ന്യൂഡൽഹി: കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ചർച്ചയ്‌ക്കിടെ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ബി.ജെ.പി അംഗം രമാ ദേവിയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ. ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത പ്രവർത്തിയാണ് അസം ഖാനിൽ നിന്നുണ്ടായതെന്നും അദ്ദേഹത്തെ പാർലമെന്റിൽ നിന്നും പുറത്താക്കണമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് വനിതാ അംഗങ്ങളും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ വിഷയം പരിഗണിക്കാമെന്ന് സ്പീക്കർ ഓം ബിർല ഉറപ്പ് നൽകി. അസം ഖാൻ പാർലമെന്റിൽ പരസ്യമായി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ ശക്തമായ നടപടിയെടുക്കുെമന്നും സ്പീക്കർ അറിയിച്ചു. വിവിധ പാർട്ടി നേതാക്കന്മാരുമായി ആലോചിച്ച ശേഷമാണ് അസം ഖാനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അസം ഖാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങളിൽ നിന്നും ചിലർ എഴുന്നേൽക്കുന്നതും സഭയിൽ കണ്ടു. തന്റെ കണ്ണിൽ നോക്കി സംസാരിക്കണമെന്ന് പാർലമെന്റിന്റെ നടുമുറ്റത്ത് നിന്ന് ഒരു സ്ത്രീയോട് പറയാൻ ആർക്കും അവകാശമില്ല. അസം ഖാനെതിരെ ശക്തമായ നടപടി സ്പീക്കർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തൃണമൂൽ കോൺഗ്രസ് എം.പി മിമി ചക്രവർത്തി പറഞ്ഞു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന കേന്ദ്രസർക്കാർ ബില്ലിൽ കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ചർച്ചയ്‌ക്കിടെയാണ് അസം ഖാൻ മോശം പദപ്രയോഗം നടത്തിയത്. ഉടൻ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയ ഭരണപക്ഷ അംഗങ്ങൾ ഷെയിം, ഷെയിം എന്ന് വിളിച്ചുപറയുകയും ചെയ്‌തു. എന്നാൽ പിന്നാലെ തന്റെ പ്രസ്ഥാവനയിൽ വിശദീകരണവുമായി അസം ഖാൻ തന്നെ രംഗത്തെത്തി. രമാ ദേവി എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരിയാണ്. നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള താൻ സ്ത്രീകൾക്കെതിരെ മോശം പദപ്രയോഗങ്ങൾ ഒരിക്കലും നടത്തില്ല. താൻ പറഞ്ഞതിൽ മോശമായി എന്തെങ്കിലും ഉണ്ടെങ്കിൽ തന്റെ പാർലമെന്റ് അംഗത്വം രാജിവയ്‌ക്കാൻ തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ അസം ഖാനെതിരെയുള്ള ആരോപണങ്ങളെ മുൻകേന്ദ്രമന്ത്രി എം.ജെ.അക്‌ബറുമായി ബന്ധപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ന്യായീകരിക്കാനാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി ശ്രമിച്ചത്. കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാജിവച്ചയാളാണ് എം.ജെ.അക്‌ബർ. സംഭവം അന്വേഷിക്കാൻ രൂപീകരിച്ച പാർലമെന്റ് സമിതിയുടെ പ്രവർത്തനം എന്തായെന്നും ഒവൈസി ചോദിച്ചു.