fatty-liver

ഇന്ന് വളരെ സാധാരണയായി കേൾക്കുന്ന ഒന്നാണ് ഫാറ്റി ലിവർ.കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. ആദ്യകാലങ്ങളിൽ അത്ര പ്രശ്‌നക്കാരനല്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുകയും മറ്റ് ശാരീരിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.ഫാറ്റി ലിവർ ഉള്ള എല്ലാ രോഗികളിലും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. എന്നാൽ ഫാറ്റി ലിവർ ഉണ്ടെന്ന് കണ്ടെത്തുന്ന കാലം മുതൽതന്നെ ശ്രദ്ധചെലുത്തിയില്ലെങ്കിൽ കരളിലെ കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും.

ഇത് പിൽക്കാലത്ത് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ഫാറ്റി ലിവർ ഉള്ളവരിൽ ആദ്യകാലങ്ങളിൽ പ്രത്യേക അസ്വസ്ഥതകളൊന്നും പ്രകടമാകണമെന്നില്ല. സ്വാഭാവികമായി കരളിൽ സംഭവിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ കരൾ തന്നെ സ്വയം പരിഹരിക്കാറുണ്ട്. അതിനാലാണ് ആദ്യകാലങ്ങളിൽ കാര്യമായ അസ്വസ്ഥത കാണിക്കാത്തത്.

ഫാറ്റിലിവറിനെരണ്ടായി തരം തിരിക്കാം.ഇതിൽപ്രധാനം മദ്യപാനംമൂലം ഉണ്ടാകുന്ന ഫാറ്റിലിവറാണ്. രണ്ടാമത്തേത് മദ്യപാനം മൂലമല്ലാത്തത്. ഈ ഒരു ചെറിയ തരം തിരിക്കലിൽ തന്നെ ഫാറ്റിലിവർ മദ്യപാനികളിൽ എത്ര കൂടുതലായി കാണാം എന്നു മനസിലാവും. ഇതിനെ ആൾക്കഹോളിക് ഫാറ്റിലിവർ എന്നും മദ്യപാനം മൂലമല്ലാതെ ഫാറ്റിലിവർ ഉള്ളവരിൽ നോൺ ആൾക്കഹോളിക് ഫാറ്റിലിവർ എന്നും പറയുന്നു.

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ജീവിതരീതികളും വ്യായാമം ഇല്ലായ്മയും ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മയുമാണ്.

വ്യായാമം ഇല്ലാതിരിക്കുന്നതും അമിതമായി ഭക്ഷണം കഴിക്കുന്നതും കരളിൽ അധികമായ അളവിൽ കൊഴുപ്പ് അടിയാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കൂടുതൽ ഉള്ളവരിലും ഫാറ്റിലിവർ കണ്ടുവരുന്നുണ്ട്.

ഇനി മദ്യം എങ്ങനെ നമ്മുടെ കരളിനെഅല്ലെങ്കിൽ കരളിന്റെ കോശങ്ങളെ കേടുവരുത്തുന്നു എന്നു നോക്കാം. മദ്യപിക്കുമ്പോൾ മദ്യത്തിലെ വിഷമയമായ രാസപദാർത്ഥങ്ങളെ വിഘടിപ്പിക്കുന്നത് കരളാണ്.അതിനാലാണ് മദ്യം കരളിനെ ഏറ്റവുമധികം ബാധിക്കുന്നത്. ഇതുമൂലം കരൾ നീർ കെട്ടി വീക്കം സംഭവിക്കുന്നു. ഇതേത്തുടർന്ന് കരളിന്റെ കോശങ്ങൾക്ക് കേടുവരുകയും ചെയ്യുന്നു. മദ്യപാനികളിൽ ലിവർ സിറോസിനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്.

അമിത വണ്ണമുള്ളവരിലുംഫാറ്റിലിവർ കൂടുതലായി കണ്ടുവരുന്നു. ഇത്തരക്കാർ പ്രമേഹ രോഗി കൂടിയാണെങ്കിൽ ഫാറ്റി ലിവർ വരാനുള്ള സാദ്ധ്യത പതിൻമടങ്ങാകും. കൂടുതലായി മദ്യപിക്കുന്നവർക്ക് ഉണ്ടാവുന്ന സംശയമാണ് മദ്യപിക്കുന്ന എല്ലാവരിലും ലിവർ സിറോസിസ് പിടിപെടുമോ എന്നത്. മദ്യപിക്കുന്ന എല്ലാവർക്കും ലിവർ സിറോസിസ് വരണമെന്നില്ല.

പക്ഷേ അവിടെ നാം മനസിലാക്കേണ്ടത് ലിവർ സിറോസിസ് എന്നത് കരളിൽ കൊഴുപ്പടിയുന്നതിന്റെ മൂന്നാമത്തെയും അവസാനത്തെയും അവസ്ഥ എന്നതാണ്. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് ഫാറ്റിലിവർ അഥവാ കരൾവീക്കം എന്നത്.

ഇതിന്റെ രണ്ടാം ഘട്ടത്തിനെ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നു. മൂന്നാമത്തേത് സിറോസിസ്. ലിവർ സിറോസിസ് എന്ന അവസ്ഥ കരളിനു സംഭവിച്ചുകഴിഞ്ഞാൽ ചികിത്സിച്ചു മാറ്റാൻ പറ്റില്ല. ഇതേത്തുടർന്ന് നിരവധി ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാവും. ഫാറ്റിലിവർ ഉള്ളവരിൽ ആമാശയത്തിന് ഉണ്ടാവുന്ന അസ്വസ്ഥതകൾ ഇടയ്ക്കിടെ ഉണ്ടാവുന്ന വയറുവേദന, ശാരീരിക ക്ഷീണം തുടങ്ങിയവ പ്രകടമാകാറുണ്ട്.