ദീപൻ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം പുതിയമുഖം തീയേറ്റുകളിലെത്തിയിട്ട് പത്ത് വർഷം കഴിഞ്ഞിരിക്കുന്നു. പൃഥ്വിരാജ് എന്ന നടനും 'പുതിയമുഖം' സമ്മാനിച്ച ചിത്രം തന്നെയാണ് ഇത്. സംഗീതജ്ഞനായ കൃഷ്ണകുമാർ എന്ന ചെറുപ്പക്കാരന്റെ ജീവിതം പറഞ്ഞ ചിത്രം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പിറവിയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് സിന്ധുരാജ്.
'ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ആലപ്പുഴ പോയപ്പോൾ ഒരു സുഹൃത്താണ് ചിത്രത്തിന്റെ ത്രഡ് പറഞ്ഞ് തന്നത്. പാരമ്പര്യമായി മാനസിക രോഗം വേട്ടയാടുന്ന കുടുംബത്തിൽ നിന്നുള്ള ഒരു യുവാവ് എഞ്ചിനിയറിംഗ് കോളേജിൽ ചേർന്നു. അവിടെ അയാൾക്ക് ലഭിച്ചത് ക്രൂരമായ റാഗിംങ്ങായിരുന്നു. ഇതിന്റെ ഫലമായി യുവാവിന്റെ മാനസികനിലയിൽ തകരാറ് സംഭവിച്ചു. പാരമ്പര്യ രോഗമാണ് ചെറുപ്പക്കാരനെന്നായിരുന്നു എല്ലാവരുടെയും വിശ്വാസം. അയാൾ അനുഭവിച്ച പീഡനങ്ങൾ ആരും വിശ്വസിച്ചില്ല. ഒടുവിൽ ആ യുവാവ് ആത്മഹത്യ ചെയ്തു'-സിന്ധുരാജ് പറഞ്ഞു.
വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോഴാണ് താൻ ഈ കാര്യം കേട്ടതെന്നും, ഉടൻ തന്നെ സംവിധായകൻ പത്മരാജിനെ ഫോണിൽ വിളിച്ച് കഥ പറഞ്ഞെന്നും അദ്ദേഹം പറയുന്നു. പത്മരാജാണ് ദീപന്റെ കാര്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം മുതലെ നായകനായി തന്റെ മനസിൽ പൃഥ്വിരാജായിരുന്നു ഉണ്ടായിരുന്നു. കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതോടെ ചിത്രത്തിന്റെ ഭാഗമായെന്നും സിന്ധുരാജ് പറഞ്ഞു. ചിത്രത്തിൽ രണ്ട് നായികമാരുണ്ടായിരുന്നു .ഇവരെ എങ്ങനെ കൊണ്ടുപോകുമെന്നത് ഏറെ ശ്രമകരമായി ജോലിയായിരുന്നു, എന്നാൽ ഞങ്ങൾ സ്വീകരിച്ച രീതി പ്രേക്ഷകർക്ക് ഇഷ്ടമായി ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
2009 ജൂലായിലാണ് ചിത്രം റിലീസായത്. മീരനന്ദനും,പ്രിയമണിയുമായിരുന്നു ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികമാരായി എത്തിയത്.