മയും പ്രതികരിച്ചു.

സംസ്ഥാനത്തെ വികസനത്തിലാണ് കോൺഗ്രസ് ശ്രദ്ധ പതിപ്പിക്കുന്നത്. എന്നാൽ തങ്ങളെ ഭീഷണിപ്പെടുത്താനാണ് ബി.ജെ.പിയുടെ ഭാവമെങ്കിൽ മറുപണി നൽകാൻ കോൺഗ്രസും മടിക്കില്ലെന്ന് ശർമ്മ പറഞ്ഞു. ഇപ്പോൾ കണ്ടത് വെറും ട്രെയിലർ മാത്രമാണ്, മുഴുവൻ സിനിമ കാണാൻ ഇരിക്കുന്നതേയുള്ളൂവെന്നും ശർമ്മ വ്യക്തമാക്കി. അതേസമയം, കോൺഗ്രസ് പദ്ധതികളെ തടയുന്നതിനും പ്രതിരോധം തീർക്കുന്നതിനും ബി.ജെ.പി ക്യാമ്പുകളിൽ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മദ്ധ്യപ്രദേശിൽ നാല് ബി.ജെ.പി എം.എൽ.എമാർ കൂടി കോൺഗ്രസിലേക്കു പോകുമെന്ന് സ്വയംപ്രഖ്യപിത ആൾദൈവം കമ്പ്യൂട്ടർ ബാബ പ്രവചിച്ചിരുന്നു. നാല് ബി.ജെ.പി എം.എൽ.എമാർ എന്നോട് ബന്ധപ്പെടുന്നുണ്ട്. എപ്പോഴാണോ മുഖ്യമന്ത്രി കമൽനാഥ് ആവശ്യപ്പെടുന്നത് അപ്പോൾ ഞാൻ അവരെ എല്ലാവരുടെയും മുന്നിൽ കൊണ്ടുവന്ന് നിറുത്തും. നാല് എം.എൽ.എമാരാണ് ഞാനുമായി ബന്ധം പുലർത്തുന്നത്. സർക്കാരിൽ ഉൾപ്പെടുത്തുമെന്നാണ് അവരുടെ പ്രതീക്ഷ- കമ്പ്യൂട്ടർബാബ പറഞ്ഞിരുന്നു.